മദീനയെ കണ്ണീരണിയിച്ച് തിരുനബി(സ്വ) മരണപ്പെട്ടു. കദനഭാരവുമായി നിരാശയോടെ നിന്ന സമുഹത്തെ പക്ഷേ, സിദ്ദീഖ്(റ) ഉയര്‍ത്തിയെടുത്തു.
''ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. ആരെ ങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നുവെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്ന വനുമാണ്''.
തിരുനബി(സ്വ)യുടെ മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ മുസ്‌ലിംകള്‍ ബനൂസാഇദ ഹാളില്‍ സമ്മേളിച്ചു. പ്രവാചകന്‍ പിന്‍ഗാമിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നതിനാല്‍ ഉമര്‍(റ) നിര്‍ദേശിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അബൂബക്‌റി(റ)ന്റെ പേര് ഐകകണ്‌ഠ്യേന അംഗീകരിക്ക പ്പെട്ടു.
വിനയവും ലാളിത്യവും ജീവിതസന്ദേശമാക്കിയ ഖലീഫ ആദ്യമായി തന്റെ കീഴിലുള്ളവരെ അഭിസംബോധന ചെയ്തു: ''സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠനേയല്ല. എന്നാലും ഞാന്‍ നിങ്ങളുടെ ഖലീഫയാണിപ്പോള്‍. ഞാന്‍ നേര്‍വഴിയിലാണെങ്കില്‍ നിങ്ങളെന്നെ സഹായിക്കണം. വഴി തെറ്റിയാല്‍ എന്നെ നേര്‍വഴിയിലാക്കുകയും വേണം.''
അബൂബക്‌റി(റ)ന്റെ മുന്നില്‍ മൂന്ന് പ്രതിസന്ധികളാണ് ഉണ്ടായത്. മുഹമ്മദ് നബിയുടെ മതം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു എന്ന വാദവുമായി മതപരിത്യാഗം നടത്തിയ ഒരു വിഭാഗം. സകാത്ത് നല്‍കിയിരുന്നത് മുഹമ്മദിനാണ്. അദ്ദേഹം മരിച്ചതിനാല്‍ ഇനി നല്‍കേണ്ടതില്ല എന്ന വീക്ഷണവുമായി സകാത്ത് നിഷേധിച്ച മറ്റൊരു വിഭാഗം. മുഹമ്മദ് നബിയോടെ നുബുവ്വത്ത് നിലച്ചിട്ടില്ലെന്ന നിലപാടുമായി വ്യാജപ്രവാചകന്‍മാരായി ചമഞ്ഞു മൂന്നാമതൊരു വിഭാഗം.
അബൂബക്ര്‍(റ) ഇവര്‍ക്കെല്ലാം മുന്നറിയിപ്പു നല്‍കി. പിന്തിരിയാത്തവര്‍ക്കെതിരെ വിട്ടുവീഴ്ച ചെയ്തില്ല അദ്ദേഹം. ഖാലിദുബ്‌നുല്‍ വലീദ്(റ), ഇക്‌രിമ(റ), അംറുബ്‌നുല്‍ ആസ്വ്(റ) എന്നിവരുടെ നായകത്വത്തില്‍ സൈന്യം ഒരുക്കി. കുഴപ്പക്കാരെ മുഴുവന്‍ അടിച്ചമര്‍ത്തിയ ഖലീഫ സമുദായത്തിന്റെ പ്രതാപം വീണ്ടെടുത്തു.
രണ്ടു വര്‍ഷവും മൂന്നു മാസവും നീണ്ടുനിന്ന അബൂബക്‌റി(റ)ന്റെ ഭരണ കാലത്താണ് ഇസ്‌ലാമിക സാമ്രാജ്യം വികസിക്കാന്‍ തുടങ്ങിയത്. ശാമിലെയും ഇറാഖിലെയും പലഭാഗങ്ങളും മുസ്‌ലിംകള്‍ ക്കധീനമായി. യര്‍മൂക്ക് യുദ്ധത്തിലൂടെ റോമയിലേക്കും പ്രവേശിച്ചു തുടങ്ങി. ഇവിടങ്ങളിലേക്ക് പ്രബോധകസംഘങ്ങളെയും ഖലീഫ അയച്ചു.
കള്ളപ്രവാചകനെതിരെ നടത്തിയ യമാമ യുദ്ധത്തില്‍ നിരവധി ഖുര്‍ആന്‍ മനപ്പാഠമുള്ള സ്വഹാബിമാര്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഖുര്‍ആന്‍ ക്രോഡീകരണ ശ്രമവും ഖലീഫ തുടങ്ങി.
സാധാരണക്കാരനായ ഖലീഫ
മറ്റുള്ളവരെ സേവിക്കല്‍ ജീവിതമാക്കിയ അബൂബക്ര്‍(റ) ഖലീഫയായപ്പോഴും അതിന് മാറ്റം വരുത്തിയില്ല. സത്ഹിലെ പാവപ്പെട്ട കുടുംബങ്ങളുടെ പാല്‍ കറന്നുകൊടുക്കാന്‍ ഖലീഫയായതിനു ശേഷവും അദ്ദേഹം സമയം കണ്ടു.
ജീവിതച്ചെലവിന് ബൈത്തുല്‍മാലില്‍ നിന്ന് പണമെടുക്കാമായിരുന്നിട്ടും അതെടുക്കാതെ ചന്തയില്‍ വസ്ത്ര വില്‍പ്പന നടത്തി വക കണ്ടെത്തി. വീട്ടില്‍ നിന്ന് കാല്‍നടയായിക്കൊണ്ടു തന്നെ ഖിലാഫത്ത് ആസ്ഥാനത്തെത്തി. ആരില്‍ നിന്നും സൗജന്യം സ്വീകരിച്ചില്ല. എന്നാല്‍ കൈയില്‍ ബാക്കിയുള്ളതെല്ലാം ദാനം ചെയ്യാന്‍ മറന്നതുമില്ല. നബി(സ്വ)യുടെ കാലത്ത് ധനികനായി ജീവിച്ച സിദ്ദീഖ് ഒരു ദിനാറുപോലും കൈയിലില്ലാത്ത അവസ്ഥയിലാണ് അന്ത്യശ്വാസം വലിച്ചത്.
പാപവും തിന്‍മയും എന്താണെന്നു പോലുമറിയാത്ത സിദ്ദീഖ് ഖലീഫയായപ്പോള്‍ പ്രാര്‍ഥനയും ആരാധനകളും വര്‍ധിപ്പിച്ചു. രാത്രികാലങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തും സുജൂദില്‍ കിടന്ന് കരഞ്ഞും നാഥനുമായുള്ള ബന്ധം കൂട്ടിയിണക്കും. എന്നിട്ടും തന്റെ ജീവിതത്തിലും ഭരണത്തിലും വീഴ്ചകള്‍ സംഭവിക്കുമോ എന്നോര്‍ത്ത് വിലപിക്കുമായിരുന്നു തിരുനബി(സ്വ)യുടെ കൂട്ടുകാരന്‍.
ഹിജ്‌റ വര്‍ഷം 13ല്‍(ക്രിസ്ത്വബ്ദം 634) സിദ്ദീഖ് വിടപറഞ്ഞു. 63 വയസ്സായിരുന്നു. തിരുനബി(സ്വ) യുടെ ഖബറിനടുത്തായി അദ്ദേഹത്തെയും മറമാടി.