Skip to main content

മദ്ഹബുകളുടെ ആവിര്‍ഭാവം

താബിഉകളുടെ ശിഷ്യന്മാരായ താബിഉത്താബിഉകളുടെ കാലഘട്ടത്തിലാണ് മദ്ഹബുകളുടെ ഇമാമുമാരുടെ ജീവിതകാലം. ഇമാം അബൂഹനീഫയെ ചിലരൊക്കെ താബിഉകളില്‍ എണ്ണാറുണ്ടെന്നത് ഇവിടെ അനുസ്മരിക്കട്ടെ. അനഭിലഷണീയമായ ഒട്ടേറെ കാര്യങ്ങള്‍ മുസ്്‌ലിം സമൂഹത്തെ ഗ്രസിച്ചിരുന്ന സമയമായിരുന്നു ഇത്. വിവിധ കക്ഷികളായി അവര്‍ പിരിഞ്ഞു. ഓരോ കക്ഷിയും അവരവരുടെ വാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ ബദ്ധശ്രദ്ധരായി. പല വിഷയങ്ങളിലും ഇജ്തിഹാദ് നടത്തേണ്ടിവന്നു. ഒരു വിഷയത്തില്‍ ഒന്നിലധികം പണ്ഡിതന്മാര്‍ ഗവേഷണം നടത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരിലേക്ക് അവ ചേര്‍ത്തുപറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് വ്യത്യസ്ത മദ്ഹബുകള്‍ ആവിര്‍ഭവിച്ചത്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നാലാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലത്തായി 138 മദ്ഹബുകള്‍ ജന്മമെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത്തരം വ്യത്യസ്താഭിപ്രായങ്ങള്‍ മതത്തിന്റെ ശാഖാപരമായ വിഷയങ്ങളില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. 

ഈ കാലയളവില്‍ ഇസ്‌ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിധികള്‍ നല്‍കിയ പണ്ഡിത കേസരികളില്‍ ചിലരെ നമുക്കു പരിചയപ്പെടാം.
 
1. ഇമാം അബൂഹനീഫ (മരണം ഹി.150)  കൂഫ

2. അബ്ദുള്ളാഹിബ്‌നു ശുബ്‌റുമ (മരണം ഹി.  172) കൂഫ

3. ഇബ്‌നു അബീലൈല (മരണം ഹി.148) കൂഫ 

4. സുഫ്‌യാനുസൗരി (മരണം ഹി. 161)  കൂഫ
    
5. ഇബ്‌നുജുറൈജ് (മരണം ഹി.150) മക്ക
    
6. സുഫ്‌യാനുബ്‌നു ഉയൈന (മരണം ഹി. 198) മക്ക
    
7. മാലികുബ്‌നു അനസ് (മരണം ഹി. 179) മദീന  
    
8. ഖൈസുബ്‌നു സഅ്ദ് (മരണം ഹി. 175) ഈജിപ്ത്
    
9. ഇമാം ശാഫിഈ (മരണം ഹി.  204) ഈജിപ്ത്
    
10. ഔസാഈ  (മരണം ഹി. 204 ) ശാം
    
11. ഇസ്ഹാഖുബ്‌നു റാഹവൈഹി (മരണം ഹി. 238 ) നൈസാബൂര്‍
    
12. അബുസൗര്‍ (മരണം ഹി. 246 ) ബഗ്ദാദ്
   
13. അഹ്്മദ്ബ്‌നു ഹംബല്‍ (മരണം ഹി. 241) ബഗ്ദാദ്
    
14. ദാവൂദ് അല്‍ ഇസ്വ്ബഹാനി (മരണം ഹി. 237) ബഗ്ദാദ്
    
15. ഇബ്‌നു ജരീറുത്വബ്‌രീ (മരണം ഹി.231)ബഗ്ദാദ്

മുകളില്‍ സൂചിപ്പിച്ചവരും അല്ലാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ മതരംഗത്ത് ഗണനീയങ്ങളായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെയൊക്കെ പരിശ്രമത്തിന്റെ ഗുണം ഇസ്‌ലാമിക സമൂഹം അനുഭവിച്ചിട്ടുമുണ്ട്. ഇവരില്‍  വിരലിലെണ്ണാവുന്നവരുടെ മദ്ഹബുകള്‍ക്ക് മാത്രമേ ആധുനിക കാലത്ത് അനുയായികളുള്ളൂ എന്നതാണ് വസ്തുത. കാലാകാലങ്ങളായി നിലവില്‍ വന്ന ഭരണ കര്‍ത്താക്കളില്‍ നിന്ന് ലഭിച്ച പിന്തുണ; അതാതു കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇമാമുമാരുടെ അനുയായികള്‍ നടത്തിയ പ്രചാരണത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് നിലവിലുള്ള മദ്ഹബുകളുടെ അതിജീവനം സാധ്യമാക്കിയതില്‍ മുഖ്യഘടങ്ങള്‍.

ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, സിറിയ, ഈജിപ്ത്, യമന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, തുര്‍ക്കുമാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും ഏറെ അനുയായികളുള്ള മദ്ഹബാണ് ഇമാം അബൂഹനീഫയുടെ പേരില്‍ അറിയപ്പെടുന്ന ഹനഫീ മദ്ഹബ്. അതുപോലെ ശാഫീഈ, മാലിക്കീ, ഹംബലീ മദ്ഹബുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. ഒമാനിലും മറ്റും സ്വാധീനമുള്ള ഇബാദ്വി മദ്ഹബ്, യമനിലും മറ്റും നിലവിലുള്ള ഉസൈദീ മദ്ഹബ് എന്നിവയ്ക്കും ഇന്നും അനുയായികളുണ്ട്.
 
മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ ചില വിഷയങ്ങളില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഉണ്ട്. അങ്ങനെയുള്ളതുകൊണ്ട് കൂടിയാണ് അവയത്രയും വ്യത്യസ്ത മദ്ഹബുകളായത്. എന്നാല്‍ മേലുദ്ധരിച്ച ഒരൊറ്റ ഇമാമും ജനങ്ങളത്രയും തങ്ങളുടെ അഭിപ്രായമാണ് സ്വീകരിക്കേണ്ടത് എന്ന് ആരോടും അനുശാസിച്ചിട്ടേയില്ല. നബിയില്‍ നിന്ന് വല്ല അധ്യാപനവും തങ്ങള്‍ പറഞ്ഞതിന് എതിരായിട്ടാണ് വന്നതെങ്കില്‍, തങ്ങളുടെ അഭിപ്രായം തള്ളിക്കളഞ്ഞ് ഹദീസുകള്‍ക്കനുസരിച്ച് ജീവിക്കണമെന്നാണ് എല്ലാ ഇമാമുകളും പ്രത്യേകം നിര്‍ദേശിച്ചത്.

ഖേദകരമായ വസ്തുത, ഇമാമുകളുടെ കാലശേഷം ഒരോ മദ്ഹബും പ്രത്യേകം പ്രത്യേകം കക്ഷികളായി മാറുകയും, തങ്ങളൊഴിച്ചുള്ളവര്‍ ശരിയായ മാര്‍ഗത്തിലല്ല എന്നൊരു ചിന്താഗതി മദ്ഹബു വാദികള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. നാലില്‍ ഒരു മദ്ഹബ് തഖ്‌ലീദ് (അനുകരിക്കല്‍) ചെയ്യുക നിര്‍ബന്ധമാണെന്ന് പറയുന്നേടം വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍ പക്വമതികളായ പണ്ഡിതന്മാര്‍ ഈ തഖ്‌ലീദ് വാദത്തെ തളളിക്കളയുകയും ഖുര്‍ആനും സ്വഹീഹായ സുന്നത്തിനുമനുസരിച്ചാണ് മുസ്്‌ലിമിന്റെ ജീവിതം ക്രമീകരിക്കേണ്ടതെന്ന് പഠിപ്പിക്കയും ചെയ്തു.

ഹദീസുകള്‍ കുറ്റമറ്റ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടത് മദ്ഹബ് ഇമാമുകളുടെ കാലശേഷമാണ്. അതുകൊണ്ട്് തന്നെ അവര്‍ക്ക് ലഭിക്കാതെ പോയ നിരവധി പ്രവാചക മാതൃകകള്‍ ഇന്ന്് നമ്മുടെ മുമ്പിലുണ്ട്. ഒരു യഥാര്‍ഥ വിശ്വാസി ഇസ്്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും, നബിചര്യയുമായി മദ്ഹബിന്റെ അഭിപ്രായങ്ങള്‍ വിരുദ്ധമായി കണ്ടാല്‍ ഖുര്‍ആനിന്നും സുന്നത്തുമനുസരിച്ചാണ് നിലകൊള്ളുക. ഇത് തന്നെയായിരുന്നു ഇമാമുകളുടെ ഉപദേശവും. ആ ഉപദേശം സ്വീകരിച്ച മദ്ഹബീ പണ്ഡിതന്മാര്‍ തന്നെ, തങ്ങളുടെ ഗുരുക്കന്മാരുടെ നിരവധി വീക്ഷണങ്ങള്‍ മാറ്റി നിറുത്തിയത് കാണാന്‍ കഴിയും. 
 
മുസ്ലിം സമൂഹത്തില്‍ നിരവധി മദ്ഹബുകള്‍ ആവിര്‍ഭവിച്ചെങ്കിലും അവയില്‍ ബഹുഭൂരി പക്ഷവും നാമാവശേഷമായി. ഏതാനും ചില മദ്ഹബുകള്‍ മാത്രമാണിന്ന് നിലനില്‍ക്കുന്നത്. അവയില്‍ പ്രധാനപ്പെട്ട 4 മദ്ഹബുകളെക്കുറിച്ച് നമുക്ക് ലഘുവായി പരിചയപ്പെടാം.


 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446