മക്കയിലും മദീനയിലുമുള്ള താമസത്തിനിടയിലാണ് 'സ്വഹാബികളുടെയും താബിഉകളുടെയും പ്രശ്‌നങ്ങള്‍' (ഖളായാ സ്വഹാബത്തി വത്താബിഈന്‍), 'മഹത്തായ ചരിത്രം', (അത്താരീഖുല്‍ കബീര്‍) എന്നീ സുപ്രധാനങ്ങളായ രണ്ടു ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി രചിച്ചത്. അതിനുശേഷം ബസ്വറ, കൂഫ, സിറിയ, ഈജിപ്ത്, ബഗ്ദാദ് തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന കേന്ദ്രങ്ങളില്‍ താമസിച്ച് ഹദീസുകള്‍ ശേഖരിച്ചു. ഇവ്വിധം സമാഹരിച്ച ആറു ലക്ഷത്തിലേറെ ഹദീസുകളില്‍ നിന്ന് സൂക്ഷ്മ പരിശോധനക്ക് ശേഷം സമാഹരിച്ച 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായ 'അല്‍ ജാമിഉസ്സ്വഹീഹ്'. നീണ്ട പതിനാറു വര്‍ഷക്കാലത്തെ തീവ്ര തപസ്യയിലൂടെയാണ് ഈ മഹല്‍കൃത്യം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ദേഹശുദ്ധി വരുത്തി രണ്ടു റക്അത്ത് നമസ്‌കരിച്ച് ഇസ്തിഖാറത്ത് (നന്മ തേടിയുള്ള പ്രാര്‍ഥന) നടത്തിയ ശേഷമാണ് ഓരോ ഹദീസും തെരഞ്ഞെടുത്തതെന്നും, തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള ഒരു തെളിവായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നതിനാല്‍ സംശയാസ്പദമായ ഒരു ഹദീസു പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അസന്നിഗ്ധമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
അല്‍ ജാമിഉസ്സ്വഹീഹ് എന്ന സ്വഹീഹുല്‍ ബുഖാരി രചിക്കാന്‍ പ്രേരണയായിത്തീര്‍ന്ന കാരണങ്ങള്‍ ഇമാം ബുഖാരി തന്നെ വിശദീകരിക്കുന്നു: ''ഹദീസ് ക്രോഡീകരണ രംഗത്തേക്ക് കടന്നുവന്ന പല പണ്ഡിതന്മാരും ഹദീസിന്റെ സ്വീകാര്യതയും ബലഹീനതയും പരിഗണിക്കാതെയാണ് രചനകള്‍ നടത്തിയത്. ദുര്‍ബലമായ ഹദീസുകള്‍ ഒഴിവാക്കി സ്വീകാര്യയോഗ്യമായവ മാത്രം ഉള്‍പ്പെടുത്തി പ്രാമാണികമായ ഒരു ഗ്രനഥത്തില്‍ ഹദീസുകള്‍ സമാഹരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനുപുറമെ പ്രമുഖ പണ്ഡിത ശ്രേഷ്ഠനായ ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി, സ്വഹീഹായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് സമഗ്രവും സംക്ഷിപ്തവുമായ ഒരു ഗ്രന്ഥം രചിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും എന്റെ മനസ്സിനെ സ്വാധീനിച്ചു''.