Skip to main content

ഇമാം അഹ്മദുബ്‌നുഹമ്പല്‍ (1-5)

ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ഏറ്റവും വലിയ ആദര്‍ശശാലിയും ഭൗതിക പ്രലോഭനങ്ങള്‍ക്കു ഒരിക്കലും വഴങ്ങാത്ത ഉജ്വല വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു. ഇമാം ശാഫിഈ സ്വന്തം ശിഷ്യനായ അഹ്മദിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്. 'ഞാന്‍ ബഗ്ദാദ് വിടുമ്പോള്‍ അഹ്മദ് ഇബ്‌നു ഹമ്പലിനേക്കാള്‍ ശ്രേഷ്ഠനും വിജ്ഞാനിയും ഭക്തനുമായ മറ്റൊരു പണ്ഡിതനെയും അവിടെ കണ്ടില്ല'. ഖുര്‍ആന്‍ സൃഷ്ടിവാദമുന്നയിച്ച മുഅ്തസിലി പ്രസ്ഥാനത്തിനും അതിനു ശക്തിപകര്‍ന്ന അബ്ബാസി ഭരണാധികാരികള്‍ക്കുമെതിരില്‍ അഹ്മദ് നടത്തിയ രോമാഞ്ചജനകമായ ചെറുത്തുനില്‍പ്പില്ലായിരുന്നുവെങ്കില്‍ മുസ്‌ലിംകളുടെ ചരിത്രം തന്നെ സഞ്ചരിക്കുക മറ്റൊരു ദിശയിലൂടെയാകുമായിരുന്നു. റസൂലിന്റെ വാക്കോ പ്രവൃത്തിയോ വ്യക്തമാക്കുന്ന ഒരു ഹദീസ് കിട്ടിക്കഴിഞ്ഞാല്‍ അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തും മുമ്പായി ജീവിതത്തില്‍ പകര്‍ത്തുന്ന ഈ സത്യാന്വേഷി ചരിത്രത്തില്‍ ഒരിക്കലും മായാത്ത മാതൃകകള്‍ മുദ്രണം ചെയ്തു.

തുര്‍ക്കിസ്താനിലെ മര്‍വില്‍ ഹി. 164 റബീഉല്‍ അവ്വലില്‍ അഹ്മദ് പിറന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് മണ്‍മറഞ്ഞു. അനന്തര സ്വത്തായി ലഭിച്ച ഒരു തുണ്ടം ഭൂമിയില്‍ നിന്നുള്ള ചെറിയ വരുമാനം മാത്രമായിരുന്ന ഉപജീവനമാര്‍ഗം. ചെലവിനു നന്നേ വിഷമിച്ച മാതാവ് പുത്രനെ ശ്രദ്ധാപൂര്‍വം വളര്‍ത്തി. സുന്ദരിയായ ആ യുവതി മകനു ദോഷം ചെയ്യുമെന്നു ഭയന്ന് പുനര്‍വിവാഹം വേണ്ടെന്നു വെച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അഹ്മദ് എഴുത്തും വായനയും അഭ്യസിച്ചു. പൂര്‍വികന്‍മാരുടെ നല്ല കഥകളും മാതൃകകളും പറഞ്ഞുകേള്‍പ്പിച്ച മാതാവ് പുത്രനില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തി. 'ധാരാളം പണം ചെലവഴിച്ചു ഞാന്‍ എന്റെ കുട്ടിയെ അധ്യാപകനെ വെച്ച് പഠിപ്പിക്കുന്നു. പക്ഷേ, യതീമായ അഹ്മദ് എല്ലാ കുട്ടികളെയും കവച്ചുവെക്കുന്ന മിടുക്കന്‍!' മാതാവ് അഭിമാനം കൊണ്ടു. അയല്‍ക്കാര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

