Skip to main content

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941) (3)

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശ. ബ്രീട്ടീഷ് രാജിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ വലതു കൈ പിടിച്ച് ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ മണ്ണില്‍ സമര കാഹളം മുഴക്കിയ കാലം. എന്നാല്‍ ലോക മഹായുദ്ധത്തോടെ ഖിലാഫത്ത് തകര്‍ന്നു. അതോടെ ഇന്ത്യന്‍ മുസ്‌ലിംകളും നിരാശരായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരന്ന് തങ്ങള്‍ക്കെതിരെ പോരാടിയ മുസ്‌ലിംകളോട് കോളനി വാഴ്ചക്കാര്‍ പ്രതികാരത്തിന് ഒരുങ്ങി. ഹൈന്ദവരാകട്ടെ, ബ്രിട്ടീഷുകാരുടെ പക്ഷത്തും ചേര്‍ന്നു. ഇംഗ്ലീഷുകാരന്റെ കുടില ബുദ്ധിയില്‍ ഉത്തരേന്ത്യയില്‍ വളര്‍ന്നത് ഹിന്ദു-മുസ്‌ലിം ഭിന്നതയായിരുന്നു.

ഇന്ത്യയിലെ മുസ്‌ലിം ജീവിതം അതീവ ദുസ്സഹമായിരിക്കുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്ത ചിലര്‍ ഇക്കാലത്ത് അഫ്ഗാനിലേക്ക് പലായനം നടത്തുക പോലുമുണ്ടായി. അത്രക്കും ദുസ്സഹമായിരുന്നു അവസ്ഥ. ഈ വേദനാജനകമായ സാഹചര്യങ്ങള്‍ അപ്പടി നെഞ്ചില്‍ പകര്‍ത്തി വെച്ച ഒരാളായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദിന്റെ മുഖപത്രമായ 'അല്‍ജംഇയ്യ' യുടെ പത്രാധിപരും മുര്‍ച്ചയുള്ള തൂലികയുടെ ഉടമയുമായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. മൗദൂദി അന്ന് 'ജംഇയ്യത്തില്‍' എഴുതിയിരുന്ന ലേഖനങ്ങള്‍ അക്കാലത്തെ ഇന്ത്യന്‍ മുസ്‌ലിമിന്റെ മനസ്സിന്റെ ദര്‍പ്പണമായിരുന്നു.

മുസ്‌ലിംകളുടെ അവസ്ഥ മനസ്സിലാക്കാനും പരിഹാരം കാണാനും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനോ മുസ്‌ലിം ലീഗിനോ കഴിയുന്നില്ലെന്ന് മൗദൂദി നിരീക്ഷിക്കുകയായിരുന്നു. ഇത്തരമൊരവസ്ഥയില്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ പോലും അത് മുസ്‌ലിംഗതിയെ മാറ്റില്ലെന്ന നിഗമനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇസ്‌ലാമിനെ ഒരു ആദര്‍ശ വ്യവസ്ഥയായി അവതരിപ്പിക്കുക, അതിലേക്ക് രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ക്ഷണിക്കുക, ഹൈന്ദവ ഭൂരിപക്ഷ വര്‍ഗീയതക്കും മുസ്‌ലിം ന്യൂനപക്ഷ വര്‍ഗീയതക്കുമിടയില്‍ ഇസ്‌ലാം എന്ന ദൈവിക ദര്‍ശനത്തെ പ്രായോഗിക ഭരണ വ്യവസ്ഥയായി അവതരിപ്പിക്കുക-ഇതായിരുന്നു അബുല്‍ അഅ്‌ലയുടെ വീക്ഷണം.

'തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ'യും 'ജംഇയ്യത്തിലൂ'ടെയും പങ്കുവെച്ച ഈ ആശയം മഹാകവി ഇഖ്ബാലിനെപ്പോലെ പലരെയും ആകര്‍ഷിച്ചു. അവര്‍ ഒത്തുചേര്‍ന്നു. അങ്ങനെ 1941 ആഗസ്ത് 26ന് ലാഹോറിലെ തര്‍ജൗമാള്‍ ഓഫീസില്‍ ഒരു പുതിയ പ്രസ്ഥാനമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിറന്നു. 

അബൂല്‍ അഅ്‌ലാ മൗദൂദി ആദ്യ അമീറുമായി. പഞ്ചാബിലെ പത്താന്‍കോട്ടയിരുന്നു സംഘടനാ ആസ്ഥാനം.


 

Feedback