Skip to main content

രണ്ടു പ്രതിസന്ധികള്‍

കേരളത്തിലെ മുസ്‌ലിംകളെ വിദ്യാഭ്യാസ പുരോഗതിയിലൂടെയും രാഷ്ട്രീയ പ്രബുദ്ധതയിലൂടെയും പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ നവോത്ഥാന പ്രസ്ഥാനം കഠിനശ്രമം നടത്തുമ്പോള്‍ രണ്ടു പ്രതിസന്ധികള്‍ മുന്നിലുണ്ടായിരുന്നു. 

(ഒന്ന്) 'പൊതു വിദ്യാഭ്യാസം മുസ്‌ലിമിനു ചേര്‍ന്നതല്ല, മലയാളം ഹിന്ദുക്കളുടെയും ഇംഗ്ലീഷ് നരകത്തിലെയും ഭാഷകളാണ്. അതിനാല്‍ വിദ്യാഭ്യാസം നിഷിദ്ധം (ഹറാം) ആണ്' എന്ന അതി യാഥാസ്ഥിതിക സമീപനം. ഇത് 'വിശ്വാസ'ത്തിന്റെ ഭാഗമായി കണ്ടതിനാല്‍ പൊതുജനത്തെ അതില്‍ നിന്ന് തിരിച്ചു കൊണ്ടു വരാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. 

(രണ്ട്) മത നിരപേക്ഷ രാഷ്ട്രീയം മുസ്‌ലിമിന് നിഷിദ്ധമാണ് (ഹറാം) എന്ന കാഴ്ചപ്പാട്. ഇസ്‌ലാമിക ഭരണ സംസ്ഥാപനമാണ് ലക്ഷ്യമെന്നും ഇസ്‌ലാമേതര ഭരണ കൂടങ്ങള്‍ 'ത്വാഗൂത്ത്' (ദൈവേതര ആരാധനാ മൂര്‍ത്തി) ആണെന്നുമുള്ള വിശ്വാസം ഒരു ന്യൂനപക്ഷത്തെ മുസ്‌ലിം നവോത്ഥാന പാതയില്‍ നിന്നകറ്റി. ഭരണകൂടം ത്വാഗൂത്ത് ആയതിനാല്‍ രാഷ്ട്രീയത്തിലിടപെടുന്നതും കോടതിയില്‍ നീതി തേടുന്നതും പൊതു വിദ്യാലയങ്ങളില്‍ വിദ്യ നേടുന്നതും ആ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതും സര്‍ക്കാര്‍ ജോലി ചെയ്യുന്നതുമെല്ലാം ബഹുദൈവാരാധന (ശിര്‍ക്ക്) പോലെ അവര്‍ വിലയിരുത്തി. 

ഈ രണ്ട് പ്രതിലോമ ചിന്തകളെയും പ്രമാണബദ്ധമായും യുക്തിഭദ്രമായും നേരിട്ടു കൊണ്ടാണ് നവോത്ഥാന പാത വെട്ടിത്തെളിച്ചത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് പിറക്കുന്നതിന് മുന്‍പു തന്നെ അത്തരം ചിന്താഗതിക്കാര്‍ തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞ് നവോത്ഥാന പാതയിലെത്തിച്ചേര്‍ന്നു. 


 

Feedback