Skip to main content

ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധ ഇനങ്ങള്‍

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും അംഗീകാരവുമാണ് സുന്നത്ത് എന്ന ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണം. സാങ്കേതികാര്‍ഥത്തില്‍ ഹദീസ് എന്ന് പറയുന്നതും ഇതുതന്നെ. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത് പ്രവാചകന്റെ മരണശേഷമാണ്. ലോകത്ത് കഴിഞ്ഞുപോയ ഏതൊരു മനുഷ്യന്റെയും ചരിത്രം രേഖപ്പെടുത്തിയതില്‍ കാണിക്കാത്ത കൃത്യതയും സൂക്ഷ്തയുമാണ് മുഹമ്മദ്‌നബിയുടെ ജീവിതം ഒപ്പിയെടുത്ത് പിന്‍ഗാമികള്‍ക്ക് കൈമാറുന്നതില്‍ ഹദീസ് പണ്ഡിതന്മാര്‍ കാണിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ അംശവും വളരെ വ്യക്തമായി രേഖപ്പെടുത്തിയതാണ് ഹദീസ് ഗ്രന്ഥങ്ങള്‍. നിരവധി മഹാന്മാര്‍ വ്യത്യസ്ത രൂപങ്ങളില്‍ ഹദീസുകള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെ അവതരണരൂപവും പ്രതിപാദന സ്വഭാവവും അനുസരിച്ച് വേര്‍തിരിച്ച രീതിയാണ് താഴെ പറയുന്നത്.

ജാമിഅ്

ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ പരിമിതപ്പെടുത്താതെ എല്ലാ വിഷയങ്ങളിലുള്ള ഹദീസുകളും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളുണ്ട്. വിശ്വാസം, കര്‍മാനുഷ്ഠാനങ്ങള്‍, ഇടപാടുകള്‍, ചരിത്രം തുടങ്ങിയ എല്ലാ വിഷയങ്ങളിലും പ്രത്യേക അധ്യായങ്ങള്‍ നല്‍കിക്കൊണ്ട് ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥത്തിന് ജാമിഅ് എന്നാണ് പണ്ഡിതന്മാര്‍ നല്‍കിയ സാങ്കേതിക നാമം. സാധാരണ നാമം ഉപയോഗിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ ജാമിഅ് ഇനത്തില്‍ പെടുന്നവ: ജാമിഉ സ്വഹീഹില്‍  ബുഖാരി, ജാമിഉ സ്വഹീഹു മുസ്‌ലിം, ജാമിഉ അബ്ദിര്‍ റസാഖ്, ജാമിഉ സ്സൗരി, ജാമിഉ ഇബ്‌നി ഉയയ്‌ന, ജാമിഉ മഅ്മര്‍, ജാമി ഉത്തിര്‍മിദി എന്നിവയാണ്.

മജ്മൂഅ് / മജാമിഅ്

ക്രോഡീകരിക്കപ്പെട്ട ജാമിഉകളും അല്ലാത്തവയുമായ വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് ശേഖരിച്ച ഹദീസുകള്‍ ഒരു ഗ്രന്ഥമാക്കിയതിനാണ് മാജാമിഅ് എന്നുപറയുന്നത്. ഹി: 650ല്‍ മരണപ്പെട്ട ഹസനുബ്‌നു മുഹമ്മദ് സ്വഗാനി രചിച്ച മശാരിഖുല്‍ അന്‍വാരി ന്നബവിയ മിന്‍ സ്വിഹാഹില്‍ അഖ്ബാരില്‍ മുസ്വ്ത്വഫിയ്യ എന്ന ഗ്രന്ഥം ഈ ഇനത്തില്‍ പെടുന്നു. ഏറ്റവും പ്രബലമായ 6 ഗ്രന്ഥങ്ങളില്‍ (അസ്സ്വിഹാഹുസ്സിത്ത) നിന്ന് സമാഹരിക്കപ്പെട്ട ഇബ്‌നു കസീറിന്റെ (മരണം ഹി. 606) ജാമിഉുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥവും മജാമിഅ് ആണ്.

മുസ്‌നദ്
 
നബി(സ്വ)യില്‍ നിന്ന് ഓരോ സഹാബിയും ഉദ്ധരിച്ച ഹദീസുകള്‍ വിഷയക്രമത്തിലല്ലാതെ പ്രസ്തുത സ്വഹാബിയുടെ നാമ ശീര്‍ഷകത്തില്‍ ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥത്തിന് മുസ്‌നദ് എന്ന് പേരു പറയുന്നു. മുസ്‌നദു അഹ്മദ് (ഹിജ്‌റ 241), മുസ്‌നദുശ്ശാഫിഈ (ഹിജ്‌റ 204) എന്നിവയാണ് ശ്രദ്ധേയമായ മുസ്‌നദുകള്‍.