പിതൃവ്യന് ബഗ്ദാദില്‍ ഖലീഫക്ക് അന്നന്നത്തെ വാര്‍ത്തകള്‍ നാട്ടില്‍ നിന്നു ശേഖരിച്ച് എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ എത്തിക്കുന്ന ദൗത്യം അഹ്മദിനെ ഏല്‍പ്പിച്ചു. പക്ഷേ, വാര്‍ത്ത ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു. വിചാരണക്കു വിധേയനായപ്പോള്‍ കുട്ടി പറഞ്ഞു. 'ഞാന്‍ അത് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ആളുകള്‍ക്ക് ദോഷം ചെയ്യുന്ന വാര്‍ത്തകള്‍ എത്തിക്കുന്ന ജോലി തന്നെ ഏല്‍പ്പിച്ചതില്‍ അഹ്മദ് ശക്തിയായി പ്രതിഷേധിച്ചു. സൈനിക സേവനത്തിന് പോയ പുരുഷന്‍മാര്‍ ഭാര്യമാര്‍ക്ക് അയക്കുന്ന കത്തുകള്‍ വിശ്വസ്തതയോടെ വായിച്ചു കൊടുക്കുകയും സ്ത്രീകള്‍ പറയുന്ന മറുപടി എഴുതികൊടുക്കുകയും ചെയ്യുന്ന ചെറിയ സേവനവും അദ്ദേഹം നിര്‍വഹിച്ചു. എന്നാല്‍ ഭര്‍ത്താക്കന്‍മാരുടെ നേരെയുള്ള സ്ത്രീകളുടെ വഴിവിട്ട വികാര പ്രകടനം അദ്ദേഹം രേഖപ്പെടുത്തുമായിരുന്നില്ല.

പരമ ദരിദ്രനും അനാഥനുമായിരുന്ന അഹ്മദ് വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. ഉമ്മ എന്നും അഹ്മദിനു ഒരു ശക്തിസ്രോതസ്സും ആവേശവുമായിരുന്നു. തന്നെ പോറ്റാന്‍ ഉമ്മ സഹിക്കുന്ന വിഷമം മനസ്സിലാക്കി അവര്‍ക്കു അല്‍പം ആശ്വാസം നല്‍കാന്‍ അദ്ദേഹം നെയ്ത്ത് തൊഴിലിലേര്‍പ്പെട്ടു. മുനഷ്യന്‍ സ്വന്തം കൈകൊണ്ട് അധ്വാനിച്ചു തിന്നുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന ഹദീസ് അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ, ചെലവിനു തികയാതെ വന്നപ്പോള്‍ പണം കടം വാങ്ങി. അത് തിരിച്ചു കൊടുത്തപ്പോള്‍ കടം നല്‍കിയ ധനികന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. 'തിരിച്ചു വാങ്ങാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ അതു തന്നത്' എന്നായി അയാളുടെ ന്യായം. അഹ്മദ്: 'നിവൃത്തിയില്ല. തിരിച്ചു തരാന്‍ ഉദ്ദേശിച്ചു തന്നെയാണ് ഞാന്‍ കടം വാങ്ങിയത്'.

വിശപ്പു സഹിക്കാതെ വന്നപ്പോള്‍ കൃഷിത്തോട്ടത്തില്‍ നിന്നു അവയുടെ ഭൂമിയുടെ പുറത്തേക്കു കൊഴിഞ്ഞുവീഴുന്ന ഫലങ്ങള്‍ ശേഖരിച്ചു തിന്നാല്‍ അഹ്മദ് നിര്‍ബന്ധിതനായി. തോട്ടത്തിനുള്ളില്‍ കടന്നു തിന്നുന്നതിനേ വിലക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ചുമട്ടു തൊഴിലാളിയായും പകര്‍ത്തെഴുത്തുകാരനായും ജോലി നോക്കി പഠനയാത്രക്കാവശ്യമായ പണം അദ്ദേഹം ശേഖരിക്കുമായിരുന്നു. വാഹനക്കൂലിക്കു പണമില്ലാത്തതിനാല്‍ പലപ്പോഴും കാല്‍നടയായിട്ടാണ് സഞ്ചരിക്കുക.

