മുഗള്‍ ഭരണത്തിന്റെ പെരുമയില്‍ നിന്ന്, ഉത്തരേന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയിലേക്ക് എടുത്തെറിയപ്പെട്ട പത്തൊമ്പതാം ശതകം. മുസ്‌ലിം സമുദായത്തെ ദാരിദ്ര്യം അതിദയനീയമായ വിധത്തില്‍ പിടികൂടിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് ഭരണം അതിന് ആക്കം കൂട്ടി. വിശ്വാസ രംഗത്താവട്ടെ, കൂടുതല്‍ പരിതാപകരമായിരുന്നു സ്ഥിതി. ക്രൈസ്തവതയും ആര്യസമാജവും മുസ്‌ലിംകളെ ലക്ഷ്യമാക്കി തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് അക്ഷീണം രംഗത്തുണ്ടായിരുന്നു. അതിനിടെ അഹ്്മദിയ്യാക്കള്‍, മിര്‍സായുടെ പ്രവാചകത്വ വാദവുമായും രംഗത്തിറങ്ങി. ഖബറിടങ്ങളിലും നേര്‍ച്ചകളിലും മാത്രം സായൂജ്യമടഞ്ഞിരുന്ന മുസ്‌ലിംകളെ അതിലുറപ്പിച്ചു നിര്‍ത്താന്‍ ബറേല്‍വികളും രംഗം കൈയടക്കി.
ഖുര്‍ആനും നബിചര്യയും പിന്‍പറ്റണമെന്നും ഏകദൈവ വിശ്വാസം നേരാംവണ്ണം സ്വീകരിക്കണമെന്നുള്ള ആഹ്വാനം ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. പതിനെട്ടാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ് ഷാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പിന്‍മുറക്കാരായിരുന്നു അവര്‍. ഇവര്‍ തുടങ്ങിവെച്ച 'വഹ്ഹാബി പ്രസ്ഥാനം' പിന്നീട് നിലച്ചുപോയെങ്കിലും അതിന്റെ സന്തതികളായിരുന്നു, മൗലാനാ അബുല്‍കലാം ആസാദും, സര്‍ സയ്യിദ് അഹ്മദ്ഖാനുമെല്ലാം. ഇതിനിടയിലാണ് സയ്യിദ് സനാഉല്ലാ അമൃതസരി (1868-1948) രംഗത്തെത്തുന്നത്. അമൃതസറിലും ദയൂബന്ദിലും പഠിച്ച് ഇസ്‌ലാമിക വിജഞാനീയങ്ങളില്‍ അവഗാഹം നേടിയ സനാഉല്ല ഖാദിയാനികളെയും ആര്യസമാജക്കാരെയും ഒപ്പം ബറേല്‍വികളെയും തനിച്ച് നേരിട്ടു. ഇസ്‌ലാമിന്റെ തനത് മുഖം ഉത്തരേന്ത്യക്കാര്‍ക്ക് അനാവരണം ചെയ്തു കൊടുത്ത സനാഉല്ലയുടെ പ്രബോധനം കുറേ പേരുടെ കണ്ണുതുറപ്പിച്ചു. 'അഹ്‌ലേ ഹദീസ്' എന്ന വാരിക തുടങ്ങിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും പുറത്തിറക്കി.
ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1906 ഡിസംബര്‍ 22ന് ബീഹാറിലെ മദ്‌റസത്തുല്‍ അഹ്മദിയ്യയില്‍ വെച്ച് ജംഇയ്യത്ത് അഹ്‌ലേ ഹദീസ്, ഹിന്ദ് രൂപീകൃതമാകുന്നത്. അല്ലാമ അബ്ദുല്ല ഗാസീപുരി അധ്യക്ഷനും, സനാഉല്ല അമൃതസരി ജനറല്‍ സെക്രട്ടറിയുമായി.