തിരൂരങ്ങാടിയിലാണ് നാട്ടുകാരും ബ്രിട്ടീഷുകാരും തമ്മില്‍ ആദ്യ ഏറ്റുമുട്ടല്‍ നടന്നത്, 1921 ആഗസ്റ്റ് 20ന്. ഖിലാഫത്ത് നേതാക്കളായ ആലി മുസ്‌ലിയാരെയും സഹപ്രവര്‍ത്തകരെയും പിടിക്കലായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന്റെ ലക്ഷ്യം. തിരൂരങ്ങാടി മമ്പുറം പള്ളിയും ഖിലാഫത്ത് കമ്മറ്റി ഓഫീസും റെയ്ഡ് നടത്തി. എന്നാല്‍ കലക്ടര്‍ തോമസും ഹിച് കോക്കും ആമുവും നിരാശരായി. ആലി മുസ്‌ലിയാര്‍ അവിടെ ഉണ്ടായിരുന്നില്ല. കിട്ടിയ ചിലരെ അറസ്റ്റ് ചെയ്തു.
ഇതിനിടെ താനൂരില്‍ നിന്ന് ഒരു സംഘം വരുന്നു എന്ന് പട്ടാളം അറിഞ്ഞു. അവരെ നേരിടാനൊരുങ്ങി. പട്ടാളം തിരൂരങ്ങാടി പള്ളിക്ക് കേടുപാട് വരുത്തി എന്ന് താനൂര്‍ സംഘം തെറ്റിദ്ധരിക്കുകയും ചെയ്തു. ഇരു വിഭാഗവും ശക്തമായ പോരാട്ടം നടത്തി. നിരവധി പേര്‍ മരിച്ചു. കുറേപേര്‍ അറസ്റ്റിലുമായി.
1921 ആഗസ്ത് 26 ന് പൂക്കോട്ടൂരിലും ബ്രിട്ടീഷ്പട നാട്ടുകാരെ നേരിട്ടു. ബോമ്പെറിഞ്ഞും യന്ത്രത്തോക്കുകളുപയോഗിച്ചുമുള്ള യുദ്ധത്തില്‍ 258 പേരാണ് അവിടെ മരിച്ചു വീണത്. ആഗസ്റ്റ് 30 ന് വീണ്ടും പട്ടാളമെത്തി. പൂക്കോട്ടൂരിലെ സമരക്കാരെയെല്ലാം അറസ്റ്റ് ചെയ്തു. പന്താരങ്ങാടി, വള്ളുവനാടിന്റെ ആസ്ഥാനമായ പെരിന്തല്‍മണ്ണ, പൊന്നാനി, പാണ്ടിക്കാട്, കരുവാരക്കുണ്ട്, മഞ്ചേരി, മണ്ണാര്‍ക്കാട്, നെല്ലിക്കുത്ത്, കല്ലാമൂല, തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ യുദ്ധങ്ങളും കലാപങ്ങളും നടന്നു. നിരവധി നാട്ടുകാര്‍ കൊല്ലപ്പെട്ടു. പോലീസുകാരും ചിലയിടങ്ങളില്‍ മരിച്ചു വീണു.
1921 ആഗസ്ത് 30 ന് എല്ലാ വഴികളും അടച്ച് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു. 31 ന് രാവിലെ പട്ടാളം വെടി തുടങ്ങി. പള്ളിക്കുള്ളില്‍ നിന്ന് തിരിച്ചും വെടിയുതിര്‍ത്തു. വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ പള്ളിക്കുള്ളിലുള്ളവര്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുറത്തുവന്നു. എല്ലാവരെയും അറസ്റ്റ് ചെയ്ത് പട്ടാളം ആലി മുസ്‌ലിയാരെയും വേറെ ചിലരെയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. 1922 ഫെബ്രുവരി 17 ന് ആലി മുസ്‌ലിയാരെ തൂക്കിക്കൊന്നു.
ഇതിന് മുമ്പ്, പൂക്കോട്ടൂരിലെ ഉണ്ണീന്‍ മുസലിയാര്‍, അഹമ്മദ് കുട്ടി, മൊയ്തീന്‍ കുട്ടി എന്നിവരെ ആഗസ്ത് 21 നും ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചേക്കുട്ടി എന്നിവരെ 1922 ജനുവരി 20നും മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് ബ്രിട്ടീഷ് കോടതിയുടെ വിധിപ്രകാരം വെടിവെച്ചു കൊന്നിരുന്നു.
ആറുമാസക്കാലം മലബാറിനെ അസ്വസ്ഥതകളുടെ ഈറ്റില്ലമാക്കി കിരാതവാഴ്ച നടത്തിയ ബ്രിട്ടീഷ് സര്‍വായുധ സേന പതിനായിരത്തോളം മാപ്പിളമാരെ കൊന്നൊടുക്കി. അരലക്ഷം പേരെ തടവിലിട്ടു. 20,000 പേരെ നാടുകടത്തി, സ്ത്രീകളുടെ മാനം കവര്‍ന്നു, വീടുകള്‍ ഇടിച്ചു നിരത്തി.
ഇന്ത്യയിലെ ചോദ്യം ചെയ്യപ്പെടാത്ത അധിനിവേശപ്പടയെ ഏതാനും ദിവസം മുള്‍ മുനയില്‍ നിര്‍ത്തുകയും അവരില്‍ ഭീതി പരത്തുകയും ചെയ്തിട്ടുള്ള രോഷമായിരുന്നു ഈ രക്തചൊരിച്ചിലിന് പ്രേരിപ്പിച്ചത്.