നമ്മുടെ ജീവിതശൈലി മാറിയതോടെ അസുഖങ്ങള്‍ വര്‍ധിക്കുകയും അതിനനുസരിച്ച് ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും നമ്മുടെ നാട്ടില്‍ കൂടുകയും ചെയ്തു. എന്നാല്‍ മഹത്തായ സേവനവും കാരുണ്യ പ്രവര്‍ത്തനവുമായി ആതുര ശ്രുശൂഷയെ കണ്ടിരുന്നതില്‍ നിന്നും മാറി ആരോഗ്യരംഗം ഇന്ന് തീര്‍ത്തും കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണ്. രോഗികളുടെ നിസ്സഹായാവസ്ഥയെയും അജ്ഞതയെയും ചൂഷണം ചെയ്ത് അനാവശ്യ ചികിത്സയും ടെസ്റ്റുകളും നടത്തി ആശുപത്രികള്‍ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലെന്ന പോലെ സര്‍ക്കാര്‍ മേഖലയിലടക്കം ഈ ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ചികില്‍സാ ചെലവ് ഇന്ത്യയിലെ ആറുകോടി മുപ്പത് ലക്ഷം ആളുകളെ ദരിദ്രരാക്കിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഈ രംഗത്തെ ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ചികിത്സാ രംഗത്ത് ആശുപത്രികള്‍ കേന്ദ്രീകരിച്ച നടക്കുന്ന തട്ടിപ്പുകളേക്കാള്‍ ഒരുപടി മുന്നിലാണ് ആത്മീയ ചികിത്സയുടെ പേരിലും അന്ധവിശ്വാസങ്ങളുടെ പേരിലും പ്രവാചക വൈദ്യത്തിന്റെ പേരിലും നടക്കുന്ന ചൂഷണങ്ങള്‍. ബീവിമാരും, തങ്ങള്‍മാരും, ജോത്സ്യന്മാരും ചെകുത്താന്റെയും ജിന്നിന്റെയും പ്രേതത്തിന്റെയെല്ലാം പേരു പറഞ്ഞ് ജനങ്ങളെ മാനസികമായി തളര്‍ത്തി സാമ്പത്തികമായി ചൂഷണം ചെയ്ത് വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയാണ്. നിരവധി അനുഭവങ്ങള്‍ നിത്യവാര്‍ത്തയായിട്ടു പോലും ജനങ്ങള്‍ ഉദ്ബുദ്ധരാവുന്നില്ല എന്നതാണ് ഇത്തരം തട്ടിപ്പുകള്‍ തുടരാന്‍ കാരണം.