Skip to main content

നബി(സ്വ)യോടൊപ്പം

ബാല്യത്തിലും യൗവ്വനത്തിലും ഒപ്പമുണ്ടായിരുന്ന അബൂബക്ര്‍(റ) മുഹമ്മദിന് പ്രവാചകത്വം കിട്ടുന്ന സമയത്ത് മക്കയിലുണ്ടായിരുന്നില്ല. കച്ചവടത്തിനായി സിറിയയില്‍ പോയതായിരുന്നു. നാട്ടിലെത്തി വിവരമറിഞ്ഞപ്പോള്‍ വൈകാതെ കൂട്ടുകാരനെ പോയിക്കണ്ടു. വിശ്വസിക്കുകയും ചെയ്തു; ഖദീജക്കും അലിക്കും പിന്നാലെ മൂന്നാമനായി.

പിന്നെ കച്ചവടത്തേക്കാള്‍ പ്രാധാന്യം പ്രബോധനത്തിനു നല്‍കി. അബൂബക്‌റിന്റെ നാവില്‍ നിന്നാണ് ഉസ്മാനുബ്‌നു അഫ്ഫാനും സുബൈറുബ്‌നുല്‍ അവ്വാമും അബ്ദുറഹ്മാനുബ്‌നു ഔഫും സഅദ്ബ്‌നു അബീവഖ്ഖാസും ത്വല്ഹത്തുബ്‌നു ഉബൈദില്ലയും ഇസ്്‌ലാമിനെ കേട്ടതും വിശ്വസിച്ചതും. തിരുനബി പറയുന്നതെന്തും ശങ്കപോലുമില്ലാതെ അപ്പടി വിശ്വസിക്കുക. അതായിരുന്നു അബൂബക്‌റിന്റെ നയം.

'രണ്ടില്‍ രണ്ടാമന്‍' എന്ന് അല്ലാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോള്‍ 'സിദ്ദീഖ്' എന്നാണ് തിരുനബി തന്റെ സുഹൃത്തിനെ വിളിച്ചത്. മകള്‍ ആഇശ(റ)യെ വിവാഹം ചെയ്ത് സിദ്ദീഖിനെ ആദരിച്ച നബി(സ്വ), മദീന ഹിജ്‌റയില്‍ കൂടെ കൂട്ടിയതും ഈ മിത്രത്തെ മാത്രം. ഹിജ്‌റ ഒന്‍പതാം വര്‍ഷം മദീനയില്‍ നിന്നയച്ച പ്രഥമ മുസ്‌ലിം ഹജ്ജ്‌സംഘത്തിന്റെ അമീറാക്കിയത് സിദ്ദീഖിനെ. താന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നിശ്ചയിച്ചതും ഈ ലോലഹൃദയനെത്തന്നെ. തന്റെ പിന്‍ഗാമി ഈ 'രണ്ടാമന്‍' തന്നെയായിരിക്കണമെന്ന സന്ദേശമാണ് നബി(സ്വ) നല്‍കിയിരുന്നത്.

നബി(സ്വ) ഹിജ്‌റ പോയത് തികച്ചും ഭീഷണമായ സാഹചര്യത്തിലാണ്. എന്നിട്ടും നബിയോടൊപ്പം പോകാനായി കാത്തിരുന്നു സിദ്ദീഖ്. ഒട്ടകങ്ങളെ ഒരുക്കിയതും സഹായികളെയും വഴികാട്ടി കളെയും മുന്‍കൂട്ടി സജ്ജരാക്കിയതും അദ്ദേഹം തന്നെ.

യുദ്ധങ്ങളില്‍ നബി(സ്വ)യുടെ മുന്നിലായിരുന്നു അബൂബക്‌റിന്റെ ഇടം. ബദ്‌റിലും ഉഹ്ദിലും ഇതര രണാങ്കണങ്ങളിലും ശത്രുക്കളെ സധൈര്യം നേരിട്ട സിദ്ദീഖ്; ഉഹ്ദ്, ഹുനൈന്‍ പോലുള്ള അടിപതറിയ യുദ്ധങ്ങളില്‍ തിരുമേനിയോടൊപ്പം ഉറച്ചു നിന്ന് ശത്രുക്കളോട് പോരാടി. തബൂക്ക് യുദ്ധത്തില്‍ നായക പദവിയും ദൂതര്‍ സിദ്ദീഖിനെ ഏല്‍പിച്ചിരുന്നു.

