Skip to main content

പി എം സഈദ്

തന്റെ ഇരുപത്തിയാറാം വയസ്സില്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1967 മുതല്‍ 2004 വരെ തുടര്‍ച്ചയായി പത്ത് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം നാടായ ലക്ഷദ്വീപില്‍ നിന്ന് വജയിക്കുകയും ചെയ്ത മലയാളിയാണ് പി എം സഈദ്. കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. മന്ത്രിസഭയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം മരിക്കുമ്പോള്‍ ഇന്ത്യയുടെ ഊര്‍ജ മന്ത്രിയായിരുന്നു.

1941 മെയ് 10-ന് ലക്ഷദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിലാണ് ജനനം. ഉപരിപഠനം മുഴുവന്‍ ലക്ഷദ്വീപിനു പുറത്തായിരുന്നു. മാംഗ്ലൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലും മുംബൈയിലെ സിദ്ധാര്‍ഥ ലോ കോളജിലും പഠനം നടത്തിയ സഈദ് 1967ലാണ് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുന്നത്.

1967-ല്‍ ലോക്‌സഭയിലെത്തിയ ചെറുപ്പക്കാരനായ പി എം സഈദ്, ആദ്യമായി മന്ത്രിസ്ഥാനം അലങ്കരിക്കുന്നത് 1979-80 കാലഘട്ടത്തിലാണ്. ഉരുക്ക്, കല്‍ക്കരി, ഖനി തുടങ്ങിയ വകുപ്പുകളായിരുന്നു. 1993-95ല്‍ ആഭ്യന്തര വകുപ്പും 1995-96 കാലഘട്ടത്തില്‍ ഉരുക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. 1998 മുതല്‍ 2004 വരെ ആറു വര്‍ഷം ലോക്‌സഭയുടെ ഉപാധ്യക്ഷനായി കര്‍മ മണ്ഡലത്തില്‍ മുന്നേറി.

പിന്നീട് ഡല്‍ഹിയുടെ രാജ്യസഭാ പ്രതിനിധിയായിത്തീര്‍ന്ന ഇദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റിയിലും അംഗമായിരുന്നു. ഊര്‍ജമന്ത്രിയായിരിക്കെ 2005 ഡിസംബര്‍ 18-ന് തന്റെ 64-ാം വയസ്സില്‍ ഈ ദ്വീപ് നേതാവ് മരണമടഞ്ഞു.
 

Feedback