അഹ്മദിന്റെ ചരിത്രം കണ്ട് ഇമാം ശാഫിഈ അദ്ദേഹത്തിനു ഒരു ജോലി തരപ്പെടുത്താന്‍ ശ്രമം നടത്തി. യമനില്‍ ഒരു ജഡ്ജിയുടെ ഒഴിവുണ്ടായിരുന്നു. ഖലീഫ മഅ്മൂന്‍ അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ ശാഫിഈയെ ഏല്‍പിച്ചതായിരുന്നു. പക്ഷേ, അഹ്മദ് ശാഫിഈക്കു കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. 'ഈ ജോലിയുടെ കാര്യം എന്നോട് ആവര്‍ത്തിച്ചാല്‍ ഇനി ഒരിക്കലും ഞാന്‍ ഇങ്ങോട്ടുവരില്ല.' ശാഫിഈ ലജ്ജിതനായി തലതാഴ്ത്തി.

അഹമദ് ഹദീസ് വിജ്ഞാനത്തില്‍ മാത്രമാണ് പ്രധാനമായും ശ്രദ്ധയൂന്നിയത്. പതിനഞ്ചാം വയസ്സില്‍ ഹദീസ് പഠിക്കാന്‍ തുടങ്ങിയ ആ ബാലന്‍ ഏഴുവര്‍ഷം ബഗ്ദാദിലെ പണ്ഡിതന്‍മാരുടെ കീഴില്‍ പഠിച്ചു. അബൂഹനീഫയുടെ ശിഷ്യനായ അബൂയൂസുഫാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഗുരു. എന്നാല്‍ യുക്തിന്യായത്തില്‍ മതവിധികള്‍ വ്യാഖ്യാനിക്കുന്നതില്‍ സ്ഥാനം കല്‍പിക്കുന്ന അബൂയൂസുഫിന്റെ രീതിയില്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. എങ്കിലും അബൂയൂസുഫിന്റെ ചിന്തകള്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ ഹി.176ല്‍ അദ്ദേഹം ബസറയിലേക്കും തുടര്‍ന്ന് ഹിജാസിലേക്കും പോയി. ഹിജാസില്‍വെച്ചാണ് മസ്ജിദുല്‍ ഹറാമില്‍ ശാഫിഈയെ പരിചയപ്പെടുന്നത്. ഈ മനുഷ്യന്റെ വിജ്ഞാനം നമുക്ക് നഷ്ടപ്പെടുകയാണെങ്കില്‍ അന്ത്യനാള്‍ വരെ അത് പരിഹരിക്കാന്‍ കഴിയില്ല. ശാഫിഈയെപ്പറ്റി അഹ്മദിന്റെ പ്രതികരണം ഇതായിരുന്നു. ഇറാഖിലേക്കു പോയ അഹ്മദ് വീണ്ടും ഹിജാസിലേക്ക് തിരിച്ചെത്തി ഇമാം മാലിക്കുമായി ബന്ധപ്പെട്ടു. റയ്യില്‍പോയി ജരീറുബ്‌നു അബ്ദില്ലയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിനു ഉല്‍കടമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, 15 ദിര്‍ഹം കൈയിലില്ലാത്തതിനാല്‍ അത് സാധിച്ചില്ല.

ബഗ്ദാദില്‍ വെച്ചു ശാഫിഈയെ കണ്ടുമുട്ടിയപ്പോള്‍ അഹ്മദിന്റെ വൈജ്ഞാനിക കഴിവിലും ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നതിലുള്ള സൂക്ഷ്മതയിലും മതിപ്പു തോന്നിയ ശാഫിഈ പറഞ്ഞു. നിങ്ങള്‍ക്കു അന്യൂനമായ ഒരു ഹദീസ് ലഭിച്ചാല്‍ അത് എന്നെ അറിയിക്കണം.