വ്യപാരിയായിരുന്ന സിദ്ദീഖ് സമ്പന്നന്‍ കൂടിയായിരുന്നു. ദൈവമാര്‍ഗത്തില്‍ എത്ര സമ്പത്ത് ചെലവഴിക്കാനും മടികാണിച്ചിരുന്നില്ല. ഇസ്്‌ലാമിന്റെ ആദ്യകാലത്ത് മൃഗീയ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന അടിമകളെ കാണുമ്പോള്‍ അവരെ പണം കൊടുത്തു വാങ്ങി മോചിപ്പിച്ചിരുന്നു.

മദീനയിലെത്തിയ ഉടനെ നബി(സ്വ) പള്ളിനിര്‍മ്മിക്കാന്‍ സ്ഥലമന്വേഷിച്ചു. രണ്ട് അനാഥകളുടെ സ്ഥലമാണ് അനുയോജ്യമായി കണ്ടത്. അത് സൗജന്യമായി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നായി തിരുനബി. ഉടനെ അബൂബക്ര്‍(റ) പണം നല്‍കി ആ സ്ഥലം വാങ്ങി നല്‍കി.

മദീനയില്‍ വരള്‍ച്ചയും ക്ഷാമവും പിടിപെട്ട വേളയിലാണ് തബൂക്ക് യുദ്ധം വന്നുവീണത്. ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സൈനികരെ ഒരുക്കാന്‍ നബി(സ്വ) യുദ്ധഫണ്ട് രൂപവല്‍കരിച്ചു. എല്ലാവരും പരമാവധി സംഭാവന ചെയ്തപ്പോള്‍ അബൂബക്ര്‍(റ) വീട്ടിലുള്ളത് മുഴുവന്‍ നല്‍കി. അത് വാങ്ങുമ്പോള്‍ ദൂതര്‍ ചോദിച്ചു: ''അതീഖ്, ഇനി വീട്ടില്‍ എന്താണ് ബാക്കിയുള്ളത്?''.

അബൂബക്‌റിന്റെ മറുപടി ഇങ്ങനെയായിരുന്നു:''അല്ലാഹുവും അവന്റെ റസൂലും!''.

ഈ ദാനമനസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: ''അബൂബക്‌റിന്റെ സ്വത്ത് ഉപകരിച്ചതുപോലെ മറ്റൊരാളുടെയും സ്വത്ത് ഇസ്‌ലാമിന് ഉപകരിച്ചിട്ടില്ല''(ബുഖാരി 286).

ചില സംഭവങ്ങള്‍

ഖുറൈശികളുടെ പീഡനത്തില്‍ മുസ്‌ലിംകള്‍ യാതന അനുഭവിക്കുമ്പോഴും അബൂബക്ര്‍(റ) സുരക്ഷിതനായിരുന്നു. എന്നാല്‍ ആരാധനയും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ അബൂബക്ര്‍(റ) പിന്നെപ്പിന്നെ നിഷേധികള്‍ക്ക് തലവേദനയായി. ഒരിക്കല്‍ കൈകാലുകള്‍ ബന്ധിച്ച് അബൂബക്‌റിനെയും ത്വല്‍ഹയെയും ചിലര്‍ തെരുവില്‍ തള്ളി. ഇത് പലര്‍ക്കും ആവേശമായപ്പോള്‍ അതീഖിന്റെ ജീവിതവും ദുസ്സഹമായി. നബി(സ്വ)യുടെ സമ്മതത്തോടെ ഹിജ്‌റ പുറപ്പെട്ടു. അബ്‌സീനിയ യാത്രയില്‍ ചെങ്കടല്‍ തീരത്തെത്തിയ അദ്ദേഹത്തെ ഖുറൈശി സഖ്യകക്ഷികളി ലൊന്നിലെ മുഖ്യനായ ഇബ്‌നുദഗ്‌ന തടഞ്ഞു.

''താങ്കളെപ്പോലുള്ളവര്‍ നിങ്ങളുടെ വംശത്തിന്റെ അലങ്കാരമാണ്. നിങ്ങള്‍ മക്കയിലേക്കു തന്നെ തിരിച്ചുപോകണം. താങ്കളിനി എന്റെ സംരക്ഷണത്തിലാണ്'' ഇബ്‌നുദുഗ്‌ന അിറയിച്ചു.

