Skip to main content

സുരക്ഷിതയായ സ്ത്രീ (8)

സ്ത്രീക്ക് പുരുഷന്റെ സംരക്ഷണം ആവശ്യമുണ്ടെന്നതിന് അവളുടെ മനസ്സും ശരീരവും തെളിവാണ്. കീഴ്‌പെടാനും സുരക്ഷതേടാനുമാണ് ആവളുടെ പ്രകൃതം ആവശ്യപ്പെടുന്നതെങ്കില്‍ കീഴ്‌പെടുത്താനും സുരക്ഷ ഒരുക്കാനുമാണ് പുരുഷ മനസ്സ് കൊതിക്കുന്നത്. പുരുഷന്‍ പ്രതിസന്ധികളെ നേരിടാന്‍ ആര്‍ജവം കാണിക്കുമ്പോള്‍ പ്രതിസന്ധികളില്‍ രക്ഷപ്പെടാനുള്ള അഭയസ്ഥാനമാണ് സ്ത്രീ തെരയുന്നത്. ഇത് പുരുഷമേധാവിത്വ സംസ്‌കാരം അവളെ അങ്ങനെ കീഴ്‌പെട്ടു വളരാന്‍ നിര്‍ബന്ധിച്ചതുകൊണ്ടല്ല. ഇതു പ്രകൃതിസംവിധാനമാണ്. ചില പുരുഷന്മാര്‍ സ്ത്രീ സ്വഭാവം കാണിക്കുന്നതോ ചില സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍   ഈ രംഗത്ത് മികവുകാണിക്കുന്നതോ ഇതിന് അപവാദമായുണ്ടാകാം. 

മനുഷ്യന്‍ എന്ന നിലയില്‍ സ്ത്രീക്ക് തുല്യപരിഗണന നല്കുന്ന ഇസ്‌ലാം അവളുടെ ജൈവിക വ്യതിരിക്തതകളെ തിരിച്ചറിയുന്നു. സ്‌നേഹം, നേര്‍ചിന്ത, ദീര്‍ഘദൃഷ്ടിക്കുറവ്, പ്രതിസന്ധികളില്‍ പെട്ടെന്നുള്ള പതര്‍ച്ച, തീരുമാനങ്ങളെടുക്കാനുള്ള താമസം, വിധേയത്വഭാവം മുതലായവ യുള്ളവളും കായികമായി ദുര്‍ബലയുമാണ് സ്ത്രീ. എന്നാല്‍ ഈ കാര്യങ്ങളില്‍ സ്ത്രീയെ അപേക്ഷിച്ച് ഏറെ മുന്നിലാണ് പുരുഷന്മാര്‍.   

ഈ സുരക്ഷയുടെ ഭാഗമായാണ് പുരുഷനെ ഇസ്‌ലാം കുടുംബ നേതൃത്വമേല്‍പിച്ചതും സ്ത്രീയുടെ രക്ഷാകര്‍ത്താവാക്കിയതും. ഇത് അവനില്‍ ചുമതലാ ബോധവും അവളുടെ സുരക്ഷാ ഉത്തരവാദിത്തവും ഉണ്ടാക്കുമെന്നതിനാല്‍ ചൂഷണം ചെയ്യാനുള്ള മനസ്ഥിതിയില്‍ നിന്ന് അവളെ  സംരക്ഷിക്കേണ്ട ബാധ്യതയിലേക്ക് അവനെ എത്തിക്കും.  

ആവശ്യമുള്ള സുരക്ഷയില്‍ ഏറ്റവും പ്രധാനമായതാണ് എല്ലാവിധ പീഡനങ്ങളില്‍ നിന്നുമുള്ള സുരക്ഷ. പീഡനങ്ങളില്‍ നിന്ന് അവളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ധര്‍മസമരമാണെന്നുണര്‍ത്തുന്ന ഖുര്‍ആന്‍ അത് നിര്‍വഹിക്കാത്തവരെ ശാസിക്കുന്നുണ്ട്(4:75). വിധവയുടെ പുനരധിവാസത്തിനായി പണിയെടുക്കുന്നവനെ ധര്‍മസമരയോദ്ധാവായി നബി(സ്വ) പരിചയപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണ് നല്ലവര്‍, പാലിക്കേണ്ട കരാറുകളില്‍ ഏറ്റവും പ്രധാനമാണ് വിവാഹത്തിലുണ്ടാക്കിയ കരാര്‍, സ്ത്രീയുടെ പ്രകൃതമറിഞ്ഞും വിട്ടുവീഴ്ച ചെയ്തും പെരുമാറണം, അവളുടെ ജീവിതച്ചെലവുകള്‍ വഹിക്കണം, ആനന്ദം നല്കണം, ആരാധനാ സ്വാതന്ത്ര്യം നല്കണം തുടങ്ങി ധാരാളം ഉപദേശങ്ങള്‍ നബി(സ്വ) പുരുഷ സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. അവള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ എല്ലാ അതിക്രമങ്ങളും ഇവ മുഖേനെ നിഷിദ്ധമാക്കപ്പെടുന്നു. 

എന്നാല്‍ സ്ത്രീസുരക്ഷ പുരുഷന്റെ മാത്രം ഭാഗത്തു നിന്ന് പൂര്‍ത്തിയാക്കുക സാധ്യമല്ല. അവള്‍ സ്വയം ചില നിയന്ത്രണങ്ങള്‍ പാലിക്കുമ്പോഴേ അത് നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. ഇതാണ് സ്ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായി ജീവിതത്തില്‍ ഇസ്‌ലാം ചില ചിട്ടകള്‍ നിര്‍ദേശിക്കാനുള്ള കാരണം. ഇത് അവളെ അസ്വതന്ത്രയാക്കുകയല്ല, അവള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യങ്ങള്‍ ചൂഷണം ചെയ്യപ്പെടാനും അതുവഴി അവള്‍ക്കുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാനുമാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്.


 

Feedback