സ്ത്രീകളുടെ പുരോഗമനത്തിനായി ഇസ്വ്‌ലാഹീ പ്രസ്ഥാനം ചെയ്ത നവോത്ഥാന സേവനങ്ങള്‍ക്ക് കണക്കില്ല. നിരവധി സ്ത്രീരത്‌നങ്ങള്‍ തന്നെ ഈ രംഗത്ത് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. പണ്ഡിതയും പ്രസംഗകയും എഴുത്തുകാരിയുമായ എം.ഹലീമാ ബീവി (1918-2000), ആയിശ ബീവി, മായന്‍ റഊഫ് തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വലിയ സേവനങ്ങള്‍ ചെയ്തു. പി.കെ.സുബൈദ, പി.എന്‍. ഫാത്തിമക്കുട്ടി തുടങ്ങിയവര്‍ മധ്യകാലത്തെ വനിതാ എഴുത്തുകാരായിരുന്നു. പഴയ കാല മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ കാണുന്ന ചില മുസ്‌ലിം വനിതാ എഴുത്തുകാരികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൈതീന്‍ ബീവി, വി.എസ്.കാസിം ബി മിസ്ത്രസ്, നസിയാബി, ബി.എസ്.സൈദ, മര്‍യം ബീവി മരക്കാര്‍, ഡോ: പികെ. റാബിയ മുതലായവര്‍ ഉദാഹരണം.
കേരള മുസ്‌ലിം ഐക്യസംഘം മുതല്‍ മുസ്‌ലിം സമൂഹത്തില്‍ ഉരുത്തിരിഞ്ഞ നവോത്ഥാന സംഘങ്ങളൊക്കെ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചു. ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) എന്നീ സംഘടനകളും ഈ രംഗത്ത് സംഭാവനകള്‍ നല്‍കി. എന്നാല്‍ ചരിത്രം അറിയാതെ പോയ ചില സംരംഭങ്ങളുണ്ട്. 1930 കളില്‍ ടി.സി.കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തില്‍ തലശ്ശേരിയിലും എം.ഹലീമാ ബീവിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലും ഉണ്ടായ വനിതാ സംഘടനകള്‍ക്ക് പക്ഷേ തുടര്‍ച്ചയുണ്ടായില്ല. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ കീഴില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) രൂപീകരിക്കപ്പെട്ടതോടെയാണ് (1987) വ്യവസ്ഥാപിതമായ മുസ്‌ലിം വനിതാ മുന്നേറ്റം കേരളത്തിലുണ്ടായത്. എം.ജി.എമ്മിന് മുസ്‌ലിം സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ സ്ത്രീകള്‍ കൂടുതല്‍ സജീവമായി മതരംഗത്തും പൊതുരംഗത്തും എത്തിത്തുടങ്ങി. 1984 ല്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ സംഘടന (ജി.ഐ.ഒ) രൂപീകരിച്ചിരുന്നു. പിന്നീട് എം.ഇ.എസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്കു കീഴിലും വനിതാ കൂട്ടായ്മകള്‍ ഉണ്ടായി. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ജാഗരണത്തിനു കരണമായത് ഈ സ്ത്രീ ശാക്തീകരണമായിരുന്നു.
മുസ്‌ലിംകള്‍ പൊതുവിലും സ്ത്രീകള്‍ വിശേഷിച്ചും അക്ഷരാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ പിറകിലായിരുന്നുവെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി മാത്രം പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ നവോത്ഥാനത്തിനു മാറ്റു കൂട്ടി. 1923 ല്‍ പി.കെ മൂസക്കുട്ടി സാഹിബ് നടത്തിയ 'മുസ്‌ലിം മഹിള' , 1926 ല്‍ കെ.സി.കോമുക്കുട്ടി മൗലവി പുറത്തിറക്കിയ 'നിസാഉല്‍ ഇസ്‌ലാം' എന്നീ വനിതാ മാസികകള്‍ ശ്രദ്ധയര്‍ഹിക്കുന്നു. വക്കം മൗലവിയുടെ 'അല്‍ ഇസ്‌ലാം' എന്ന അറബി മലയാള മാസിക സ്ത്രീകളെ ഉന്നം വെച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ ഇവയൊന്നും ദീര്‍ഘകാലം മുന്നോട്ടു പോയില്ല. എം.ജി.എം 1990 ല്‍ ആരംഭിച്ച വനിതാ മാസിക 'പുടവ' സജീവമായി നിലനില്ക്കുന്നു. ജി.ഐ.ഒ യുടെ 'ആരാമം' വനിതാ മാസിക 1985 ല്‍ പുറത്തിറങ്ങി. അവയുടെ പിന്നാലെ മഹിളാ ചന്ദ്രിക, പൂങ്കാവനം(1987), സന്തുഷ്ട കുടുംബം (2002) തുടങ്ങിയ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവയെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. അക്ഷരജ്ഞാനമില്ലാത്ത ഒരു ഭൂതകാലത്തില്‍ നിന്ന് അക്ഷരക്കേളികളുടെ രംഗത്തേക്ക് മുസ്‌ലിം സമൂഹത്തെ എത്തിച്ചത് നവോത്ഥാന പ്രസ്ഥാനമായിരുന്നു.