ഈജിപ്തിലെ ഫാത്വിമീ ഭരണത്തിന് അന്ത്യം കുറിച്ച് ക്രി. 1174ല്‍ (ഹി. 529) സ്ഥാപിതമായ ഭരണകൂടമാണ് അയ്യൂബികളുടേത്. 75 വര്‍ഷം നീണ്ടു നിന്ന ഈ ഭരണകൂടം ഖുദ്‌സ് വിമോചകന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് സ്ഥാപിച്ചത്.
ഫാത്വിമി ഖിലാഫത്തിലെ അവസാന ഖലീഫ ആദ്വിദിന്റെ മന്ത്രിയായും പിന്നീട് നൂറുദ്ദീന്‍ സങ്കിയുടെ ഈജിപ്തിലെ ഗവര്‍ണറായും ഭരിച്ച സ്വലാഹുദ്ദീന്‍, സങ്കിയുടെ മരണശേഷമാണ് രാജ്യഭരണം ഏറ്റെടുക്കുകയും അയ്യൂബി ഭരണം സ്ഥാപിക്കുകയും ചെയ്തത്. പിതാവ് നജ്മുദ്ദീന്‍ അയ്യൂബിലേക്ക് ചേര്‍ത്തിയാണ് 'അയ്യൂബി' എന്ന പേരിട്ടത്.
സ്വലാഹുദ്ദീന്‍ അയ്യൂബി ഉള്‍പ്പെടെ ഏഴു സുല്‍ത്താന്‍മാരാണ് ഈ കാലത്ത് ഭരിച്ചത്. ഈജിപ്ത്, സിറിയ, ഹിജാസ്, യമന്‍, തുണീഷ്യ, ജറൂസലം, വടക്കെ ആഫ്രിക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവ ഈ ഭരണത്തില്‍ കീഴില്‍ പലപ്പോഴായി വന്നു. അബ്ബാസി ഖിലാഫത്തിനെ അംഗീകരിച്ചിരുന്നു. ഖുദ്‌സ് മോചനം, കുരിശു യുദ്ധങ്ങള്‍ എന്നിവ നടന്നത് ഈ കാലയളവിലാണ്. 1250ല്‍ അയ്യൂബി ഭരണം അവസാനിച്ചു.