ഹനഫീ കര്‍മശാസ്ത്രധാര പിന്തുടരുന്ന, ഉത്തരേന്ത്യയിലെ ഒരു സുന്നി വിഭാഗമാണ് ബറേല്‍വികള്‍. വിശ്വാസ, ആചാര കാര്യങ്ങളില്‍ കേരളത്തിലെ സമസ്ത വിഭാഗങ്ങളോട് പൂര്‍ണസാമ്യമുണ്ട്. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ച അഹ്മദ് റസാഖാന്‍ (1856-1921) ആണ് സ്ഥാപകനേതാവ്. ബറേലി എന്ന സ്ഥല നാമത്തില്‍ നിന്നാണ് ബറേല്‍വികള്‍ എന്ന പേരില്‍ അറിയപ്പെട്ടത്.
ജീര്‍ണതകളില്‍ അകപ്പെട്ട്, ഇസ്‌ലാം അന്യമായ ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ സുന്നി സമൂഹത്തിന് വഴികാട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റസാഖാന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്പത്തി നേടി. ശാസ്ത്രങ്ങളും പഠിച്ചു. മക്കയിലും സുപരിചിതനായിരുന്ന റസാഖാനെ അഅ്‌ലാ ഹസ്രത്ത് ഇമാം എന്നാണ് പ്രദേശത്തുള്ളവര്‍ വിളിച്ചിരുന്നത്. പത്തൊമ്പതാം ശതകത്തില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകളെ ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിച്ച സര്‍സയ്യിദ് അഹ്മദ്ഖാന്റെ സമകാലികനാണ് മതവിജ്ഞാന പ്രചാരകനായ റസാഖാന്‍. അഹ്‌ലേ ഹദീസ്, തബ്‌ലീഗെ ജമാഅത്ത് പ്രസ്ഥാനങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട് ഇദ്ദേഹം. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലത്ത് സഹകരിച്ചിരുന്നു. ബറേലിയിലെ റസാഖാന്റെ മഖ്ബറ ബറേല്‍വികള്‍ വിശുദ്ധ കേന്ദ്രമായാണ് ഗണിച്ചു വരുന്നത്.