നരകവും സ്വര്‍ഗവും അനശ്വര കേന്ദ്രങ്ങളാണ്. സ്വര്‍ഗ പ്രവേശത്തിന് അര്‍ഹതയുള്ള അവസാനത്തെ വ്യക്തിയും സ്വര്‍ഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നരകത്തില്‍ അവശേഷിക്കുന്നവര്‍ അതിലെ ശാശ്വതരാണ്. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ അനേകം സൂക്തങ്ങളില്‍ വ്യക്തമാക്കുന്നത്. ''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ, അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും'' (7:36). നരകത്തില്‍ ശാശ്വതവാസത്തിനായി പതിച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ എത്ര ആഗ്രഹിച്ചാലും അതിന് സാധ്യമല്ല (5:37). അങ്ങേയറ്റം നിന്ദ്യമായ ഈ ശിക്ഷ അവരുടെ കര്‍മഫലമായി തന്നെയാണ് അവര്‍ക്ക് ലഭിക്കുന്നത് (10:52).
നബി(സ) പറയുന്നു. പരലോകത്ത് മരണത്തെ ഒരു ആടിന്റെ രൂപത്തില്‍ കൊണ്ടുവന്ന് നരകത്തിന്റേയും സ്വര്‍ഗത്തിന്റേയും ഇടക്ക് നിര്‍ത്തുന്നു. എന്നിട്ട് വിളിച്ചു പറയും. 'സ്വര്‍ഗവാസികളേ, ഇതിനെ നിങ്ങള്‍ അറിയുമോ?' അവര്‍ കഴുത്ത് നീട്ടി നോക്കിക്കൊണ്ട് പറയും. അതെ ഇത് മരണമാണ്. തുടര്‍ന്ന് അതിനെ അറുക്കാന്‍ കല്പിക്കപ്പെടുന്നു. അങ്ങനെ അതിനെ അറുക്കുകയും ചെയ്യുന്നു. പിന്നീട് പറയുന്നു, 'സ്വര്‍ഗവാസികളേ അനശ്വരത, ഇനി മരണമില്ല' (മുസ്‌ലിം). ഇതിനെ തുടര്‍ന്ന് ഇമാം തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ നബി(സ) ഇപ്രകാരം പറയുന്നതായി കാണാം. ''സന്തോഷം കൊണ്ട് ആരെങ്കിലും മരിക്കുകയാണെങ്കില്‍ സ്വര്‍ഗവാസികള്‍ മരിക്കുമായിരുന്നു. ദു:ഖംകൊണ്ട് ആരെങ്കിലും മരിക്കുമായിരുന്നെങ്കില്‍ നരകവാസികളും മരിക്കുമായിരുന്നു.'' ഇതിന് കാരണം സ്വര്‍ഗവാസികള്‍ക്ക് ഇതിലപ്പുറം ഒരു സന്തോഷത്തിന് വകയില്ലാത്തതും നരകവാസികള്‍ക്ക് ഇതിലപ്പുറം ഒരു ദു:ഖത്തിന് സാധ്യതയില്ലാത്തതുമാണ്. നരകത്തില്‍ നിത്യവാസികളായി കഴിയേണ്ടിവരുന്ന ഹതഭാഗ്യര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
1) ശിര്‍ക്ക്: അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട ആരാധനയിലും ആരാധനകളുടെ മജ്ജയായ പ്രാര്‍ഥനയിലും അതിന് യാതൊരു അര്‍ഹതയുമില്ലാത്ത അവന്റെ സൃഷ്ടികളെ പങ്കാളികളാക്കുന്ന കൊടിയ പാപമാണ് ശിര്‍ക്ക്. ഇത് അല്ലാഹു പൊറുക്കാത്ത പാപമാണ്. ബഹുദൈവാരാധകന് സ്വര്‍ഗം നിഷിദ്ധമാണെന്ന് അല്ലാഹു അറിയിക്കുന്നു. ''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും (5:72). അല്ലാഹു പറയുന്നു. വേദക്കാരിലും ബഹു ദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. (98:6).
