അടുക്കളയ്ക്കപ്പുറം കാണാത്ത മുസ്‌ലിം സ്ത്രീകളെ പൊതു സമൂഹത്തിന്റെ അരംഗത്തേക്കാനയിച്ചതില്‍ വനിതാ സമ്മേളനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1936 ല്‍ തിരുവല്ലയില്‍ ഹലീമ ബീവി സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ 200 സ്ത്രീകള്‍ പങ്കെടുത്തു എന്നത് അന്ന് ചിന്തിക്കാനാവാത്ത വിപ്ലവമായിരുന്നു. അതിലവര്‍ നടത്തിയ സ്വാഗത ഭാഷണം ചരിത്ര പ്രസിദ്ധമാണ്. നവോത്ഥാന പാതയില്‍ ഈടുറ്റ സംഭാവന കാഴ്ച്ച വെച്ച ഐക്യസംഘം സ്ത്രീകളെ പ്രത്യേകം സംഘടിപ്പിച്ചതായി കാണുന്നില്ല. പിന്നീട് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ച ശേഷം 1958 ല്‍ ഏറണാകുളത്തും 1959 ല്‍ കോഴിക്കോട്ടും വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്തും കുറ്റിപ്പുറത്തും വലിയ വനിതാ സമ്മേളനങ്ങള്‍ നടത്തി. 1982 ല്‍ ഫറോക്കില്‍ നടന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ പ്രഥമ മുസ്‌ലിം വിദ്യാര്‍ഥിനി സമ്മേളനമായിരുന്നു. 1979, 82, 87, 92, 97, 2002, 2007, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന മുജാഹിദ് സമ്മേളനങ്ങളിലെ പതിനായിരക്കണക്കിനുള്ള മുസ്‌ലിം വനിതാ പങ്കാളിത്തം ലോക മുസ്‌ലിം നേതാക്കളെപ്പോലും വിസ്മയിപ്പിച്ചതായിരുന്നു.
വര്‍ത്തമാന കാല മുസ്‌ലിം സ്ത്രീയവസ്ഥയിലേക്ക് കാലം കാലെടുത്തു വെച്ചത് അവാച്യമായ കഠിന പ്രയത്‌നങ്ങളിലൂടെയാണ്. അതിനു മുന്നില്‍ നിന്നത് മുസ്‌ലിം നവോത്ഥാനത്തിന്റെ നേര്‍ പിന്‍ഗാമികളായ മുജാഹിദ് പ്രസ്ഥാനമാണ്. ആദ്യമൊക്കെ സ്ത്രീ വിദ്യാഭ്യാസത്തോടും സ്ത്രീ ശാക്തീകരണത്തോടും പുറം തിരിഞ്ഞു നിന്ന മുസ്‌ലിം സമൂഹം വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്ന് പള്ളികളും പള്ളിക്കൂടങ്ങളും സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കലാലയങ്ങളും സര്‍വകലാശാലകളും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെക്കൊണ്ട് അഭിമാനം കൊള്ളുന്നു. പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വനിതാ സംവരണ സീറ്റുകളിരുന്ന് മുസ്‌ലിം സ്ത്രീകള്‍ ഭരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു.
വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും ചുവട് പിടിച്ച് നിഷ്‌കാമ കര്‍മ യോഗികള്‍ കഠിനാധ്വാനം ചെയ്തു കൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. 'സ്ത്രീ വിമോചന ഫെമിനിസ'ങ്ങള്‍ ക്രിയാത്മകമായി സ്ത്രീകള്‍ക്കു വേണ്ടി അധികമൊന്നും ചെയ്തിട്ടില്ല എന്നു കൂടി ഓര്‍ത്തു വെക്കേണ്ടതുണ്ട്.