ഖുറൈശികള്‍ അതംഗീകരിച്ചു. അബൂബക്ര്‍(റ) വീടിനു സമീപം ഒരു മുറിയുണ്ടാക്കി പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവുമായി അതില്‍ കഴിഞ്ഞുകൂടി. തരളഹൃദയനായ അബൂബക്‌റിന്റെ കണ്ണീര്‍ തൂകിയുള്ള ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ രാത്രിയില്‍ ഖുറൈശി യുവാക്കള്‍ ഒളിഞ്ഞുവരാന്‍ തുടങ്ങി. വീണ്ടും അദ്ദേഹം ശല്യമാവുന്നുവെന്നറിഞ്ഞ ഖുറൈശികള്‍ ഇബ്‌നുദുഗ്‌നയോട് പരാതി പറഞ്ഞു. ഇത് ഇബ്‌നുദുഗ്‌ന അദ്ദേഹത്തോട് പറയുമ്പോള്‍ മറുപടി ഇതായിരുന്നു: ''ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥിക്കാനും എനിക്ക് അല്ലാഹുവിന്റെ സംരക്ഷണം തന്നെ ധാരാള മാണ്.'' ഇബ്‌നുദുഗ്‌ന സംരക്ഷണം പിന്‍വലിച്ചു.

ഹുദൈബിയ സന്ധിയിലെ കരാര്‍ വ്യവസ്ഥകള്‍ ഓരോന്നെഴുതുമ്പോഴും ഉമറി(റ)ന്റെ രോഷം പതയുകയായിരുന്നു. പ്രത്യക്ഷത്തില്‍ എല്ലാം മുസ്‌ലിംകള്‍ക്കെതിര്. കരാര്‍ ഒപ്പിട്ടതിന് പിന്നാലെ, സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍ ചങ്ങലകളില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടി തിരു മുന്‍പിലെത്തി: 'ദൂതരേ, എന്നെ സ്വീകരിക്കണം'. നബി(സ്വ) മുന്നിലിരിക്കുന്ന ഖുറൈശി പ്രതിനിധി കൂടിയായ സുഹൈലിനെ നോക്കി. ''കരാര്‍പ്രകാരം പറ്റില്ല''. ദൂതര്‍ വേദനയോടെ നിസ്സഹായത അറിയിച്ചു. അബൂജന്ദലിന്റെ കഴുത്തിന് പിടിച്ചു സുഹൈല്‍ തള്ളുകയും ചെയ്തു.

ഇതു കൂടി കണ്ടതോടെ ഉമറി(റ)ന്റെ നിയന്ത്രണം വിട്ടു. ''താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലേ?.'' ഉമര്‍ ദൂതരോട് ചോദിച്ചു.

''അതേ, ഉമര്‍. ഞാന്‍ ദൈവദൂതന്‍ തന്നെ. ഞാന്‍ നാഥനെ ധിക്കരിക്കില്ല അവന്‍ എന്നെ സഹായിക്കുകയും ചെയ്യും''. നബി(സ്വ) പറഞ്ഞു. തര്‍ക്കം തുടര്‍ന്നെങ്കിലും അപമര്യാദയാണെ ന്നതിനാല്‍ ഉമര്‍(റ) പിന്തിരിഞ്ഞു. അബൂബക്‌റിനോടായി പിന്നെ ഉമറി(റ)ന്റെ തര്‍ക്കം. അദ്ദേഹം ഉമറി(റ)ന്റെ കൈപിടിച്ച് പറഞ്ഞു:

''ഹേ, ഉമര്‍ അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. സത്യത്തിലാണ് അദ്ദേഹം നിലകൊള്ളുന്നത്. അതിനാല്‍ നാം ആ ദൂതന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുക.'' ഉമര്‍ പിന്നീട് ശാന്തനായി. പ്രിയനബി യോട് വികാരപ്രകടനം നടത്തിയതിനാല്‍ ആ മനസ്സ് വിങ്ങുകയും ചെയ്തു. എന്നാല്‍ നബി(സ്വ) ഉമറിനെ ആശ്വസിപ്പിച്ചു.

നബി(സ്വ)യുടെ മരണ വേളയിലും ഈ ആത്മമിത്രത്തിന്റെ മനസ്സാനിധ്യവും ഉറച്ച നിലപാടുമാണ് ഉമറുള്‍പ്പെടെയുള്ള വിശ്വാസി വൃന്ദത്തെ യാഥാര്‍ഥ്യബോധമുള്ളവരാക്കിയത്.

 

Feedback