2)കുഫ്ര്‍: അല്ലാഹുവിലും പരലോകത്തിലും അവിശ്വസിച്ചവര്‍ക്ക് നരകത്തിലെ നിത്യവാസമാണ് ശിക്ഷയായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത.് അല്ലാഹു പറയുന്നു: ''നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ഞങ്ങള്‍ മണ്ണായി കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കൂട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (13:5).
3) പ്രവാചകന്മാരെ നിഷേധിച്ച് വഴിപിഴച്ച നേതാക്കന്മാരെ പിന്തുടരല്‍: എന്നാല്‍ ആ സത്യനിഷേധികള്‍ക്ക് നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ അതി നീചമായതിനുള്ള പ്രതിഫലം നാം അവര്‍ക്ക് നല്‍കുകതന്നെ ചെയ്യും. അതത്രെ അല്ലാഹുവിന്റെ ശത്രുക്കള്‍ക്കുള്ള പ്രതിഫലമായ നരകം. അവര്‍ക്ക് അവിടെയാണ് സ്ഥിരവാസം. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നതിനുള്ള പ്രതിഫലമത്രെ അത്. 'സത്യനിഷേധികള്‍ പറയും ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളെ പിഴപ്പിച്ചവരായ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള രണ്ടു വിഭാഗത്തെ നീ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ, അവര്‍ അധമന്മാരുടെ കൂട്ടത്തിലാകത്തക്കവണ്ണം ഞങ്ങള്‍ അവരെ ഞങ്ങളുടെ പാദങ്ങള്‍ക്ക് ചുവട്ടിലിട്ട് ചവിട്ടട്ടെ (41:27-29).
4) കാപട്യം: കപടവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതുമതി. അവരെ അല്ലാഹു ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ് (9:68).
5) അഹംഭാവം: സത്യത്തെ ധിക്കരിക്കുകയും ജനങ്ങളെ നിസ്സാരമായികാണുകയും ചെയ്യുക എന്നതാണ് അഹംഭാവത്തിന് (കിബ്ര്‍) റസൂല്‍(സ) നല്കിയ നിര്‍വചനം. അല്ലാഹൂ പറയുന്നു. ''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നവരാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും (7:36).
6) വിശ്വാസിയെ വധിക്കല്‍: ഓരോ മനുഷ്യന്റേയും സമ്പത്ത്, അഭിമാനം, രക്തം എല്ലാം പവിത്രമാണ്. അതിന്റെ പവിത്രത ഇല്ലാതെയാക്കുംവിധം പെരുമാറുന്നത് മഹാപാപമാണ്. അന്യായമായിട്ടുള്ള മനുഷ്യവധം റസൂല്‍(സ) ഏഴ് മഹാപാപങ്ങളില്‍ ഒന്നായി എണ്ണിയിട്ടുണ്ട്. ബോധപൂര്‍വം വധിക്കുന്നവര്‍ക്ക് ശിക്ഷ നരകത്തിലെ സ്ഥിരതാമസമാണെന്ന് അല്ലാഹു പറയുന്നു. ''ആരെങ്കിലും ഒരു സത്യവിശ്വാസിയെ മന:പൂര്‍വം വധിക്കുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന് വേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത് (4:93) പശ്ചാതാപത്തിലൂടെ ഈ പാപത്തില്‍ നിന്ന് നമുക്ക് മുക്തി നേടാമെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നു.
7) പലിശ ഭുജിക്കല്‍: ഏഴ് മഹാപാപങ്ങളില്‍ പെട്ടതാണ് ഈ പാപം. അനര്‍ഹമായി സ്വന്തം സഹോദരന്റെ സ്വത്ത് ഭുജിക്കുന്ന പലിശ എന്ന മഹാപാപം ചെയ്തവര്‍ക്കുള്ള ശിക്ഷ അല്ലാഹു എടുത്ത് പറയുന്നു. പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശപോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നു കിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവനുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (2:275).