ഖില്‍ജി ഭരണത്തില്‍ മുള്‍ത്താന്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന ഗിയാസുദ്ദീന്‍ തുഗ്ലക്ക് 1321ല്‍ സ്ഥാപിച്ചതാണ് തുഗ്‌ളക്ക് ഭരണകൂടം. അലാവുദ്ദീന്‍ ഖില്‍ജിയുടെ മകന്‍ മുബാറക്ഷായെ വധിച്ച് ഭരണം പിടിച്ച ഖുസ്രുവിനെ കീഴ്‌പ്പെടുത്തിയാണ് ഗിയാസുദ്ദീന്‍ ഡല്‍ഹി സുല്‍ത്വനത്തിന്റെ ഭാഗമായത്.
മംഗോളിയരുടെ ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതു വഴി ഗിയാസുദ്ദീന്‍ തുഗ്‌ളക്ക്, ഗാസീമാലിക് എന്ന പേരില്‍ വിശ്രുതനായിരുന്നു. ഡല്‍ഹിയുടെ കടിഞ്ഞാണ്‍ പിടിച്ച അദ്ദേഹം മാതൃകാപരമായ ഭരണമാണ് കാഴ്ചവെച്ചത്.
അക്കാലത്ത് ഡക്കാനും ചില ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളും ഡല്‍ഹി സുല്‍ത്വനത്തില്‍ ചേരാതെ സാമന്തരാജ്യങ്ങളായി തുടരുകയായിരുന്നു. തുഗ്ലക്ക് ഇതൊഴിവാക്കി അവയെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ഭരണക്രമത്തെ ജനകീയമാക്കി ഉടച്ചുവാര്‍ത്തു. നികുതി ലളിതമാക്കുകയും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി. ഏതാനും പേര്‍ക്ക് വാരിക്കോരി കൊടുത്തില്ല. പകരം മുഴുവന്‍ പേര്‍ക്കും കണക്കാക്കി നല്‍കി. മതകാര്യങ്ങളില്‍ കണിശത കാട്ടുകയും ചെയ്തു.