വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മൈസൂര്‍. അത് തകര്‍ന്നപ്പോള്‍ വോഡയാര്‍ രാജവംശത്തിന്റെ കീഴില്‍ സ്വതന്ത്ര രാജ്യമായി മൈസൂര്‍ നിലകൊണ്ടു. വോഡയാര്‍ ഭരണത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഫത്ഹു മുഹമ്മദിന്റെ മകനായി 1722ലാണ് ഹൈദരലി ജനിച്ചത്.
സാധാരണ കുടുംബത്തിലെ ഈ കുട്ടി അസാമാന്യ ധീരത കാട്ടിയിരുന്നു. അങ്ങനെയാണ് അവന്‍ സൈന്യത്തിലെത്തിയത്. അല്പകാലംകൊണ്ട് സൈന്യത്തിലെ പല പദവികളും വഹിച്ചത് ഹൈദരലിയായിരുന്നു. ഇതിനിടെ ഡിണ്ടിഗലിലെ ഗവര്‍ണറായും വോഡയാര്‍ രാജാവ് ഈ യുവാവിനെ നിയമിച്ചു. 1761ല്‍ 40-ാം വയസ്സില്‍ സൈന്യത്തിന്റെ നായകസ്ഥാനത്തെത്തി. മൈസൂരിന്റെ ഭരണം തന്നെ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ വന്നു.
ഹൈദരലിയുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദ്ദേഹത്തെ ചതിയില്‍ വധിക്കാന്‍ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല. മാത്രമല്ല, 1766ല്‍ കൃഷ്ണ വോഡയാര്‍ മരിച്ചതോടെ രാജ്യഭരണം പൂര്‍ണമായും ഈ സൈനിക മേധാവിയുടെ കൈകളിലെത്തുകയും ചെയ്തു. മൈസൂരിന്റെ അതിര്‍ത്തി വിശാലമാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കും, ഒപ്പം തന്നെ, ഹൈദരാബാദിലെ നൈസാമിന്നും മറാഠക്കാര്‍ക്കും ഹൈദരലി കണ്ണിലെ കരടായി. കടപ്പ നവാബിനെ തോല്പിച്ച് സേലം ജില്ലയുടെ ഭാഗമായ ബാരാമഹല്‍, ഇക്കേരി നായ്ക്കന്‍മാരില്‍ നിന്ന് ബദനൂര്‍, കോയമ്പത്തൂര്‍, മലബാറിലെ കോലത്തുനാട്, 1772ല്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍ എന്നിവ മൈസൂരിന് കീഴില്‍ വന്നു.
ഹൈദരലിയുടെ കാലത്ത് രണ്ട് മൈസൂര്‍ യുദ്ധങ്ങളുണ്ടായി. ഹൈദരാബാദിലെ നൈസാമുമായി ചേര്‍ന്ന് കര്‍ണാട്ടിക്കിലെ നവാബിനെ ആക്രമിച്ചു. നവാബിനെ സഹായിക്കാന്‍ ഇംഗ്ലീഷുകാരെത്തി. 1767 മുതല്‍ 69 വരെ നടന്ന ഈ യുദ്ധമാണ് ഒന്നാം മൈസൂര്‍ യുദ്ധം. പരാജയം നേരിട്ട ബ്രിട്ടീഷുകാര്‍ ഒടുവില്‍ സന്ധിക്കപേക്ഷിക്കുകയായിരുന്നു.
1780 മുതല്‍ 84 വരെ ബ്രിട്ടീഷുകാരുമായി നടന്നതാണ് രണ്ടാം മൈസൂര്‍ യുദ്ധം. സന്ധി ലംഘിച്ച ബ്രിട്ടന്റെ വഞ്ചനക്കെതിരെയായിരുന്നു ഹൈദറിന്റെ പടനീക്കം. ആദ്യത്തില്‍ വിജയം മൈസൂരിനായിരുന്നു. വാറന്‍ ഹേസ്റ്റിങ്‌സ് ഇടപെട്ടതോടെ ഹൈദറിന് കാലിടറി. ഇതിനിടെയാണ് പേട്ടിവെ സൈനികാത്തവളത്തില്‍ വെച്ച് 1782 ഡിസംബര്‍ 6ന് ഹൈദരലിയുടെ അന്ത്യയാത്ര.