സമൂഹത്തിന്റെ നാനോന്‍മുഖവും സമഗ്രവുമായ പുരോഗതിയാണല്ലോ നവോത്ഥാനത്തിലൂടെ കൈവരിക്കുന്നത്. നവോത്ഥാനത്തിന്റെ വഴിയില്‍ പ്രഥമ ഗണനീയമായ സംഗതിയാണ് വിദ്യാഭ്യാസം. വിദ്യാവിഹീനമായ സമൂഹത്തില്‍ പുരോഗതിയുടെ കാറ്റു വീശുക ദുസ്സാധ്യമാണ്. കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ നവജാഗരണത്തിന്റെ മുഖ്യ ചാലക ശക്തി വിദ്യാഭ്യാസം തന്നെയായിരുന്നു.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ബോധം പകര്‍ന്നു നല്കിയതും പില്കാലത്ത് ഏറെ ഫലം ലഭിച്ചതും മൂന്നു തലങ്ങളിലാണ്.
(ഒന്ന്) പൊതു വിദ്യാഭ്യാസ രംഗത്തേക്ക് മുസ്‌ലിം സമുദായത്തെ കൊണ്ടുവരിക.
(രണ്ട്) പ്രാഥമിക മതവിദ്യാഭ്യാസം ശാസ്ത്രീയമാക്കുക.
(മൂന്ന്) ഉന്നത മതവിദ്യാഭ്യാസം ഫലപ്രദമാക്കുക.
ഈ മൂന്നു തലങ്ങളിലും ഒന്നിച്ചു മുന്നേറിയതാണ് കേരളത്തില്‍ മുസ്‌ലിം നവോത്ഥാനം ത്വരിതഗതി പ്രാപിക്കാന്‍ കാരണം.