Skip to main content

അറബി ഭാഷ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ (1-8)

ഭാഷാ-സംസ്‌കാര വൈവിധ്യങ്ങളാല്‍ എക്കാലത്തും പ്രശസ്തമായ നാടാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറായിരുന്നു. കച്ചവട രംഗത്തെ അതികായരായിരുന്ന അറബികള്‍ മുഹമ്മദ് നബി(സ്വ) യുടെ ആഗമനത്തിനു മുമ്പു തന്നെ അവരുടെ ചരക്കുകള്‍ വിറ്റഴിക്കാനുള്ള വലിയൊരു വിപണന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കല്‍ പതിവാക്കി. കച്ചവട രംഗത്തെ ആശയ വിനിമയത്തിനു വേണ്ടി ഇന്ത്യക്കാരില്‍ പലരും അറബി ഭാഷ പഠിക്കുകയും ചെയ്തു.

എന്നാല്‍ അറബി ഭാഷ ഇന്ത്യയില്‍ വ്യാപിക്കുകയും ഭാഷ പഠിക്കുവാനുള്ള അവസരങ്ങള്‍ ഒരുങ്ങുകയും ചെയ്യുന്നത് ഇസ്‌ലാം മത പ്രചരണത്തിനു ശേഷമാണ്. എ.ഡി 712 ല്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് കീഴടക്കി ഇന്ത്യയില്‍ ഭരണത്തിന് തുടക്കം കുറിച്ചതോടെ അറബ് രാഷ്ട്രങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറി. അറബ് രാഷ്ട്രങ്ങളിലെ ഭരണരംഗത്തെ അസ്ഥിരത ഇതിന് ആക്കം കൂട്ടി. അറബി ഭാഷാ രംഗത്ത് ഇന്ത്യയില്‍ നിന്ന് പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് ജന്മം നല്കിയ ഫറന്‍കീ മഹല്‍, ജൂന്‍ഫൂരീ, ദഹ്‌ലവീ കുടുംബങ്ങളെല്ലാം അന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. 

ഇവര്‍ ഇന്ത്യയില്‍ മതപ്രബോധനത്തിലേര്‍പ്പെടുകയും മതപഠനത്തിനും അറബി ഭാഷാ പഠനത്തിനുമായി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിവിധ കാലങ്ങളിലായി ഇന്ത്യയുടെ ഭരണമേറ്റെടുത്ത മുസ്‌ലിം രാജാക്കന്മാര്‍ അകമഴിഞ്ഞ സഹായം നല്കിയതും അറബി ഭാഷയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനമുണ്ടാക്കി. 


 

Feedback