വിജ്ഞാനത്തിനു അഹ്മദു കല്‍പിച്ചിരുന്ന വില എത്രവലുതായിരുവെന്ന് വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ പുത്രന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹ്മദും യഹ്‌യ ഇബ്‌നു മഈനും ഹജ്ജിനു പുറപ്പെട്ടു. ഹജ്ജ് കഴിഞ്ഞശേഷം സന്‍ആഇല്‍ ചെന്നു അബ്ദുറസ്സാഖുബ്‌നു ഹുമാം എന്ന ഹദീസ് പണ്ഡിതനെ കാണാമെന്നും അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ മക്കയില്‍ വന്നപ്പോള്‍ അതാ അബ്ദുര്‍റസാഖ് ത്വവാഫ് ചെയ്യുന്നു. ത്വവാഫ് കഴിഞ്ഞ ശേഷം അദ്ദേഹവുമായി പരിചയപ്പെട്ടു. യഹ്‌യാ ഹദീസ് പഠനത്തിന് സമയം നിശ്ചയിക്കാന്‍ അഹ്മദിനോടാവശ്യപ്പെട്ടു. നാം ഹജ്ജ് കഴിഞ്ഞ് സന്‍ആഇല്‍ അബ്ദുറസാഖിന്റെ താമസസ്ഥലത്ത് ചെന്നു അദ്ദേഹത്തെ കാണാനാണ് നിയ്യത്ത് ചെയ്തിട്ടുള്ളത്. ഇവിടെ വന്നു അദ്ദേഹത്തോടു സംസാരിക്കുന്നത് ശരിയല്ല. 

ഹജ്ജ് കഴിഞ്ഞു യമനിലേക്കുപോയി അബ്ദുറസാഖില്‍ നിന്നും ധാരാളം ഹദീസ് പഠിച്ചു. അഹ്മദിന്റെ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കിയ അബ്ദുറസാഖ് അദ്ദേഹത്തിന് കുറച്ചു ദീനാര്‍ സമ്മാനിച്ചെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒരു പകര്‍ത്തെഴുത്തുകാരന്റെ ജോലി ചെയ്തു അത്യാവശ്യത്തിനുള്ളത് സമ്പാദിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അഹ്മദില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ മറ്റൊരു ഗുരുവായ അബ്ദുല്ലാഹിബ്‌നുല്‍ മുബാറക് അറിവും ധനവും ഒത്തുകൂടിയ പണ്ഡിതനായിരുന്നു. പക്ഷേ, ഒരു ദിരദ്രനെപ്പോലെ ജീവിച്ച അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ സദാസമയവും ദരിദ്രരുടെയും ആവശ്യക്കാരുടെയും വലിയ തിരക്കായിരുന്നു. തന്റെ കൊട്ടാരത്തില്‍ പോലും കാണാത്ത ഈ കാഴ്ച ഖലീഫയെ അത്ഭുതപ്പെടുത്തി. അഹ്മദിനെ സാമ്പത്തികമായി സഹായിക്കാന്‍ ഈ പണ്ഡിതന്‍ തയ്യാറായെങ്കിലും അഹ്മദ് പറഞ്ഞു. എനിക്ക് നിങ്ങളുടെ വിജ്ഞാനം മതി. പണം വേണ്ട.

കഠിനമായ അധ്വാനവും ദാരിദ്ര്യവും രണ്ടും കൂടിയായപ്പോള്‍ അഹ്മദ് നന്നേ ക്ഷീണിച്ചു. അറിവു തേടി നാടുചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ഈ യാത്ര ഏതുവരെ? ആരോ ചോദിച്ചു. അഹ്മദ് പറഞ്ഞു. മിനല്‍ മഹ്ബറ ഇലല്‍ മഖ്ബറ (ഖബറില്‍ പ്രവേശിക്കും വരെ അറിവു തേടി യാത്ര ചെയ്യും). 

 


 

Feedback