ഭൂവാസത്തിനായി മനുഷ്യ പിതാവിനെയും മാതാവിനെയും അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് പറഞ്ഞയച്ചപ്പോള്‍ അവര്‍ക്കു നല്കിയ രണ്ടു നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്: പരിശ്രമം ചെയ്യുകില്‍ എന്തിനെയും വശത്തിലാക്കാന്‍ കഴിയുന്ന വണ്ണം ബുദ്ധിയും ശക്തിയും മനുഷ്യന്നു നല്കുകയും (2:36) ഭൂവിഭവങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടി സജ്ജമാക്കുകയും (2:29) ചെയ്തു. രണ്ട്: ആത്മീയ പോഷണത്തിനാവശ്യമായ മാര്‍ഗദര്‍ശനം വന്നുകിട്ടിയാല്‍ അതു പിന്‍പറ്റുക. എങ്കില്‍ ദുഃഖിക്കേണ്ടി വരില്ല (2:38). ജീവിത വിഭവങ്ങള്‍ തേടുക എന്ന ഒന്നാമത്തെ കാര്യത്തിന് കായിക ശേഷിയും ചിന്താശേഷിയുമാണ് വേണ്ടത്. എന്നാല്‍ സത്യം, ധര്‍മം തുടങ്ങിയ സനാതന മൂല്യങ്ങള്‍ മനുഷ്യര്‍ക്ക് സ്വന്തം കഴിവുകള്‍ കൊണ്ട് നേടാന്‍ കഴിയില്ല. അത് സ്രഷ്ടാവ് അപ്പപ്പോള്‍ എത്തിച്ചു തരും. അതിനുള്ള മാര്‍ഗമാണ് പ്രവാചകത്വം. അതായത് മനുഷ്യരില്‍ നിന്നുതന്നെ തെരഞ്ഞെടുത്ത ആളുകള്‍ക്ക് ദിവ്യബോധനം നല്കുകയും അവര്‍ ജനങ്ങളെ സത്യത്തിന്റെ വഴിയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
''ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്തു വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല''(7:35). ഈ സംവിധാനമാണ് ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള ദൈവദൂത ശൃംഖലയിലൂടെ അല്ലാഹു ചെയ്തത്. ദൈവദൂതന്മാര്‍ക്ക് നബി, മുര്‍സല്‍, റസൂല്‍ എന്നെല്ലാമാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചത്. അല്ലാഹുവിന്റെ അനുമതിയോടെ വരാനിരിക്കുന്ന ലോകത്തിലെ (പരലോകം) കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞുതരുന്നവര്‍ എന്ന ആശയത്തില്‍ പ്രവാചകന്‍മാര്‍ എന്ന് മലയാളത്തില്‍ പ്രയോഗിച്ചുവരുന്നു.
മുഹമ്മദ് നബി ദൈവദൂതരില്‍ അന്തിമനാണ്. അതുവരെയായി അനേകായിരം നബിമാര്‍ വന്നിട്ടുണ്ട്. ദൈവദൂതന്‍ വരാത്ത ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (35: 24). എന്നാല്‍ ഇതില്‍ ഏതാനും നബിമാരെപ്പറ്റി മാത്രമേ വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ളൂ. പ്രവാചകന്‍മാരില്‍ വിശ്വസിക്കുക എന്നത് ഈമാന്‍ കാര്യങ്ങളില്‍പെട്ടതാണ്. എല്ലാ പ്രവാചകന്‍മാരിലും വിശ്വസിക്കണം. പ്രവാചകന്‍മാര്‍ക്കിടയില്‍ നാം വിവേചനം കാണിച്ചുകൂടാ (2:136).