Skip to main content

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ (3)

സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അര്‍ഥം. സുന്നത്ത് എന്നാല്‍ വിശുദ്ധ വേദഗ്രന്ഥത്തിന്റെ നിര്‍ദേശങ്ങള്‍. തന്റേതായ വിശദീകരണങ്ങളും കര്‍മങ്ങളും വഴി നബി(സ്വ) പകര്‍ത്തിക്കാണിച്ചു തന്ന പാതയായ നബിചര്യയാണ് ജമാഅത്ത് എന്നാല്‍ ഇവ രണ്ടിനെയും ജീവിതം കൊണ്ട് സാക്ഷാത്കരിച്ചവരുടെ സംഘവുമാണ്.
    
അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅ എന്നത് ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ കക്ഷിയുടെയോ പേരല്ല. അത് മുസ്‌ലിം സമൂഹത്തിന്റെ വിശേഷണമാണ്. അഹ്ലുസ്സുന്നയുടെ ചരിത്രം ഇസ്‌ലാമിന്റെ തന്നെ ചരിത്രമാണ്.

ഖുലഫാഉറാശിദുകള്‍ക്കു ശേഷം മുസ്‌ലിം സമൂഹത്തില്‍ നിരവധി ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ഇസ്‌ലാമിലെ വിശ്വാസകര്‍മാദികള്‍ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഓരോ ചിന്താധാരയും കക്ഷികളായി മാറി. പരസ്പര ആശയ സംവാദങ്ങള്‍ മാത്രമല്ല ആക്ഷേപങ്ങളും കിടമത്സരങ്ങളും നടന്നു. ചിലപ്പോഴെങ്കിലും പരസ്പരം സത്യനിഷേധം (കുഫ്ര്‍) ആരോപണം പോലും ഉണ്ടായി. കലുഷമായ ഈ സാഹചര്യത്തില്‍ ഒരു ചിന്താ പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കാതെ വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും മുറുകെപിടിച്ചു ജീവിക്കുക എന്ന അടിസ്ഥാന തത്ത്വംസ്വീകരിച്ചവര്‍ തങ്ങള്‍ സുന്നത്തിന്റെ ആള്‍ക്കാരാണെന്നും സച്ചരിതരായ മുന്‍ഗാമികളുടെ (സ്വഹാബത്തിന്റെ) മാര്‍ഗം അവലംബിക്കുന്നു എന്നും പ്രഖ്യാപിച്ചു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ വേറൊരു കക്ഷിയല്ല. ഒരു കക്ഷിയിലും ചേരാതിരിക്കുക എന്ന നിലപാടെടുത്തവരാണ് അവര്‍.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയും, നാലു ഖലീഫമാരും സ്വഹാബത്തും സച്ചരിതരാണെന്ന് അംഗീകരിക്കുകയും വിശ്വാസ (ഈമാന്‍) കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും ഇസ്ലാം കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.


 


 

Feedback