''ഈസാ പ്രവാചകനെ കുരിശില്‍ തറച്ച് കൊല്ലുക.'' ജൂതന്‍മാര്‍ നല്‍കിയ കള്ളപ്പരാതിയില്‍ റോമന്‍ ചക്രവര്‍ത്തി സീസറിന്റെ കോടതി വിധിപറഞ്ഞു. ആര്‍പ്പുവിളിച്ചും അലമുറയിട്ടും ജൂതന്‍മാര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
കൊലമരമൊരുങ്ങി. കുരിശും ചുമത്തി സീസറിന്റെ പൊലീസുകാര്‍ ഈസായെ കൊലമരത്തിലേക്ക് നയിച്ചു. സമയം സന്ധ്യമയങ്ങി, ഇരുട്ടുപരന്നു. കുരിശു ചുമന്ന് തളര്‍ന്ന ഈസാ വീഴുമെന്നായപ്പോള്‍, ചീത്തവിളിച്ചും ആടിപ്പാടിയും ഈസായെ പിന്തുടര്‍ന്നിരുന്ന ജൂതയുവാക്കളില്‍ ഒരാളോട് കുരിശു ചുമക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അയാളത് ചുമന്നു. അയാള്‍ പിന്നീട് ഈസാ(അ)യോട് സാദൃശ്യമുള്ളയാളാക്കപ്പെട്ടു.
കൊലമരം അടുത്തെത്തി. വിധി നടപ്പാക്കിയത് മറ്റൊരു സംഘമായിരുന്നു. അവര്‍ കുരിശു ചുമന്നു കൊണ്ടുവന്ന യുവാവിനെ ബലമായി പിടിച്ച് കുരിശില്‍ തറച്ചു. താനല്ല കുറ്റവാളി എന്ന് അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ മരണം മുന്നില്‍ കാണുന്നവന്റെ അട്ടഹാസങ്ങള്‍ ആരുകേള്‍ക്കാന്‍. കൈകാലുകളില്‍ ആണിയടിച്ചു കയറ്റവെ, കുരിശില്‍ കിടന്നു പിടയുന്ന യുവാവിനെ നോക്കി ജൂതന്‍മാര്‍ വിജയാരവം മുഴക്കി; അത് തങ്ങളുടെ ശത്രുവായ ഈസായാണെന്ന ധാരണയില്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു:
''അല്ലാഹുവിന്റെ ദൂതനായ മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്ന് പറഞ്ഞതിനാല്‍ (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). അദ്ദേഹത്തെ അവര്‍ കൊന്നിട്ടില്ല കുരിശില്‍ തറച്ചിട്ടുമില്ല. എന്നാല്‍ അവര്‍ക്ക് ആളെ മാറിപ്പോവുകയായിരുന്നു''(നിസാഅ് 157).
പിതാവില്ലാതെ ജനനം, ദിവ്യസഹായത്താല്‍ അത്ഭുതങ്ങള്‍ കാണിച്ച് ജീവിതം, അല്ലാഹു തന്നിലേക്കുയര്‍ത്തിയ അന്ത്യം. ഇതായിരുന്നു ഈസാപ്രവാചകന്‍, അഥവാ യേശുക്രിസ്തു.
ഇസ്‌റാഈല്‍ ജനതയില്‍, പ്രവാചകന്‍മാരുടെ അധ്യാപനങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്ന ഇംറാന്റെ ഭാര്യ ഗര്‍ഭിണിയായി. പിറക്കുന്ന കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക് നേര്‍ച്ചയാക്കി അവര്‍. അങ്ങനെ പിറന്നതാണ് മര്‍യം. പെണ്‍കുട്ടിയാണെങ്കിലും അവര്‍ നേര്‍ച്ച പാലിച്ചു. വളര്‍ന്ന മര്‍യമിനെ പള്ളിയിലേക്ക് നല്‍കി. ഇംറാന്‍ മരിച്ചതിനാല്‍ സംരക്ഷണ ബാധ്യത സഹോദരി ഭര്‍ത്താവുകൂടിയായ സകരിയ്യ(അ)യെയും ഏല്‍പ്പിച്ചു ആ മാതാവ്.
