ബാഗ്ദാദ് തലസ്ഥാനമായി അബ്ബാസീ ഖലീഫമാര്‍ വാഴുന്ന കാലം. വിശാലമായ ഈ സാമ്രാജ്യത്തില്‍ നിന്ന് രണ്ടു ഭാഗങ്ങള്‍ വേര്‍പ്പെട്ടുപോയി. ഒന്ന് യൂറോപിലെ സ്‌പെയിന്‍. അവിടെ അമവി കുടുംബത്തിലെ അബ്ദുറഹ്മാന്‍ ഒന്നാമന്‍ അമവി ഭരണം സ്ഥാപിച്ചു. മറ്റൊന്ന് ആഫ്രിക്കയിലെ മൊറോക്കോ ആണ്. അവിടെ നിലവില്‍ വന്നത് ഇദ്‌രീസീ ഭരണമായിരുന്നു.
അലവികളില്‍പെട്ട, നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബിന്റെ പരമ്പരയിലെ ഇദ്‌രീസുബ്‌നു അബ്ദില്ലയാണ് ബര്‍ബറുകളുടെ പിന്തുണയോടെ ത്വന്‍ജയില്‍ ഈ ഭരണകൂടം സ്ഥാപിച്ചത്. 130 വര്‍ഷക്കാലം ഇവര്‍ മൊറോക്കോയില്‍ അധികാരം വാണു.
ഇദ്‌രീസിന്റെ ഭരണം അബ്ബാസീ ഖലീഫ ഹാറൂന്‍ അല്‍ റഷീദിന് തലവേദനയായി. ബഗ്ദാദില്‍ നിന്നും അതിവിദൂരമായതിനാല്‍ മൊറോക്കോയിലേക്ക് സൈനികനീക്കം അസാധ്യവുമായിരുന്നു. ഒടുവില്‍ തന്റെ ചാരനെ ത്വന്‍ജയിലേക്കയച്ചു ഹാറൂന്‍. അദ്ദേഹം ഇദ്‌രീസിന്റെ അടുപ്പക്കാരനായി അഭിനയിച്ചു. അങ്ങനെ തന്ത്രത്തില്‍ ഇദ്‌രീസിനെ വകവരുത്തുകയും ചെയ്തു.