Skip to main content

മുസ്‌ലിംകളുടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ (3)

പുണ്യം പ്രതീക്ഷിച്ചുകൊണ്ട് യാത്ര പോവുക എന്നാണ് തീര്‍ഥാടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ മതങ്ങളിലും തീര്‍ഥാടനം ഉണ്ട്. മിക്ക മതങ്ങളിലും മഹാന്‍മാരുടെ ജന്‍മസ്ഥലമോ ശവകുടീരമോ ആയിരിക്കും തീര്‍ഥാടന കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങള്‍ക്ക് പുണ്യം കല്പിക്കപ്പെട്ടതായി സങ്കല്പിക്കുന്നു. അവര്‍ക്കെല്ലാം പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്. 

ഇസ്‌ലാമില്‍ പള്ളികള്‍ പുണ്യ സ്ഥലങ്ങളാണ്. നമസ്‌കാരവും ജുമുഅയും ഇഅ്തികാഫും പള്ളിയില്‍ നടത്തുന്നു. ലോകത്തുള്ള എല്ലാ പള്ളികള്‍ക്കും ഒരേ സ്ഥാനമാണ് കല്പിക്കപ്പെടുന്നത്; മൂന്നു പള്ളികള്‍ ഒഴികെ. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വാ എന്നിവയാണ് ആ പള്ളികള്‍. മക്കയും മദീനയും ഖുദുസും പുണ്യസ്ഥലങ്ങളാണ്. ആ കേന്ദ്രത്തില്‍ പ്രാര്‍ഥനയ്ക്ക് പ്രത്യേകം പുണ്യമുണ്ടെന്നതാണ് വസ്തുത. എന്നാല്‍ മക്കയിലും കഅ്ബയ്ക്കടുത്തും അല്ലാതെ ലോകത്ത് ഒരിടത്തും മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ കര്‍മങ്ങള്‍ ഒന്നും ചെയ്യാനില്ല. ഹജ്ജും ഉംറയും നിര്‍വഹിക്കേണ്ട പ്രദേശമാണ് മക്ക. അതിന്റെ കേന്ദ്രബിന്ദുവാണ് കഅ്ബ. ഇത്രയുമാണ് തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ നബി(സ്വ) പഠിപ്പിച്ചത്. കാലാതിവര്‍ത്തിയായ മതമെന്ന നിലയില്‍, പ്രവാചക വിയോഗത്തിനുശേഷം ഒരാചാരവും പുതുതായി ഉണ്ടാവാന്‍ പാടില്ല. 

വസ്തുത ഇതാണെങ്കിലും ഇന്ന് മുസ്‌ലിംകളുടെ പേരില്‍ അനേകം തീര്‍ഥാടന കേന്ദ്രങ്ങള്‍ അറിയപ്പെടുന്നുണ്ട്. അവയില്‍ അധികവും ഏതെങ്കിലും വ്യക്തികളുടെ ഖബറുകളാണ്. ശീആക്കളാണ് മഖ്ബറകള്‍ പുണ്യ കേന്ദ്രമാക്കിയതും അവിടങ്ങളിലേക്ക് പുണ്യയാത്ര (തീര്‍ഥാടനം) നടത്തി വന്നതും. ഇതിന്റെ സ്വാധീനത്താല്‍ ശീആക്കളല്ലാത്ത ചില മുസ്‌ലിംകളും പല മഹാന്‍മാരുടെയും ഖബ്‌റുകളിലേക്ക് സിയാറത്ത് എന്ന പേരില്‍ തീര്‍ഥാടനം നടത്തുന്നതായി കാണുന്നു. ഇത് മതത്തില്‍ പുതിയ ആചാരങ്ങള്‍ ഉണ്ടാക്കലാണ്; വലിയ കുറ്റമാണ്. 


 

Feedback