അദ്ഭുത ജനനം
പള്ളിയില്‍ കഴിയുന്നതിനിടെയാണ് പുരുഷസ്പര്‍ഷം പോലും ഏല്‍ക്കാതെ മര്‍യം ഗര്‍ഭം ധരിക്കുന്നത്. അല്ലാഹുവിന്റെ നിശ്ചയമായിരുന്നു അത്:''തന്റെ ചാരിത്ര്യം സൂക്ഷിച്ച ഒരുവളെ ഓര്‍ക്കുക. അവളില്‍ നാം നമ്മുടെ ആത്മാവില്‍ നിന്ന് ഊതുകയും അവളെയും അവളുടെ മകനെയും ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു''(അമ്പിയാഅ് 91). (മര്‍യം 16-21, ആലു ഇംറാന്‍ 45-47 എന്നീ സൂക്തങ്ങളിലും ഇക്കാര്യമുണ്ട്).
മര്‍യം പ്രസവിച്ചു. ഒരാണ്‍കുഞ്ഞ്. കുഞ്ഞിനെയും കൊണ്ട് അവര്‍ സ്വന്തം നാട്ടിലേക്കു പോയി. നൂറായിരം ചോദ്യങ്ങളോടെയാണ് അവര്‍ ആ പാവം സ്ത്രീയെ വരവേറ്റത്. പക്ഷേ മര്‍യം മിണ്ടിയില്ല. മൗനവ്രതമെടുക്കാനായിരുന്നു ദൈവ കല്പന.
'നിന്റെ പിതാവ് നല്ലവനായിരുന്നു; മാതാവും പതിവ്രതതന്നെ. പിന്നെ നീയെങ്ങനെ പിഴച്ചുപോയി?' ചോദ്യം കടുത്തപ്പോള്‍ മര്‍യം തൊട്ടിലിലേക്ക് ചൂണ്ടിപ്പറഞ്ഞു: ''അവനോട് ചോദിക്കൂ''.
അവര്‍ മിഴിച്ചു നില്‍ക്കെ തൊട്ടിലില്‍ കിടന്ന ശിശു സംസാരിച്ചു:''ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് ഗ്രന്ഥം നല്‍കി. എന്നെ പ്രവാചകനുമാക്കി. ഞാന്‍ എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനുമാക്കി''(19: 30,31).
നാവിറങ്ങിയ ജനക്കൂട്ടം പിരിഞ്ഞുപോയി. അവരുടെ ചോദ്യങ്ങള്‍ പുകയാവുകയും ചെയ്തു, എന്നാലും ഒരു സംശയം, പിതാവില്ലാതെ കുഞ്ഞ് ജനിക്കുകയോ? മാതാവും പിതാവുമില്ലാതെ ആദമിനെ സൃഷ്ടിച്ച അല്ലാഹുവിന് പിതാവ് മാത്രമില്ലാതെ ഈസായെ സൃഷ്ടിക്കാനെന്താണ് തടസ്സം? എന്നാല്‍ ഈസാ ദൈവമോ ദൈവപുത്രനോ ദൈവത്തിന്റെ പങ്കാളിയോ അല്ല, ദൈവത്തിന്റെ അടിമയും അവന്റെ പ്രവാചകനും മാത്രമാണു താനും. ഈ വസ്തുതയും ഇതോടൊപ്പം പ്രഖ്യാപിക്കുന്നുണ്ട് ഖുര്‍ആന്‍. ഈസായുടെ അദ്ഭുത ജനനത്തെ ചിലര്‍ പില്ക്കാലത്ത് ദുര്‍വ്യാഖ്യാനിക്കാനിടയുണ്ടെന്ന് ദീര്‍ഘ ദര്‍ശനം ചെയ്യുകയാണ് ഖുര്‍ആന്‍ (3:59).
ഇസ്ഹാഖിന്റെ പരമ്പരയിലെ അവസാനത്തെ ദൈവദൂതനാണ് ജനിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍, മുഹമ്മദ് നബി(സ്വ) ജനിച്ചതിന്റെ 570 വര്‍ഷങ്ങള്‍ക്കു മുമ്പ്. ബി.സിയും എ.ഡിയും പിരിയുന്നത് ഈസാ(അ)യുടെ ജനന ദിവസത്തിലാണ്.
