Skip to main content

സൗന്ദര്യം

''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്''(33:33). വിശുദ്ധ ഖുര്‍ആനിലെ നിര്‍ദേശമാണിത്.

സ്ത്രീസൗന്ദര്യപ്രകടനത്തിന്റെ ലോകമാണിത്. പര്‍ദവിപണനത്തിനു പോലും അണിഞ്ഞൊരുങ്ങിയ മോഡലുകള്‍! കല, സാഹിത്യം പോലെ ആവിഷ്‌കാര രംഗങ്ങളും  പഠനം, തൊഴില്‍, ചികിത്സ തുടങ്ങിയ നിത്യനിര്‍ബന്ധ മേഖലകളുമെല്ലാം സ്ത്രീശരീര പ്രകടനമായിരിക്കുന്നു.   അല്ലാഹുവിന്റെ സഹായമില്ലെങ്കില്‍ തെറ്റിപ്പോകുന്ന സാഹചര്യത്തിന് കാരണമാകുന്നവര്‍ എത്ര വലിയ കുറ്റമായിരിക്കും ഏല്‌ക്കേണ്ടി വരിക.

ചികിത്സ, വൈരൂപ്യം മാറ്റല്‍ പോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പ്ലാസ്റ്റിക് സര്‍ജറിയും മറ്റും ചെയ്യുന്നതും ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും നിഷിദ്ധമാണ്. കൃത്രിമ മുടി വെക്കാന്‍ അനുമതി ചോദിച്ച വിവാഹിതയ്ക്ക് പോലും നബി(സ്വ) അതിനു സമ്മതം നല്കിയിട്ടില്ല. മുടിയില്ലായ്മയുടെ ന്യൂനത പരിഹരിക്കാന്‍ മുടിയല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് തെറ്റില്ലെന്ന് പണ്ഡിതന്മാര്‍ വിധി നല്കിയിട്ടുണ്ട്. പച്ച കുത്തുക, പുരികം വടിക്കുക, നേര്‍മയാക്കുക, പല്ല് മൂര്‍ച്ചകൂട്ടുക എന്നിവയെല്ലാം നബി(സ്വ) നിഷിദ്ധമാക്കിയതാണ്. ദുര്‍ഗന്ധം മാറ്റാനുള്ള നേരിയ രൂപത്തിലല്ലാതെ സുഗന്ധം ഉപയോഗിക്കുന്നതും സ്ത്രീക്ക് നിഷിദ്ധമാണ്. ഇതും ഇതിനോട് സാമ്യമുള്ളതുമായ കാര്യങ്ങളാണ് ഇന്നത്തെ ബ്യൂട്ടി പാര്‍ലര്‍ സംസ്‌കാരം. നിയന്ത്രണമില്ലാതെ സൗന്ദര്യം പ്രകടിപ്പിക്കാവുന്ന ഇത്തരം കാര്യങ്ങള്‍ എത്ര ലാഘവത്തോടെയാണ് ചെയ്യുന്നത്. നമസ്‌കാരക്കാരികള്‍ പോലും! ഭക്തരുടെ മനസ്സില്‍പോലും അശ്ലീലത പതപ്പിക്കുന്നവര്‍ ഇരട്ടി ശിക്ഷക്ക് കാത്തിരിക്കട്ടെ. വിവാഹപ്പെണ്ണിനെ കെട്ടുകാഴ്ചയ്ക്കായി ഒരുക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് രൂപയുടെ വച്ചുകെട്ടുകളിലൂടെയാണ്. അല്ലാഹുവിന്റെ പ്രകൃതിയെ മാറ്റുന്നവര്‍ക്ക് ഭൂമിയില്‍ തന്നെ ശിക്ഷ ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. എന്നാല്‍ പരലോകം അതീവ ദുഷ്‌കരമാകുമെന്ന് അല്ലാഹുവിന്റെ ദൂതര്‍(സ്വ) മുന്നറിയിപ്പു നല്കിയതാണ് വിശ്വാസികള്‍ ഭയപ്പെടേണ്ടത്.

ഇസ്‌ലാമിന്റെ വസ്ത്ര നിയമങ്ങളും സൗന്ദര്യ സങ്കല്പങ്ങളും പൂര്‍ണമായും പാലിച്ച മുസ്‌ലിം വനിതാ ലോകം പ്രവാചകന്‍(സ്വ)യുടെ കാലം മുതല്‍ വര്‍ത്തമാനലോകത്ത് വരെ സമൂഹത്തിലും കുടുംബത്തിലുമെല്ലാം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മഹത്തരമായ നിലയില്‍ നിര്‍വഹിച്ച് വിജയിച്ചിട്ടുണ്ട്. ഹിജാബും ശരീര നിയന്ത്രണങ്ങളുമൊന്നും അവള്‍ക്ക് ലഭിക്കേണ്ട കഴിവുകളോ അംഗീകാരങ്ങളോ ശേഷികളോ നഷ്ടപ്പെടുത്തിയിട്ടില്ല. ആരാലും ആക്രമിക്കപ്പെടാതെ സ്വത്വബോധത്തോടെ  സാഭിമാനം അവള്‍ നാണവും മാനവും സൂക്ഷിച്ച് യാത്ര തുടരുകയാണ്.  

Feedback