Skip to main content

ഫത്‌വാകള്‍ പ്രമാണങ്ങളല്ല

ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ്. അവയില്‍ നിന്നുത്ഭൂതമായ ഇജ്മാഅ്, ഖിയാസ് എന്നിവയും പ്രമാണങ്ങളായി മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുണ്ട്. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് പണ്ഡിതന്മാര്‍ തങ്ങളുടെ മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ (മസ്അല) നിര്‍ധാരണം ചെയ്ത് ലഭിക്കുന്ന നിഗമനങ്ങളാണ് ഫത്‌വാ എന്നറിയപ്പെടുന്ന മതവിധികള്‍. ഫത്‌വകള്‍ മിക്കതും സാഹചര്യങ്ങളിലും കാലഘട്ടങ്ങളിലും പരിമിതമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും പ്രശ്‌ന നിര്‍ധാരണങ്ങളില്‍ സാഹചര്യത്തിന്റെ സ്വാധീനം സുനിശ്ചിതമാണ്. അതുകൊണ്ടുതന്നെ ഒരു കാലഘട്ടത്തില്‍ നല്കപ്പെട്ട ഒരു ഫത്‌വാ കാലാകാലവും പ്രമാണം പോലെ ഉദ്ധരിക്കപ്പെടാവതല്ല. എന്നാല്‍ ഫത്‌വകളില്‍ ചിലത് പരിമിതികള്‍ ബാധകമാകാത്ത പൊതു പ്രസക്തി ഉള്ളതും ഉണ്ടാവാം. 

താര്‍ത്താരികളുടെ പൈശാചികാതിക്രമങ്ങള്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കു നേരെ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ശൈഖുല്‍ ഇസ്്‌ലാം ഇബ്‌നുതൈമിയ നല്‍കിയ ചില ഫത്‌വകള്‍ എല്ല കാലത്തേക്കും യോജിച്ചതാവണമെന്നില്ല. ആധുനിക കാലഘട്ടത്തില്‍ തന്നെ സുഈദി അറേബ്യയിലെ പണ്ഡിതന്മാര്‍ നല്‍കുന്ന ചില ഫത്‌വകള്‍ മതനിരപേക്ഷ ഇന്ത്യയില്‍ അത്ര പ്രസക്തമാവണമെന്നില്ല. പോര്‍ത്തുഗീസ് പട്ടാളം കേരളീയ ജനതയെ പൊതുവിലും കേരള മുസ്‌ലിംകളെ പ്രത്യേകിച്ചും വേട്ടയാടിയിരുന്ന പശ്ചാത്തലത്തില്‍ നല്‍കിയ ഫത്‌വകള്‍ കാലാതിവര്‍ത്തിയാവണമെന്നില്ല. ഈ പരിമിതികള്‍ ആ പണ്ഡിത മഹത്തുക്കളുടെ കുറവുമല്ല.

കേരളീയ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ നിരവധി ഉദാഹരണങ്ങള്‍ വേറെയും കാണും. 1926 ല്‍ രൂപീകൃതമായ ഒരു പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനം ആരംഭിച്ച കാലഘട്ടത്തില്‍ 'സമസ്ത' സമൂഹത്തിനു നല്‍കിയ ചില ഫത്‌വാകള്‍ (മതവിധി) പിന്‍മുറക്കാര്‍ ഇന്ന് വായിച്ചു നോക്കാന്‍ പോലും മടിക്കുന്നു; അല്ല പേടിക്കുന്നു. മദ്‌റസകള്‍ നരകത്തിലേക്കുള്ള മാര്‍ഗമാണ്, പെണ്‍കുട്ടികള്‍ കൈയെഴുത്തു പഠിക്കല്‍ നിഷിദ്ധമാണ്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ നിഷേധികളാണ്, വിശുദ്ധ ഖുര്‍ആന്‍ ഭാഷാന്തരം നടത്താന്‍ പാടില്ല എന്നിവയെല്ലാം അവര്‍ കൊടുത്ത ഫത്‌വകളാണ്. ഇന്ന് അവയെടുത്ത് വായിച്ചുനോക്കുന്നത് രസകരം മാത്രമല്ല ചിന്തനീയം കൂടിയാണ്.

ഏതെങ്കിലും വിഷയത്തില്‍ ഒരു പണ്ഡിതന്‍ ഫത്‌വ നല്‍കിയാല്‍ മറ്റൊരു പണ്ഡിതന് പ്രമാണബദ്ധമായും യുക്തിഭദ്രമായും അതിനെ നിരാകരിക്കാനോ തെറ്റാണെന്ന് പറയാനോ സ്വാതന്ത്ര്യമുണ്ട്. താന്‍ നല്‍കിയ ഫത്‌വാ ശരിയായിരുന്നില്ല എന്നോ അതില്‍ സൂക്ഷ്മതക്കുറവുണ്ട് എന്നോ തിരിച്ചറിയുമ്പോള്‍ അത് തിരുത്തിപ്പറയുന്നത് മഹത്ത്വത്തിന്റെ മകുടോദാഹരണമാണ്. ഇമാം ശാഫിഈ(റ) താന്‍ നല്‍കിയ നിരവധി ഫത്‌വകള്‍ കുറച്ചു കാലത്തിനു ശേഷം തിരുത്തിപ്പറയുകയുണ്ടായി. 'ഇമാം ശാഫിഈയുടെ ജദീദായ ഖൗല്‍' എന്നറിയപ്പെടുന്നത് ഇങ്ങനെയാണ്. 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446