അബ്ബാസീ ഖിലാഫത്തിന്റെ പ്രതാപത്തിനുശേഷം ഇസ്‌ലാമിക ലോകം സാമാനികള്‍, ഫാത്വിമികള്‍, ബുവൈഹികള്‍ എന്നിങ്ങനെ ചെറിയ ചെറിയ ഭരണകൂടങ്ങളായി പിരിഞ്ഞു. ഇവയില്‍ പലതിനെയും ഒന്നിപ്പിച്ച് പില്ക്കാലത്ത് നിലവില്‍ വന്ന വലിയ ഭരണകൂടമാണ് സല്‍ജൂക് ഭരണകൂടം.
തുര്‍ക്കിസ്താന്‍ രാജാവിന്റെ സൈനികത്തലവനായിരുന്നു സല്‍ജൂക്ക്ബ്‌നു ദിഖാക്. തുര്‍ക്കികളിലെ പ്രമുഖ വിഭാഗമായ അല്‍ഗുസില്‍ പെട്ടയാളായിരുന്നു ഇദ്ദേഹം. ജനസമ്മതനായ സല്‍ജൂക്കിന്റെ കാര്യത്തില്‍ രാജാവിന് ആശങ്കയുണ്ടായതോടെ അദ്ദേഹത്തെ ഒഴിവാക്കാന്‍ രാജാവ് വഴിയന്വേഷിച്ചു. ഇത് തിരിച്ചറിഞ്ഞ സല്‍ജൂക് അനുയായികളെയും കൂട്ടി 'ജല്‍ദ്' എന്ന പ്രദേശത്തേക്ക് പലായനം ചെയ്തു.
വര്‍ഷങ്ങളോളം അവിടെ ജീവിച്ച സല്‍ജൂക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മീക്കാഈല്‍ തുര്‍ക്കി രാജാവുമായുള്ള യുദ്ധത്തിലും വധിക്കപ്പെട്ടു. മീക്കാഈലിന്റെ മകന്‍ തുഗ്രില്‍ ബേഗ് സമര്‍ഥനും രണനിപുണനുമായി വളര്‍ന്നു.
ഗസ്‌നി ഭരണകൂടം നാശത്തോടടുക്കുന്ന കാലമായിരുന്നു അത്. സന്ദര്‍ഭം മുതലെടുത്ത ദുഗ്‌രില്‍ ബേഗ് ഗസ്‌നി ഭരണത്തിനെതിരെ യുദ്ധം നയിക്കുകയും മസ്ഊദ് ഗസ്‌നിയെ പരാജയപ്പെടുത്തുകയും ചെയ്തു. ഖുറാസാന്‍ ആസ്ഥാനമാക്കി ക്രി. 1037ല്‍ (ഹി. 429) പുതിയ ഭരണകൂടം സ്ഥാപിച്ചു. തന്റെ പിതാമഹനിലേക്ക് ചേര്‍ത്തി അതിന് സല്‍ജൂക് ഭരണകൂടം എന്ന് നാമകരണവും ചെയ്തു.
ഇസ്‌ലാമിക ചരിത്രത്തിലെ പ്രഗല്‍ഭരായ സൈനിക പ്രതിഭകളില്‍ ഒരാളായ തുഗ്‌രിലിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നീട് ചരിത്രം സാക്ഷിയായി. നിഷാപൂര്‍, ജുര്‍ജാന്‍, ത്വബ്‌രിസ്താന്‍, ഖുവാറസം, ദൈലം, കര്‍മാന്‍, ഇസ്ഫഹാന്‍ എന്നിവ സല്‍ജൂക് ആധിപത്യത്തിന് കീഴിലായി.
ക്രി. 1043ല്‍ ബുവൈഹികളുമായും പിന്നീട് റോമാ ചക്രവര്‍ത്തിയുമായും സമാധാന കരാറുകളില്‍ ഏര്‍പ്പെട്ടു. ഇത് തുഗ്‌രിലിനെ മുസ്‌ലിം ലോകത്തിന്റെ നെറുകയിലെത്തിച്ചു. മാത്രമല്ല അബ്ബാസീ ഖലീഫ അല്‍ഖാഇം അദ്ദേഹത്തെ അംഗീകരിക്കുകയും പ്രശംസിച്ചു കൊണ്ട് കത്തയക്കുകയും ചെയ്തു. ബഗ്ദാദില്‍ തുഗ്‌രിലിനു സ്വീകരണമൊരുക്കു കയുമുണ്ടായി.
ഇതിനിടെ ബുവൈഹികളുടെ സൈനിക ഗവര്‍ണറായിരുന്ന ബസ്വാസിരി ബഗ്ദാദ് പിടിച്ചു. ഇസ്മാഈലീ ശീആ വിഭാഗക്കാരനായ ഇദ്ദേഹം ഫാത്വിമി ഖലീഫയെ അംഗീകരിക്കാന്‍ അബ്ബാസി ഖലീഫ ഖാഇമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതറിഞ്ഞ തുഗ്‌രില്‍ ബേഗ് ബഗ്ദാദിലെത്തി ബസാസിരിയെ നേരിട്ടു. അദ്ദേഹത്തെ വധിച്ച് ഖലീഫ ഖാഇമിന് ഖിലാഫത്ത് തിരിച്ചുനല്‍കി.
26 വര്‍ഷത്തെ ഭരണത്തിലൂടെ ശക്തമായ ഒരു ഭരണകൂടത്തിന് അടിത്തറയിട്ട് തുഗ്‌രില്‍ ബേഗ് ക്രി. 1063ല്‍ (ഹി. 455) നിര്യാതനായി.