Skip to main content

മലക്കുകളുടെ പ്രകൃതി

അല്ലാഹു, അവന്റെ സൃഷ്ടികളായ മലക്കുകള്‍ക്കോ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ നല്‍കിയ പ്രകൃതിയില്‍ സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്താന്‍ അവര്‍ക്കാര്‍ക്കും സാധ്യമല്ല. അല്ലാഹുവിന് മാത്രമേ അതിന് സാധിക്കുകയുള്ളൂ. 

മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടതായി വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. 'നമ്മുടെ ദൂതന്മാര്‍ ഇബ്‌റാഹിമിന്റെ (അ) അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു, സലാം അദ്ദേഹം പ്രതിവചിച്ചു 'സലാം'. വൈകിയില്ല, അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടു വന്നു (11:69). ഇതുപോലെ ലൂത്വ് നബി(അ), മര്‍യം(അ) എന്നിവരുടെ അടുത്ത് മനുഷ്യ രൂപത്തില്‍ മലക്കുകള്‍ വന്നവിവരം വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട് (19:17).

നബി(സ) രണ്ട് പ്രാവശ്യം 600 ചിറകുകളോട് കൂടി സാക്ഷാല്‍ രൂപത്തില്‍ ജിബ്‌രീലിനെ കണ്ടപ്പോള്‍ താന്‍ പേടിച്ച് നടുങ്ങി നിലത്തുവീഴാന്‍ പോയതായി അവിടുന്ന് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകള്‍ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പൈടുന്ന പക്ഷം അത് മനുഷ്യ പ്രകൃതിക്ക് താങ്ങാന്‍ കഴിയാത്ത കാഴ്ചയായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. 

നബി(സ)യും സ്വഹാബിമാരും മനുഷ്യരൂപത്തില്‍ വന്ന ജിബ്‌രീലിനെ കണ്ടിട്ടുണ്ടെന്ന് സ്ഥിരപ്പെട്ട ഹദീസില്‍ നിന്ന് വ്യക്തമാകുന്നു.

ഉമര്‍(റ) പറയുന്നു: ഞങ്ങള്‍ (ഒരു ദിവസം) റസൂലിന്റെ സദസ്സില്‍ ഇരിക്കുമ്പോള്‍ തൂവെള്ള വസ്്ത്രം ധരിച്ച കറുത്ത മുടിയുള്ള ഒരാള്‍ വന്നു. അയാളില്‍ യാത്രയുടെ ലക്ഷണമൊന്നും കണ്ടില്ല. ഞങ്ങളാരും അദ്ദേഹത്തെ അറിയുകയില്ല. അദ്ദേഹം നബി(സ)യുടെ മുന്നില്‍ തന്റെ രണ്ട് കാല്‍മുട്ടും നബി(സ)യുടെ കാല്‍മുട്ടിനോട് ചേര്‍ത്തിരുന്നു. എന്നിട്ടദ്ദേഹം പറഞ്ഞു മുഹമ്മദേ, ഇസ്‌ലാമിനെപ്പറ്റി എനിക്ക് പറഞ്ഞുതരൂ (നബി(സ) വിവരണങ്ങള്‍ നല്‍കി) എന്നിട്ട് അദ്ദേഹം പോയപ്പോള്‍ നബി(സ) ചോദിച്ചു ഉമര്‍, താങ്കള്‍ക്ക് ആ ചോദ്യകര്‍ത്താവ് ആരാണെന്നറിയാമോ? ഉമര്‍(റ) പറഞ്ഞു, അല്ലാഹുവിനും റസൂലിനുമറിയാം. നബി(സ) പറഞ്ഞു. അത് ജിബ്‌രീല്‍(അ) നിങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ് (ബുഖാരി,മുസ്ലിം).

മലക്കുകള്‍ അവരോട് കല്‍പ്പിക്കുന്നതെല്ലാം പ്രവര്‍ത്തിക്കുകയല്ലാതെ ആ കല്‍പ്പന ധിക്കരിക്കാനോ അതില്‍ ഏതെങ്കിലും തരത്തില്‍ നീക്കുപോക്ക് നടത്താനോ യഥേഷ്ടം അവരുടെ പ്രകൃതി മാറ്റുവാനോ അവര്‍ക്ക് സാധ്യമല്ല. 

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബങ്ങളേയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷ സ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകള്‍ ഉണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യങ്ങളില്‍ അവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പ്പിക്കുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും (66:6).

ചിറകുകളുള്ളതും, ഇല്ലാത്തതും, ഉരഗങ്ങളും, ഇരുകാലികളും, നാല്‍കാലികളും, അനേകം ചിറകുള്ള മലക്കുകളും, ഷഡ്പദങ്ങളും തുടങ്ങി മനുഷ്യന് അറിയാവുന്നതും അറിയാത്തതുമായ വിവിധ രൂപങ്ങളില്‍ അല്ലാഹു സൃഷ്ടിപ്പ് നടത്തുന്നു. അത് അവന്റെ മാത്രം ഇഛയ്ക്ക് വിധേയമാണ്. അവനുദ്ദേശിക്കുന്നവിധം സൃഷ്ടിക്കാന്‍ അവന്‍ കഴിവുറ്റവനാണ് (24:45).
 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446