Skip to main content

ഭക്തനായ പണ്ഡിതന്‍ (2-2)

അബൂഅബ്ദില്ല സഈദുബ്‌നു ജുബൈര്‍ ക്രി. 665 (ഹി.46)ല്‍ ജനിച്ചു. എത്യോപ്യക്കാരനായ അടിമയായിരുന്നു ഈ അസദ് ഗോത്രക്കാരന്‍. അമവി ഖിലാഫത്തിലായിരുന്നു ജനനവും ജീവിതവും. നരച്ച താടിയും തലമുടിയും. കുറുത്തിരുണ്ട മേനി. എന്നാല്‍ അകമേ സൂക്ഷിച്ച ദൈവഭക്തി പുറം കറുപ്പിന് അഴകായി. ആര്‍ജിച്ച വിജ്ഞാനം അദ്ദേഹത്തെ ആദരണീയനുമാക്കി.

വിജ്ഞാന തൃഷ്ണയുമായി വളര്‍ന്ന സഈദിന് ഇബ്‌നു അബ്ബാസാ(റ)ണ് ദാഹം തീര്‍ത്തിരുന്നത്. ഖുര്‍ആനും വ്യാഖ്യാനവും ഹദീസും കര്‍മശാസ്ത്രവും ഖുര്‍ആന്‍ പാരായണവും ഇബ്‌നു അബ്ബാസില്‍ നിന്നാണ് സഈദ് പഠിച്ചത്.

ഇബ്‌നു അബ്ബാസിന്(റ) പുറമെ അബ്ദുല്ലാഹിബ്‌നു മുഗഫ്ഫല്‍, അദിയ്യുബ്‌നു ഹാതിം, അബൂമുസല്‍ അശ്അരി, ആഇശ, ഇബ്‌നു ഉമര്‍(റ) തുടങ്ങിയവരില്‍ നിന്നും അദ്ദേഹം ഹദീസുകള്‍ നിവേദനം ചെയ്തു.

സൂക്ഷ്മതയിലും പാണ്ഡിത്യത്തിലും സമകാലികരില്‍ അതുല്യനായിരുന്ന അദ്ദേഹം കൂഫയിലാണ് ശിഷ്ട ജീവിതത്തിനായി എത്തിയത്. വര്‍ഷത്തില്‍ ഓരോ ഉംറയും ഹജ്ജും അദ്ദേഹം ചെയ്തു. മിക്ക പകലിലും നോമ്പെടുത്തു. എല്ലാ രാത്രികളിലും നിശാനമസ്‌കാരം നിര്‍വഹിച്ചു. മൂന്നു ദിവസം കൊണ്ട് ഈ നമസ്‌കാരങ്ങളില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി ഓതിത്തീര്‍ക്കും.

റമദാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുമ്പോള്‍ ഒരു ദിവസം ഇബ്‌നു മസ്ഊദിന്റെ പാരായണ രീതിയാണ് അവലംബിക്കുക. അടുത്ത ദിവസം സൈദുബ്‌നു സാബിത്തിന്റെതായിരിക്കും. മൂന്നാം നാള്‍ മറ്റൊരു രീതിയിലായിരിക്കും പാരായണം. അത്രയേറെ പാരായണ വിദഗ്ധനായിരുന്നു സഈദ്.

ഇബ്‌നു അബ്ബാസിനോട് മതവിധി ചോദിച്ചെത്തുന്ന കൂഫ നിവാസികളോട് അദ്ദേഹം പറയുമായിരുന്നു, നിങ്ങള്‍ക്കിടയില്‍ സഈദുബ്‌നു ജുബൈറില്ലേ എന്ന്. ഇതുമാത്രം മതി ആ പണ്ഡിതവര്യന്റെ മഹത്വം തിരിച്ചറിയാന്‍.

 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446