Skip to main content

നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ (2)

പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് സമൂഹം. എന്നാല്‍ ചരിത്രത്തിന്റെ ഏതു ദശാസന്ധിയിലും സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റപ്പെടുകയോ അരികു വത്കരിക്കപ്പെടുകയോ ചെയ്തതായി കാണാം. ഒരു സമുദായവും ഇതിന്നപവാദമല്ല. കേരളത്തിന്റെ സാമൂഹികതലം നവോത്ഥാനത്തിലേക്ക് കാലെടുത്തു വെച്ച പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്ക് ഉത്തമോദാഹരണമാണ്. മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ല, അക്ഷരാഭ്യാസം വിലക്കപ്പെട്ടു, ക്ഷേത്രപ്രവേശനം പാടില്ല, മറക്കുടയ്ക്കു പിന്നില്‍ സൂര്യപ്രകാശം പോലും കാണാതെ നടക്കണം, വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടു കൂടാ, സതി സമ്പ്രദായം ആചരിക്കണം തുടങ്ങിയവയായിരുന്നു അക്കാലത്തെ ഹൈന്ദവ സമൂഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥ. ആ ദുരവസ്ഥയ്‌ക്കെതിരെ അവരില്‍ നിന്നു തന്നെ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നു വരികയും ദീര്‍ഘകാലത്തെ ശ്രമഫലമായി സാമൂഹിക വിപ്ലവം തന്നെ നടക്കുകയും ചെയ്തു. 

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പരിഗണന നല്കിയ മതമാണ് ഇസ്‌ലാം. സ്‌ത്രൈണതയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായി പരിഗണിച്ചു കൊണ്ടു തന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് സമൂഹ നിര്‍മാണ പ്രക്രിയയില്‍ പുരുഷനു തുല്യം അവകാശം നല്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാതെ പില്ക്കാലത്ത് മുസ്‌ലിം സമുദായത്തില്‍ സംജാതമായ സ്ത്രീകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരള മുസ്‌ലിംകള്‍ക്കിടയിലും ഇതായിരുന്നു സ്ഥിതി. പെണ്ണ് പള്ളിയിലോ പള്ളിക്കൂടത്തിലോ പോയിക്കൂടാ. ഓത്തു പഠിക്കാം, എഴുത്ത് പഠിച്ചു കൂടാ. ജീവിത പങ്കാളിയെ സ്വീകരിക്കുമ്പോള്‍ സ്ത്രീയുടെ അനുവാദം പോലും പരിഗണിക്കപ്പെട്ടിരുന്നില്ല. വിവാഹ സമയത്ത് സ്ത്രീക്കുള്ള അവകാശമായി ഇസ്‌ലാം നിര്‍ബ്ബന്ധമാക്കിയ മഹ്‌റ് വാക്കുകളിലൊതുക്കി. വിവാഹ മോചനവും മോചനാനന്തര ജീവിതവും അതീവ ദുസ്സഹമായിരുന്നു സ്ത്രീകള്‍ക്ക്. അടുക്കളയില്‍ മാത്രം ജീവിതം തളയ്ക്കപ്പെട്ട മുസ്‌ലിം സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും കണ്ടില്ല. 

കേരള മുസ്‌ലിംകള്‍ക്കിടയില്‍ മക്തി തങ്ങളിലൂടെയും (1847-1912) വക്കം മൗലവിയിലൂടെയും (1873-1932) നവോത്ഥാനത്തിന്റെ കാറ്റു വീശിത്തുടങ്ങി. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ-അനുഷ്ഠാന-ആചാരങ്ങളിലെല്ലാം ജീര്‍ണത കടന്നു കൂടിയിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിലൂടെയും വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങളിലൂടെയുമാണ് മുസ്‌ലിംകളെ നവോത്ഥാന നായകര്‍ ഉണര്‍ത്തിയതും ഉയര്‍ത്തിക്കൊണ്ടു വന്നതും. അതിന്റെ കൂടെത്തന്നെ സ്ത്രീ സമുദ്ധാരണവും അവര്‍ ലക്ഷ്യമിട്ടു. കാരണം, സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹ സമുദ്ധാരണം നടക്കൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. കാരണം നബി(സ്വ) സമൂഹ സമുദ്ധാരണത്തോടൊപ്പം സ്ത്രീകളുടെ അവകാശ സംരക്ഷണവും ഉറപ്പു വരുത്തിയിരുന്നു. 

'ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യവും വക വെച്ചുകൊടുത്ത അവകാശങ്ങളും സ്ത്രീകള്‍ക്ക് ലഭ്യമാക്കണം' എന്ന് മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരം സമൂഹത്തെ ബോധവത്കരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കല്‍ നിര്‍ബ്ബന്ധമാണെന്ന് അവര്‍ സമൂഹത്തെ ബോധ്യപ്പെടുത്തി. വക്കം മൗലവി തന്റെ 'അല്‍ ഇസ്‌ലാം' മാസികയില്‍ (1918) സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിരന്തരം ലേഖനങ്ങളെഴുതി. വളരെ പതുക്കെയാണെങ്കിലും സമുദായം ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. മദ്‌റസകളിലും പൊതുവിദ്യാലയങ്ങളിലും മുസ്‌ലിം പെണ്‍കുട്ടികള്‍ വന്നു തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ അതിന് ആക്കം കൂട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായം വിദ്യാഭ്യാസം നേടാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. പെണ്‍ പള്ളിക്കൂടങ്ങള്‍ നിലവില്‍ വന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പൊതു സമൂഹത്തോടൊപ്പം വിദ്യാഭ്യാസ രംഗത്ത് മികച്ചു നില്ക്കുന്ന ചിത്രമാണുള്ളത്. 

 

Feedback