കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ മത വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങള്‍ പള്ളികളില്‍ നടന്നിരുന്ന 'ദര്‍സു'കളായിരുന്നു. ഗുരുകുലം പോലെ ഒരു മുസ്‌ല്യാരുടെ കൂടെ പഠനവുമായി കഴിഞ്ഞു കൂടുകയായിരുന്നു മുസ്‌ല്യാര്‍ കുട്ടികള്‍ എന്ന പഠിതാക്കള്‍. തികച്ചും അശാസ്ത്രീയമായ ബോധനരീതി. പാഠ്യപദ്ധതിയാകട്ടെ കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹ്) മാത്രം പരിമിതം. ഖുര്‍ആന്‍ പേരിനു മാത്രം. ഹദീസ് വിജ്ഞാനം ഒട്ടുമില്ലതാനും. അറബി ഒരു ഭാഷ എന്ന രീതിയില്‍ പഠിപ്പിച്ചിരുന്നില്ല. വ്യാകരണ ഗ്രന്ഥങ്ങള്‍ ഓതിക്കൊടുക്കുകയും മനഃപ്പാഠമാക്കുകയും ചെയ്യുകയായിരുന്നു മിക്കവാറും പള്ളികളില്‍ ദര്‍സുകളുണ്ടാവും. ഇതാണ് പൊതു സ്ഥിതി. എന്നാല്‍ വ്യവസ്ഥാപിതമായി നടന്നിരുന്ന ഒറ്റപ്പെട്ട മികച്ച ദര്‍സുകളും കേരളത്തിലുണ്ടായിരുന്നു. കൂടാതെ വെല്ലൂര്‍, ദയൂബന്ദ്, ഉമറാബാദ്, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ദര്‍സുകളില്‍ പഠിച്ചു വന്ന പ്രഗ്ത്ഭ പണ്ഡിതന്‍മാരും ഇവിടെ ഉണ്ടായിരുന്നു.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919) ദര്‍സ് പരിഷ്‌കരണത്തിനായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു വന്നിരുന്നു. ആയിടക്ക് മലബാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറായിരുന്ന ബാവ സാഹിബ് കോഴിക്കോട് കുറ്റിച്ചിറയില്‍ ഒരു യോഗം വിളിച്ചു. ചാലിലകത്ത് തന്റെ ദര്‍സ് പരിഷ്‌കരണ ആശയം മുന്നില്‍ വെച്ചു. അത് എല്ലാവരും അംഗീകരിച്ചു. ആ യോഗത്തിലുണ്ടായിരുന്ന വാഴക്കാട്ടെ പൗരപ്രമുഖനായ കൊയപ്പത്തൊടി അഹമ്മദ് ഹാജി തന്റെ നാട്ടിലെ ദര്‍സ് പരിഷ്‌കരിക്കാന്‍ കുഞ്ഞഹമ്മദ് ഹാജിയെ ഏല്പിച്ചു. അങ്ങനെ 1909 ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ടെ തന്‍മിയത്തുല്‍ ഉലൂം മദ്‌റസയില്‍ പ്രധാനാധ്യാപകനായി നിയോഗിക്കപ്പെട്ടു. കൊയപ്പത്തൊടി കുടുംബം 1871 ല്‍ സ്ഥാപിച്ച മദ്‌റസയായിരുന്നു തന്‍മിയത്തുല്‍ ഉലൂം. ചാലിലകത്ത് അതിനെ ദാറുല്‍ ഉലൂം എന്നു പുനര്‍നാമകരണം ചെയ്തു. അതാണ് ഇന്നും നിലനില്ക്കുന്ന വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കേളേജ്.
ചാലിലകത്ത് ഈ ദര്‍സില്‍ വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, അറബി വ്യാകരണം, അലങ്കാര ശാസ്ത്രം(ബലാഗ), തുടങ്ങിയ അറബി-ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ ഗോളശാസ്ത്രം, ഭൂമി ശാസ്ത്രം, പ്രകൃതി ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ കൂടി പാഠ്യപദ്ധതിയില്‍ ഏര്‍പ്പെടുത്തി. ഗ്ലോബ്, അറ്റ്‌ലസ്, മാപ്പുകള്‍, ചാര്‍ട്ടുകള്‍, ഡിക്ഷനറികള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിച്ചു. ജനങ്ങള്‍ ഇത് അത്ഭുതത്തോടെ നോക്കിക്കണ്ടു. ഈ പരിഷ്‌കരിച്ച ദര്‍സില്‍ പഠിച്ചവരാണ് തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ കേരളത്തില്‍ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചത്. ചാലിലകത്തിന്റെ മക്കള്‍ എം.സി.സി സഹോദരങ്ങള്‍, ജാമാതാവായിത്തീര്‍ന്ന കെ.എം.മൗലവി, പി.കെ. മൂസ മൗലവി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരായിരുന്നു. പക്ഷേ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദത്താല്‍ ആ ദര്‍സ് ഏറെത്താമസിയാതെ നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.
ഏകദേശം ഇതേ കാലഘട്ടത്തില്‍ ഇതേ രീതിയില്‍ അന്നത്തെ നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി മദ്‌റസ പരിഷ്‌കരിച്ച കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ല്യാര്‍ നടത്തിയിരുന്ന മലപ്പുറത്തിനടുത്ത പുണര്‍പ്പയിലെ അല്‍ മദ്‌റസത്തുല്ലുസൂമിയ്യ വലിയ വിപ്ലവം സൃഷ്ടിച്ചു. കരുവള്ളി മുഹമ്മദ് മൗലവി ലസൂമിയ്യയുടെ സന്തതിയായിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇന്നും പ്രശസ്തമായി നിലനില്ക്കുന്ന പുണര്‍പ്പ യു.പി.സ്‌കൂള്‍.
പരിഷ്‌കൃത ദര്‍സുകള്‍ക്ക് ഏറെയൊന്നും വേരോട്ടം ആദ്യകാലത്ത് ലഭിച്ചില്ല. എന്നാല്‍ അറബിക് കോളേജുകള്‍ എന്ന വിദ്യാകേന്ദ്രങ്ങള്‍ തത്സ്ഥാനത്ത് ഇടം പിടിക്കുകയുണ്ടായി. വാഴക്കാട് ദാറുല്‍ ഉലൂം നിര്‍ത്തലാക്കിയതിനു ശേഷം ആരംഭിച്ച പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം തുടങ്ങിയ സ്ഥാപനങ്ങള്‍ പില്കാലത്ത് സര്‍ക്കാര്‍ അംഗീകൃത അറബിക്കോളേജുകളായിത്തീര്‍ന്നു.