പ്രകൃതി എന്ന് വ്യവഹരിക്കപ്പെടുന്നത് എന്തിനെയാണ്? അല്ലാഹു നിശ്ചയിച്ച പ്രപഞ്ചവ്യവസ്ഥയാണ് പ്രകൃതി (ചമൗേൃല). ആകാശമണ്ഡലങ്ങളും നക്ഷത്രഗ്രഹാദികളുമടങ്ങിയ അനന്തമായ പ്രപഞ്ചത്തില്‍ ഭൂമി എന്ന ചെറുഗ്രഹത്തില്‍ മാത്രമാണ് അറിയപ്പെട്ടിടത്തോളം ജീവനും ജീവികളുമുള്ളത്.
ജീവന്‍ നിലനില്ക്കാനും വികാസം പ്രാപിക്കാനും പറ്റിയ പ്രകൃതിയാണ് അല്ലാഹു ഭൂമിക്കു നല്കിയിരിക്കുന്നത്. ജീവവായു(Oxygen)വും ജീവജലവുമുള്ളത് ഭൂമിയില്‍ മാത്രം. ദശലക്ഷക്കണക്കിന് ജന്തുജാലങ്ങള്‍ ഭൂമിയിലുണ്ട്. അതിസൂക്ഷ്മമായ ഏകകോശ ജീവികള്‍ മുതല്‍ ഭീമാകാരങ്ങളായ നീലത്തിമിംഗലങ്ങള്‍ വരെ ജന്തുവര്‍ഗത്തിലുണ്ട്. ഈ ജന്തുജാലങ്ങള്‍ക്കെല്ലാം ജീവിക്കാന്‍ പറ്റിയ തരത്തില്‍ ഭൂമിയെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു.
അത്യുന്നതങ്ങളായ പര്‍വത ശൃംഗങ്ങള്‍, അത്യഗാധമായ ആഴിയുടെ ഗര്‍ത്തങ്ങള്‍, വിശാലമായ സമുദ്രങ്ങള്‍, ദീര്‍ഘവും ഉന്നതവുമായ പച്ചപുതച്ച മലനിരകള്‍, സൂര്യപ്രകാശം പോലും ഏല്ക്കാത്ത നിബിഡ ഘോരവനാന്തരങ്ങള്‍, മനോഹരമായ മഞ്ഞുറഞ്ഞു കിടക്കുന്ന പര്‍വത നിരകള്‍, ചുട്ടുപൊള്ളുന്ന വിശാല മരുഭൂമികള്‍, കുത്തിയൊഴുകുന്ന വന്‍ നദികള്‍, കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന സമതലങ്ങള്‍… ഇത്ര വൈവിധ്യമാണ് ഭൂമിക്കു മുകളില്‍ നാം കാണുന്നത്. ഇതിനെല്ലാം ചൈതന്യം പകരുന്ന ജീവവായു ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം. ഈ ഘടനയാണ് ഭൂമിയെ വാസയോഗ്യമാക്കിയത്.
അതിശയകരമെന്നു പറയട്ടെ, മേല്‍പ്പറഞ്ഞ വൈവിധ്യമാര്‍ന്ന എല്ലാ സ്ഥലങ്ങളിലും അവിടേക്കനുയോജ്യമായ ജീവികള്‍ നിവസിക്കുന്നു. കരയില്‍, സമുദ്രത്തില്‍, ശുദ്ധജലത്തില്‍, കരയിലും വെള്ളത്തിലും, മണ്ണിനടിയില്‍ എല്ലാം ജീവികള്‍ നിവസിക്കുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്നതാണ് പരിസ്ഥിതി (Environment) പരിസ്ഥിതിയുടെ ഓരോ പരിതസ്ഥിതിയിലും ജീവിക്കാനായി ജന്തുക്കള്‍ക്ക് നല്കപ്പെട്ട അനുകൂലനങ്ങള്‍ വിസ്മയാവഹമാണ്.
വന്യജീവികള്‍, വൈവിധ്യമാര്‍ന്ന മത്‌സ്യങ്ങള്‍, ഹിമക്കരടി, മരൂഭൂനിവാസിയായ ഒട്ടകം, ആകാശപ്പറവകള്‍, ദേശാടനപ്പക്ഷികള്‍, ലോകത്തിന്റെ ഗതി നിര്‍ണയിക്കാവുന്ന സൂക്ഷ്മ ജീവികള്‍… ഇവയ്‌ക്കെല്ലാം പുറമെയാണ് മനുഷ്യനെന്ന വിശേഷ ബുദ്ധിയുള്ള ജീവി.
മറ്റെല്ലാ ജീവികള്‍ക്കും മേലെ അസ്തിത്വത്തിന്റെ സ്വാതന്ത്ര്യവും, പഠന മനന കഴിവുകളും ചിന്താശേഷിയും നല്കപ്പെട്ട പ്രത്യേക ഘടനയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. മനുഷ്യന്‍ തനിക്ക് ലഭിച്ച വിശേഷബുദ്ധി കൊണ്ട് ചിന്തിച്ചു മനസ്സിലാക്കി, തന്റെ ആര്‍ജിത അറിവുകള്‍ മൂലം പുരോഗതിയിലേക്കു നീങ്ങുന്നു. ജീവി വര്‍ഗങ്ങളാകട്ടെ അവയ്ക്ക് സ്രഷ്ടാവ് നല്കിയ ജന്‍മബോധം (Instinct) കൊണ്ട് ജീവിച്ചു പോകുന്നു. ഈ സംഗതികള്‍ പഠനവിധേയമാക്കിയാല്‍ വിവരിക്കാനാവാത്ത അദ്ഭുത ലോകത്താണ് നമ്മള്‍ എത്തിച്ചേരുക. അത്രമാത്രം അദ്ഭുതകരവും വിസ്മയാവഹവുമാണ് ജന്തുക്കളുടെ ജീവിതരീതി. ഈ വസ്തുതകള്‍ വിളിച്ചോതുന്ന ഏതാനും ജീവി വര്‍ഗങ്ങളുടെ (Species) ജീവിതചക്രം തുടര്‍ന്നുള്ള പേജുകളില്‍ വായിക്കാവുന്നതാണ്.
ജീവികളുടെ അദ്ഭുത ലോകത്തെ കാഴ്ചകള്‍ക്ക് 'എന്തുകൊണ്ട് അങ്ങനെ' എന്ന വിശദീകരണം നല്കുക അസാധ്യം. വിശുദ്ധ ഖുര്‍ആനിലെ ഒരു വചനം ശ്രദ്ധിച്ചു നോക്കാം, 'ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്കുകയും എന്നിട്ടതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനാണ് ഞങ്ങളുടെ രക്ഷിതാവ്' (20:50).
സൃഷ്ടി ജാലങ്ങളെപ്പറ്റി ചിന്തിക്കാനും പഠിക്കാനും ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ നിര്‍ദേശം കാണാം.