മുഗള്‍ സാമ്രാജ്യം നാമാവശേഷമായതോടെ വ്യവസ്ഥാപിത മുസ്‌ലിം ഭരണകൂടങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതായി. ബംഗാള്‍, അവധ്, ഹൈദരാബാദ്, മൈസൂര്‍ എന്നിവിടങ്ങളില്‍ ചില സ്വതന്ത്ര ഭരണകൂടങ്ങള്‍ ഉദയം ചെയ്യുകയും ബ്രിട്ടീഷുകാരുമായി ഇണങ്ങിയും പിണങ്ങിയും പോരാടിയും നിലനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രധാനമാണ് ദക്ഷിണേന്ത്യയിലെ സുല്‍ത്വനത്തെ ഖുദാദാദ് അഥവാ മൈസൂര്‍ രാജവംശം.
ഹൈദര്‍ അലിയും മകന്‍ ടിപ്പുസുല്‍ത്താനും നേതൃത്വം നല്‍കിയ ഈ ഭരണകൂടം നാലു പതിറ്റാണ്ട് (ക്രി. 1761-1799) മാത്രമാണ് നിലനിന്നത്. അജയ്യമെന്നവകാശപ്പെട്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിന് മറാഠാ ശക്തിയേയും ഹൈദരാബാദിലെ നൈസാമുമാരെയും ഒരേ സമയം നേരിടേണ്ടിവന്നു. ഈ കാലയളവില്‍ കൃഷ്ണാനദി മുതല്‍ മലബാറിന്റെ തീരം വരെയുള്ള വിശാലമായ പ്രദേശം മൈസൂരിന് കീഴില്‍ വന്നു. ഒന്നും രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങള്‍ ബ്രിട്ടനെ വിറപ്പിച്ചു. എന്നാല്‍ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഈ രാജവംശം ചരിത്രമാവുകയായിരുന്നു.