ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പില്‍വരുത്തിയിരുന്ന കാലഘട്ടങ്ങളില്‍ അത് സമൂഹത്തില്‍ നിന്ന് ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കിയിരുന്നുവെന്നത് ചരിത്രം.
ഖലീഫഃ ഉമറി(റ)ന്റെ ഭരണകാലത്ത് യമനിലെ ഗവര്‍ണറായിരുന്ന മുആദുബ്നു ജബല്‍(റ) യമനില്‍നിന്ന് ശേഖരിച്ച സകാത്ത് വിഭവങ്ങള്‍ അവിടെയുള്ള ദരിദ്രരായ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തശേഷം ആദ്യവര്‍ഷം ബാക്കിവന്ന മൂന്നിലൊന്നും രണ്ടാംവര്‍ഷം ബാക്കിവന്ന പകുതിയും മൂന്നാംവര്‍ഷം സകാത്ത് വാങ്ങാന്‍ അര്‍ഹരായ ഒരാള്‍പോലും അവിടെയില്ലാത്തതിനാല്‍ പിരിച്ചെടുത്ത മുഴുവന്‍ സകാത്ത് വിഭവങ്ങളും മദീനയിലേക്ക് കൊടുത്തയച്ച സംഭവം വളരെ പ്രസിദ്ധമാണ്. ഇത് സൂചിപ്പിക്കുന്നത് ഇസ്ലാം വിഭാവന ചെയ്യുന്ന രൂപത്തില്‍ സകാത്ത് ശേഖരിച്ചു വിതരണം ചെയ്താല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാവും എന്നതാണ്.
പ്രവാചകനും അദ്ദേഹത്തിന്‌ശേഷം സച്ചരിതരായ അവിടുത്തെ പിന്‍ഗാമികളും സകാത്ത് മുസ്‌ലിംകളില്‍ നിന്ന് ശേഖരിച്ചു പൊതുഖജനാവില്‍ (ബൈത്തുല്‍മാല്‍) സംഭരിച്ചു അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ കഴിയുന്ന മുസ്‌ലിംകള്‍ സകാത്ത് ഭരണകൂടത്തെ ഏല്പിക്കുകയും അവരതു സംഭരിച്ചു അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഇസ്‌ലാമിക ഭരണകൂടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സകാത്ത് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി മുസ്ലിംകള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ പ്രത്യകം സകാത്ത് സമിതികള്‍ രൂപവല്‍കരിക്കുകയും സകാത്ത് സംഭരിച്ചു വിതരണം ചെയ്യുകയും ചെയ്യേണ്ടതാണെന്നു ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെടുന്നു. വ്യവസ്ഥാപിതമായ രൂപത്തില്‍ നമസ്‌കാരം നിര്‍വഹിക്കാനാവശ്യമായ സംവിധാനവും വ്യവസ്ഥാപിതമായ രൂപത്തില്‍ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാനുള്ള സംവിധാനവും പ്രബോധന പ്രവര്‍ത്തനത്തിനുള്ള സംവിധാനവും ഉണ്ടാക്കേണ്ടത് ഇസ്ലാമിക ഭരണാധികാരികളുടെ പ്രഥമ ബാധ്യതകളായി ഖുര്‍ആന്‍ നമുക്ക് വിവരിച്ചുതരുന്നു. അല്ലാഹു പറയുന്നു: ''നാം അവര്‍ക്കു ഭൂമിയില്‍ അധികാരം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നന്‍മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും'' (അല്‍ഹജ്ജ് 41).
ഇസ്‌ലാമിക ഭരണകൂടങ്ങളില്ലാത്ത സ്ഥലങ്ങളില്‍ ദിനേനയുള്ള നമസ്‌കാരങ്ങള്‍ക്കും ജുമുഅ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട സംവിധാനങ്ങള്‍ ഓരോ പ്രദേശത്തെയും മുസ്‌ലിംകള്‍ ചെയ്യാറുണ്ട്. അതിലാര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ തന്നെ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുന്നതിനെക്കുറിച്ചു ചിലര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വിചിത്രമാണ്. ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തികള്‍ നേരിട്ട് തങ്ങളുടെ സകാത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത് എന്ന് ഒരു ന്യൂനപക്ഷം വാദിക്കുന്നു. എന്നാലിത് ഖുര്‍ആനിന്റെയും ഹദീസിന്റെയും അധ്യാപനങ്ങള്‍ക്കും പ്രവാചകന്റെ അനുചരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്.
ഇസ്‌ലാമിക ഭരണകൂടങ്ങള്‍ എന്നുപറയുന്നത് മുസ്‌ലിംകളാല്‍ തിരഞ്ഞെടുക്കപെടുന്ന വ്യക്തികളാണെങ്കില്‍, മുസ്‌ലിംകളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ തന്നെയാണ് സകാത്ത് സമിതിയുടെയും ഭാരവാഹികള്‍. ഇവരെ ഏല്‍പ്പിക്കുന്നതോടെ സകാത്ത് നല്‍കുന്നവരുടെ ബാധ്യത അവസാനിക്കുന്നതാണ്.
മുസ്‌ലിം രാഷ്ട്രങ്ങളില്‍ വഖഫ് മന്ത്രാലയങ്ങള്‍ ഉണ്ടായിട്ടുപോലും സകാത്ത് വളരെ വ്യവസ്ഥാപിതമായി ശേഖരിച്ചു വിതരണം ചെയ്യാനായി സകാത്ത് ഫണ്ടുകള്‍ എന്ന പേരില്‍ സ്വതന്ത്ര സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനുദാഹരങ്ങളാണ് കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍, യു,എ,ഇ, എന്നിവിടങ്ങളിലെ സകാത്ത് ഫണ്ടുകള്‍. എന്നിരിക്കെ ഇസ്ലാമിക ഭരണമോ മന്ത്രാലയങ്ങളോ ഇല്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം സകാത്ത് സമിതികള്‍ രൂപികരിച്ചു പ്രവര്‍ത്തിക്കേണ്ടത് വളരെയേറെ അത്യാവശ്യമാണ് എന്നത് സുവ്യക്തമാണ്.
ലോകത്തിന്റെ പലയിടങ്ങളിലും പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സകാത്ത് സംരംഭങ്ങളുണ്ട് അതിനു പുറമെ സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, മലേഷ്യന്‍ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ഇന്റനാഷ്നല്‍ സകാത്ത് ഓര്‍ഗനൈസേഷന്‍ എന്നീ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പല സകാത് സംരഭങ്ങളും ഇന്നുണ്ട്.