വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനാ രൂപമാണ് സുജൂദ്. ഇത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ. ഏറെ പുണ്യം ലഭിക്കുന്നതും ഒരു അടിമ തന്റെ യജമാനനായ അല്ലാഹുവിനോട് ഏറ്റവുമേറെ അടുക്കുന്നതുമായ സന്ദര്‍ഭമായ സുജൂദിന്റെ പ്രധാന ഇടം നമസ്‌കാരമാണ്. എങ്കിലും വേറെയും ഘട്ടങ്ങളില്‍ ഇസ്‌ലാം ചില സുജൂദുകള്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ സുജൂദ് നിര്‍വഹിക്കാന്‍ നബി(സ്വ) മാതൃക കാണിച്ച സന്ദര്‍ഭങ്ങളാണ് നമസ്‌കാരത്തിലെ മറവി, മഹത്തായ ദൈവിക അനുഗ്രഹങ്ങള്‍ ലഭിക്കുക, വിശുദ്ധ ഖുര്‍ആന്‍ പാരായണ വേള എന്നിവ. ഇവ യഥാക്രമം സഹ്‌വിന്റെ സുജൂദ്, ശുക്‌റിന്റെ സുജൂദ്, തിലാവത്തിന്റെ സുജൂദ് എന്നിങ്ങനെ അറിയപ്പെടുന്നു.