ഐക്യകേരളം നിലവില്‍ വന്ന 1956ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കേരള ഘടകമായി കേരള സ്‌റ്റേറ് മുസ്‌ലിം ലീഗ് നിലവില്‍ വന്നു. അതു വരെ മദിരാശി സംസ്ഥാനത്തിനു കീഴിലെ മലബാര്‍ ജില്ലാ കമ്മിററിയാണ് ഉണ്ടായിരുന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിന് സുശക്തവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം.
കേരളത്തിലെ രാഷ്ട്രീയ ശക്തിയായി വളര്‍ന്ന ലീഗിലെ സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി (1979 ഒക്ടോബര്‍-ഡിസംബര്‍), ഉപമുഖ്യമന്ത്രി (രണ്ടു തവണ) എന്നീ പദവികള്‍ വരെയെത്തി. അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രി കസേരയിലിരുന്നു. കെ എം സീതി സാഹിബ് 1960ല്‍ സ്പീക്കറായി. കെ എം ഹംസക്കുഞ്ഞ് 1982ല്‍ ഡെപ്യൂട്ടി സ്പീക്കറുമായി. സി എച്ച് മുഹമ്മദ് കോയ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുകയുണ്ടായി.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി ഭരണത്തിലുള്ളപ്പോഴെല്ലാം വ്യവസായം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പുകള്‍ മുസ്‌ലിം ലീഗ് അംഗങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. 2017ല്‍ 18 നിയമസഭാംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. രണ്ട് ലോക്‌സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും കേരളത്തില്‍ നിന്നു തന്നെയുണ്ട്.
മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ്, വനിതാ ലീഗ്, പ്രവാസി ലീഗ്, ദലിത് ലീഗ്, സ്വതന്ത്രകര്‍ഷക സംഘം, സ്വതന്ത്ര തൊഴിലാളി യൂണിയന്‍, വിദേശരാജ്യങ്ങളില്‍ ശാഖകളുള്ള കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി) എന്നിവ കീഴ്ഘടകങ്ങളാണ്. ബൈത്തുറഹ്മ, സി എച്ച് സെന്റര്‍ എന്നിവ ജീവകാരുണ്യക്ഷേമ പദ്ധതികളാണ്.
1934ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രിക ദിനപത്രമാണ് പാര്‍ട്ടിയുടെ മുഖപത്രം. ചന്ദ്രിക ആഴ്ചപ്പതിപ്പ്, മഹിളാ ചന്ദ്രിക, ബാല ചന്ദ്രിക എന്നിവയും പുറത്തിറക്കുന്നു.
ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും കെ പി എ മജീദ് ജനറല്‍ സെക്രട്ടറിയും പി കെ കെ ബാവ ഖജാന്‍ജിയുമായ സംസ്ഥാന സമിതിയാണ് നിലവിലുള്ളത്.