സുനന്‍ 

കര്‍മശാസ്ത്രത്തിലെ (ഫിഖ്ഹ്) അധ്യായങ്ങളുടെ ക്രമത്തില്‍ ക്രോഡീകരിച്ചവയാണ് സുനനുകള്‍. അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ, ശാഫിഈ, ബൈഹഖി, ദാറുഖുത്‌നി, ദാരിമി എന്നിവരുടെ സുനനുകള്‍ പ്രസിദ്ധമാണ്. ഇവയില്‍ നബിയുടെ ചര്യ (മര്‍ഫൂഅ്) മാത്രമേ കാണൂ.

മുസ്വന്നഫ് 

സുനന്‍ പോലെ കര്‍മശാസ്ത്രത്തിലെ അധ്യായക്രമമനുസരിച്ച് ക്രോഡീകരിച്ചവയാണ് മുസ്വന്നഫ്. എന്നാല്‍ മര്‍ഫൂഅ് അല്ലാത്ത, സ്വഹാബികളില്‍ എത്തിനില്‍ക്കുന്ന ഹദീസുകളും സഹാബികളുടെയും താബിഉകളുടെയും വചനങ്ങളും മതവിധികളും (ഫത്വാ) ഇതിലുള്‍പ്പെടും. ഇബ്‌നുഅബീശൈബ, ഖുര്‍തുബി, അബ്ദുല്‍റസാഖ്, സ്വഗാനി, വകീഉല്‍കൂഫി, ഹമ്മാദുല്‍ ബസ്വരി എന്നിവരുടെ മുസ്വന്നഫുകളാണ് പ്രസിദ്ധമായവ.

അഹ്കാം

വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് വിധിവിലക്കുകള്‍ പറയുന്ന ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് കര്‍മശാസ്ത്രത്തിന്റെ അധ്യായക്രമത്തില്‍ ക്രോഡീകരിച്ചവയാണ് 'അഹ്കാം'. പ്രധാനപ്പെട്ട അഹ്കാമുകള്‍ താഴെ പറയുന്നവയാണ്.

1. അബ്ദുല്‍ഗനി അല്‍മര്‍ദസിയുടെ (ഹി. 600) ഉംദതുല്‍ അഹ്കാം അന്‍ സയ്യിദില്‍ അനാം.
2. ഇബ്‌നു ദഖീഖില്‍ ഈദിയുടെ അല്‍ ഇമാം ഫീ അഹാദീസില്‍ അഹ്കാം.
3. ഇബ്‌നുതൈമിയയുടെ അല്‍മുന്‍തഖാ ഫില്‍ അഹ്കാം.
4. ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ ബുലൂഗുല്‍ മറാം മിന്‍ അദില്ലതില്‍ അഹ്കാം.

മുവത്ത്വ

മുസ്വന്നഫിന്റെ വേറൊരു രൂപം മാത്രമാണ് മുവത്ത്വഅ്. അവതരണം കര്‍മശാസ്ത്രക്രമത്തില്‍ തന്നെ. മര്‍ഫൂഅ്, മൗകൂഫ്, മഖ്തൂഅ് എന്നീ ഇനങ്ങളിലുള്ള ഹദീസുകള്‍ മാത്രമേ ഇവയില്‍ ഉണ്ടാവൂ. ഇമാം മാലികിന്റെയും ഇബ്‌നു അബീദിഅ്ബിന്റെയും മുവത്ത്വകള്‍ എടുത്തുപറയാവുന്നവയത്രേ.

ജുസ്അ്

ഒരു സ്വഹാബിയില്‍ നിന്നോ ഒരു റിപ്പോര്‍ട്ടറില്‍ നിന്നോ മാത്രമുള്ള ഹദീസുകള്‍ സമാഹരിക്കുകയോ അല്ലെങ്കില്‍ ഒരു വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളും സമാഹരിക്കുകയോ ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് ജുസ്അ് എന്നുപറയുന്നു.

1) ജുസ്ഉ റഫ്ഇല്‍ യദൈന്‍ - ഇമാം ബുഖാരി
2) അത്തര്‍ഗീബുവത്തര്‍ഹീബ്  - മുന്‍ദിരി
3) കിതാബു അഖ്‌ലാഖിന്നബിയ്യി - അബൂശൈഖ് അസ്വബഹാനി.
4) കിതാബുസ്സുഹ്ദ് - ഇബ്‌നുല്‍ മുബാറക്
5) കിതാബുല്‍ അസ്മാഇ വസ്സ്വിഫാത് - ബൈഹഖി

Feedback
  • Thursday Oct 31, 2024
  • Rabia ath-Thani 27 1446