ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നത് പല കാലങ്ങളിലാണ്; പല വഴിക്ക്. തെക്കേ ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ പശ്ചിമതീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അറബികളായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത്. പ്രവാചകന്റെ കാലത്തിനു ശേഷം ഏറെ വൈകാതെ തന്നെ കേരളത്തില്‍ ഇസ്‌ലാം മതം എത്തിയിട്ടുണ്ട് എന്നാണ് പ്രബല വീക്ഷണം.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നത് സിന്ധ് താഴ്‌വരയിലൂടെയാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഒരു പ്രധാന ഘടകമാണ്. വടക്കുഭാഗത്ത് നീണ്ടുകിടക്കുന്ന ഹിമാലയപര്‍വ്വത നിരകളാണ്. വടക്കുപടിഞ്ഞാറ് സിന്ധുനദീതടങ്ങളിലൂടെയാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്കും ഇന്ത്യയിലേക്കും കരമാര്‍ഗ്ഗം എത്തിച്ചേരാനുള്ള മാര്‍ഗം. അറേബ്യയില്‍ ഉടലെടുത്ത ഇസ്‌ലാം മതവും ഇതുവഴിയാണ് ഇന്ത്യയിലേ ക്കെത്തിച്ചേര്‍ന്നത്.
അമവിഅബ്ബാസി ഭരണകാലത്തെ സുവര്‍ണദശയില്‍ മദ്ധ്യേഷ്യയില്‍ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളായി മാറിയ ഖാണ്ഡഹാര്‍, ഹറാത്ത്, ബല്‍ഖ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. വാണിജ്യമായിരുന്നു പ്രധാന കാരണം. ഈ വാണിജ്യ ബന്ധങ്ങളിലൂടെയുണ്ടായ സാംസ്‌കാരിക വിനിമയം ഇസ്‌ലാം എന്തെന്നറിയാന്‍ സിന്ധു ഗംഗാസമതലങ്ങളിലുള്ള ജനങ്ങള്‍ക്ക് അവസരം നല്കിയിരിക്കണം. ഇന്നത്തെ രാജസ്ഥാനില്‍ പെട്ട അജ്മീറില്‍ പണ്ഡിതനും സൂഫിയുമായ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി താമസമാക്കിയിരുന്നു. ചിശ്തിയും ശിഷ്യന്മാരും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് ജനങ്ങളിലേക്കെ ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു.
മുഹമ്മദ് ഖാസിം, മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഗോറി മുതലായ മുസ്‌ലിം ഭരണാധികാരികള്‍ ക്രി. എട്ട്, ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയതും സിന്ധ് താഴ്‌വരയിലൂടെയാണ്. നീണ്ടകാലം ഇന്ത്യയില്‍ ഭരണം നടത്തിയ മുസ്‌ലിം സുല്‍ത്താന്മാരിലൂടെയും ഇസ്‌ലാം ഇന്ത്യയില്‍ വേരൂന്നി. അഫ്ഗാന്‍ മുതല്‍ അസം വരെയുള്ള പ്രവിശാലമായ ഭൂപ്രദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിങ്ങനെ പല രാജ്യങ്ങളിലായി ആ പ്രദേശം മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാമതാണ് ഇന്ന് ഇന്ത്യ.