Skip to main content

ഖദീജ ബിന്‍ത് ഖുവൈലിദ്(റ)

''വയസ്സ് 25 തികഞ്ഞില്ലേ. വിവാഹത്തിന് ഇനിയുമെന്താണ് തടസ്സം''- കച്ചവടം കഴിഞ്ഞ് സിറിയയില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദിനോട് നുഫൈസ ആരാഞ്ഞു. ''വിവാഹം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല''. മുഹമ്മദ് മറുപടി പറഞ്ഞു. ''സമ്പത്തുംസൗന്ദര്യവും ഐശ്വര്യവും കുലീനതയും ഒത്തിണങ്ങിയ ഒരു ബന്ധം ശരിപ്പെട്ടാല്‍ വിവാഹത്തിന് സമ്മതിക്കുമോ?'' നുഫൈസയുടെ ചോദ്യത്തിന് മുഹമ്മദിന്റെ മറുപടി മറു ചോദ്യമായിരുന്നു: ''ആരാണങ്ങനെയൊരു സ്ത്രീ?''. ''ഖദീജ'' - നുഫൈസയുടെപെട്ടെന്നുള്ള മറുപടി മുഹമ്മദിന് വിശ്വാസമായില്ല ''അവരതിന് സമ്മതിക്കുമോ?''. ''അക്കാര്യം എനിക്കു വിടുക'' നുഫൈസ മറ്റൊന്നും പറയാതെതിരിഞ്ഞു നടന്നു. മുഹമ്മദിന്റെ മനസ്സില്‍ ചെറുസന്തോഷം നാമ്പിട്ടു. ആലോചനക്കും നിശ്ചയത്തിനുമൊടുവില്‍ 25 കാരനായ മുഹമ്മദ് 40കാരിയായ ഖദീജയെ വിവാഹം ചെയ്തു; 20 പെണ്ണൊട്ടകം മഹ്‌റായി നല്കിക്കൊണ്ട്. (പന്ത്രണ്ടര ഊക്വിയ-500 ദിര്‍ഹം-ആണെന്നും അഭിപ്രായമുണ്ട്).

ഇസ്‌ലാമിക ചരിത്രത്തില്‍ ഖദീജ(റ)യുടെ പദവികള്‍ പലതാണ്. തിരുനബിയുടെ ആദ്യ ഭാര്യ, നബി(സ്വ)യില്‍ വിശ്വസിച്ച ആദ്യത്തെ വ്യക്തി. ഖുറൈശ് ഗോത്രത്തിലെബനൂ അസദ് വംശത്തില്‍ ഖുവൈലിദുബ്നു അസദിന്റെ മകളായി ക്രിസ്ത്വബ്ദം 556ല്‍ ജനനം. തിരുനബി യുടെ പത്‌നിപദത്തിലെത്തും മുമ്പ് മറ്റു രണ്ടുപേരെ ഭര്‍ത്താക്കന്‍മാരായി സ്വീകരിച്ചിരുന്നു ഖദീജ(റ). അബൂഹാലബ്നു സുറാറയെയും അതീഖുബ്നു ആബിദില്‍ മഖ്‌സൂമിയെയും. ഇവരില്‍ രണ്ട് ആണ്‍മക്കളുള്‍പ്പെടെ മൂന്നു മക്കള്‍ പിറന്നു.

കാലം കടന്നുപോയി. ഭര്‍ത്താവിനു പിറകെ പിതാവ് ഖുവൈലിദും യാത്രയായതോടെ ഖദീജ തനിച്ചായി. കച്ചവടം വഴി ലഭിച്ച വമ്പിച്ച സമ്പത്തും അവര്‍ക്കുണ്ടായിരുന്നു. അത് നോക്കി നടത്താന്‍ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതിനിടെയാണ് മക്കയിലെങ്ങും പരിചിതനായ 'അല്‍ അമീനെ' ക്കുറിച്ചറിയുന്നത്. സിറിയയിലേക്ക് കച്ചവടച്ചരക്കുമായി പോകാമോ എന്ന ഖദീജയുടെ അന്വേഷണം മുഹമ്മദ് സ്വീകരിച്ചു. മറ്റാരും നല്‍കാത്ത ലാഭവിഹിതവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. വന്‍ലാഭവു മായാണ് അദ്ദേഹം തിരിച്ചെത്തിയത്.

സന്തോഷവതിയായ ഖദീജക്ക് എല്ലാംകൊണ്ടും മുഹമ്മദിനെ ഇഷ്ടപ്പെട്ടു. ഇനിയൊരു വിവാഹം വേണ്ടെന്നുറച്ച് കഴിയുകയായിരുന്ന അവര്‍ തീരുമാനം മാറ്റി. മുഹമ്മദ് എന്ന യുവാവിനെ, വിശ്വസ്ത വ്യക്തിത്വത്തെ ജീവിത പങ്കാളിയായി ലഭിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് അവര്‍ ചിന്തിച്ചു. തന്റെ പ്രിയസ്‌നേഹിത നുഫൈസയുടെ മുമ്പില്‍ ഈ ആഗ്രഹം അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നുഫൈസ മുഹമ്മദിനെ സമിപിക്കുന്നതും ആലോചന നടത്തി വിവാഹം ഉറപ്പിക്കുന്നതും.

വിവാഹദിനം ഖദീജക്ക് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷദിവസമായിരുന്നു. നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പിയും, ദാനധര്‍മങ്ങള്‍ ചെയ്തും, വസ്ത്ര വിതരണം നടത്തിയും അവരത് കൊണ്ടാടി. തിരുനബിയെ മുലയൂട്ടി വളത്തിയ ഹലീമക്ക് മാത്രം 40 ആടുകളെ നല്കിയതായി ചരിത്രം പറയുന്നു.

അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അഹങ്കരിക്കാന്‍ എന്തൊക്കെ വേണമായിരുന്നോ, അതെല്ലാം  ഉണ്ടായിരുന്നെങ്കിലും, ഖദീജ പ്രവാചകന്റെ ഉത്തമ സഹധര്‍മിണിയായി കഴിഞ്ഞു കൂടി. അനാഥബാല്യത്തിനുടമയായിരുന്ന മുഹമ്മദിന് പ്രേമഭാജനമായ ജീവിതപങ്കാളി മാത്രമായിരുന്നില്ല അവര്‍. കരുണാമയിയായ മാതാവും, സ്‌നേഹാര്‍ദ്രയായ സഹോദരിയും, ത്യാഗ രൂപിണിയായ രക്ഷകര്‍ത്താവുമെല്ലാമായിരുന്നു. ഇക്കാര്യം ഒരിക്കല്‍ തിരുനബി പത്‌നി ആയിശയോട് തുറന്നുപറഞ്ഞിട്ടുമുണ്ട്. ''എനിക്ക് എല്ലാമായിരുന്നു ഖദീജ. എനിക്ക് മക്കളുണ്ടായതും അവരിലാണ്''.

പ്രവാചകത്വ ലബ്ധിക്കു ശേഷം നബി(സ്വ)ക്ക് ജീവിതം പരീക്ഷണങ്ങളുടെ തീച്ചൂളയായപ്പോള്‍ ആശ്വാസത്തിന്റെ തെളിനീരുമായി വീട്ടില്‍ കാത്തിരുന്നു, സത്യവിശ്വാസികളുടെ ആദ്യത്തെ ആ മാതാവ്. ഹിറാഗുഹയില്‍ നിന്ന് ജിബ്‌രീല്‍(അ) എന്ന മലഖിനെ കണ്ട് ഭ്രമിച്ച് ഓടിക്കിതച്ചെത്തിയ ദൂതര്‍ക്ക് പുതച്ചുകൊടുത്തു, ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. ഭര്‍ത്താവിനെ, അല്ലാഹു പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുകയാണ് എന്ന പിതൃവ്യപുത്രന്‍ വറഖത്തുബ്നു നൗഫലിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ഖദീജ അവിടുത്തെ പ്രവാചകത്വത്തില്‍ വിശ്വസിച്ചു.

രഹസ്യപ്രബോധനത്തിലും, തുടര്‍ന്ന് പരസ്യപ്രബോധനത്തിലും ഖദീജ ദൂതരുടെ സഹായിയായി. ഇബ്നു ഇസ്ഹാഖ്(റ) രേഖപ്പെടുത്തിയതുപോലെ, ഇസ്‌ലാമില്‍ ദൂതരുടെ, ആത്മാര്‍ഥതയുള്ള ഒരു മന്ത്രിയായിരുന്നു ഖദീജ(റ).

ഖുറൈശികളുടെ ബഹിഷ്‌ക്കരണത്തില്‍ മുസ്‌ലിംകള്‍ ശിഅ്ബു അബിത്വാലിബില്‍, ഭക്ഷണപാനീയ ങ്ങള്‍ ലഭിക്കാതെ ഇലയും മറ്റും തിന്ന് ജീവിക്കേണ്ട പ്രയാസഘട്ടമുണ്ടായി. വീട്ടിലെ സമൃദ്ധിയില്‍ കഴിയാമായിരുന്ന ഖദീജ(റ) തിരുമേനിയോടൊപ്പം കഷ്ടപ്പാടില്‍ ആ മലഞ്ചെരുവില്‍ തന്നെ ജീവിച്ചു. 65-ാം വയസ്സിലെ ആ ദുരിത ജിവിതം അവരെ അവശയാക്കി, അവര്‍ രോഗിണിയുമായി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞു. രോഗം ഭേദപ്പെട്ടില്ല. ക്രിസ്തുവര്‍ഷം 619ല്‍ തിരുനബിയെ(സ്വ) തനിച്ചാക്കി അവര്‍ വിടപറഞ്ഞു. പിതൃവ്യന്‍ അബൂത്വാലിബും, ഭാര്യ ഖദീജയും വിടപറഞ്ഞ വര്‍ഷത്തെ 'ദു:ഖവര്‍ഷം' എന്നാണ് നബി വിളിച്ചത്. ഹജൂനിലെ സ്മശാനത്തില്‍ ഖബറടക്കി.

ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ, ഉമ്മുകുല്‍സൂം, ഫാത്തിമ എന്നീ സന്താനങ്ങള്‍ ഖദീജയിലാണ് തിരുനബിക്ക് പിറന്നത്.

തിരുജീവിതത്തിലേക്ക് പിന്നെയും കന്യകയായ ആഇശ(റ)യുള്‍പ്പെടെയുള്ള ഭാര്യമാര്‍ വന്നെങ്കിലും ഖദീജ(റ), ദൂതരുടെ മനസ്സില്‍ അണയാത്ത ഓര്‍മയായി നിലനിന്നു. ''അല്ലാഹു സത്യം, ഖദീജയെക്കാള്‍ ഉത്തമമായത് എനിക്ക് അല്ലാഹു തന്നിട്ടില്ല''-ദൂതര്‍ ഒരിക്കല്‍ ഭാര്യമാരോട്  ഖദീജ(റ)യെക്കുറിച്ച് പറഞ്ഞു.

 

Feedback