പ്രബോധനവും ദൃഷ്ടാന്തങ്ങളും
അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ച് അവനെ മാത്രം വണങ്ങിയും ആരാധിച്ചും ജീവിക്കുക, അവനില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മുന്‍ഗാമികളായ ദൈവദൂതന്‍മാര്‍ പ്രബോധനം ചെയ്ത അതേ സന്ദേശം തന്നെയായിരുന്നു ഈസാ നബി(അ)ക്കും തന്റെ ജനതയോട് പറയാനുണ്ടായിരുന്നത്. തനിക്കു മുമ്പു വന്ന മൂസാനബി(അ)യുടെ തൗറാത്തിനെ അംഗീകരിച്ചുകൊണ്ടും തനിക്കു ശേഷം വരാനിരിക്കുന്ന മുഹമ്മദ് നബി(അ)യെക്കുറിച്ച് സുവിശേഷമറിയിച്ചുകൊണ്ടുമായിരുന്നു ഇഞ്ചീലുമായി ഈസാ(അ)യുടെ നിയോഗം(61: 6).
എന്നാല്‍ ഇസ്‌റാഈല്‍ സമൂഹം ഈസാ(അ)യെ അംഗീകരിച്ചില്ല. തൗറാത്തില്‍ നിന്ന് ഏറെ അകന്നുപോയ അവര്‍ ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെ അടിമകളായിപ്പോയിരുന്നു. കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്തവയില്‍(ദൈവത്തില്‍) അവര്‍ വിശ്വസിച്ചില്ല. ആത്മാവിനെ അവര്‍ നിരാകരിച്ചു. വംശീയതയില്‍ ഊറ്റം കൊണ്ടു. യഹൂദരല്ലാത്തവരെ നീചരായിക്കണ്ടു. പാവങ്ങളോട് ക്രൂരതകാട്ടി. പ്രമാണിമാരെ വണങ്ങി. പലിശ വ്യാപകമാക്കി. തൗറാത്തിനെ വികലമാക്കി.
ഈയവസ്ഥയില്‍ ഈസാ(അ)യുടെ അധ്യാപനങ്ങളെ അവര്‍ ശല്യമായി കണ്ടു. അതുകൊണ്ടു തന്നെ ശത്രുവിനെപ്പോലെയാണ് അവര്‍ പ്രവാചകനോട് പെരുമാറിയത്. പരിഹാസങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി ഈസാ(അ) എല്ലാ വഴികളും താണ്ടി. പാവങ്ങളെ ആശ്വസിപ്പിച്ചു.
കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി അതില്‍ ഈസാ(അ) ഊതും. അപ്പോഴത് പക്ഷിയായി പറക്കും. ജന്മനാ അന്ധത ബാധിച്ചവന് അദ്ദേഹം കാഴ്ച്ചശക്തി നല്കി. വെള്ളപ്പാണ്ട് മായ്ച്ചു കളഞ്ഞു. ജനങ്ങള്‍ തിന്നുന്നതും വീട്ടില്‍ സൂക്ഷിച്ചുവെക്കുന്നതുമായ ഭക്ഷണത്തെപ്പറ്റി തനിക്ക് അദൃശ്യമായിരുന്നിട്ടും പറഞ്ഞു കൊടുത്തു. മരിച്ചവരെ ജീവിപ്പിച്ചു, എല്ലാം അല്ലാഹുവിന്റെ അനുമതിയോടെയും സഹായത്തോടെയും (3: 49).
അത്ഭുത ദൃഷ്ടാന്തങ്ങള്‍ ഒന്നൊന്നായി കാണിച്ചപ്പോള്‍ സമൂഹത്തിന്റെ നാവിറങ്ങി. കാണാത്തത് വിശ്വസിക്കില്ലെന്നും ആത്മാവില്ലെന്നുമുള്ള അവരുടെ വാദങ്ങള്‍ തകര്‍ക്കുന്നതായിരുന്നു ഈ ദൃഷ്ടാന്തങ്ങള്‍. അതോടെ അവര്‍ അടവ് മാറ്റി.
ഈസാ(അ)യുടെ മാതാവിനെ വ്യഭിചാരിണിയെന്ന് ആക്ഷേപിച്ചു. ഈസാ(അ)യെ ജാരസന്താനമെന്നു വിളിച്ച് അപഹസിച്ചു. ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് അപായപ്പെടുത്തി. വഴികള്‍ മുടക്കി. എല്ലാം സഹനത്തോടെ നേരിട്ടു ഈസാ(അ). അവരെ വീണ്ടും അദ്ദേഹം അല്ലാഹുവിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചു: ''അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കണം, എന്നെ അനുസരിക്കുകയും വേണം. അല്ലാഹുവാണ് എന്റെയും നിങ്ങളുടെയും നാഥന്‍. അവനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ. നേരായ വഴി ഇതുമാത്രമാണ്''(43: 63,64).