Skip to main content

വിചാരണയുടെ വിഷയങ്ങള്‍

അല്ലാഹുവിന്റെയടുക്കല്‍ മനുഷ്യന്‍ വിചാരണക്ക് വിധേയനാകുമ്പോള്‍ ഐഹിക ജീവിതത്തില്‍ അവന്‍ സ്വീകരിച്ച  വിശ്വാസവും ആരാധനാ കര്‍മങ്ങളും അവന്റെ സ്വഭാവ പെരുമാറ്റ രീതികളും ഇടപാടുകളും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളോടുള്ള നിലപാടുകളും ഒക്കെ കൃത്യമായി പരിശോധിക്കപ്പെട്ടതിന് ശേഷമാണ് വിധി തീര്‍പ്പുണ്ടാക്കുന്നത്. വിചാരണക്ക് വിധേയമാക്കപ്പെടുന്ന ഈ വിഷയങ്ങളെക്കുറിച്ച് ഖുര്‍ആനും ഹദീസും പല കാര്യങ്ങളും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

1) മനുഷ്യ കര്‍മങ്ങള്‍: മനുഷ്യന്റെ ഐഹിക ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും വിചാരണക്ക് വിധേയമാക്കുന്നതാണ്. കര്‍മങ്ങളുടെ ഗുണഗണങ്ങളും ഏറ്റക്കുറവുകളുമാണ് മനുഷ്യനെ സ്വര്‍ഗ നരകങ്ങള്‍ക്ക് അര്‍ഹനാക്കുന്ന പ്രധാന കാര്യം. അല്ലാഹു പറയുന്നു: എന്നാല്‍ നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുന്നതാണ് (15:92,93).

2) വിശ്വാസം: അല്ലാഹുവിങ്കല്‍ മനുഷ്യന്റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള മുന്നുപാധി വിശ്വാസമാണ്. അതുകൊണ്ട് അവന്റെ വിശ്വാസത്തില്‍ കുഫ്‌റും (നിഷേധം) ശിര്‍ക്കും (ബഹു ദൈവാരാധന) വന്നുപെട്ടാല്‍ അതിനെ വലിയ പാപവും അക്രമവുമായിട്ടാണ് മതം കാണുന്നത്. അല്ലാഹു അല്ലാത്തവരെ ആരാധ്യന്മാരായി സ്വീകരിച്ചവരോടുള്ള ചോദ്യം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. ''അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി. അവര്‍ നിങ്ങളെ സഹായിക്കുകയും സ്വയം സഹായം നേടുകയും ചെയ്യുന്നോ എന്ന് അവരോട് ചോദിക്കപ്പെടുകയും ചെയ്യും'' (26:92,93). വ്യാജ ദൈവങ്ങളുടെ പേരില്‍ നേര്‍ച്ച വഴിപാടുകളായി മൃഗങ്ങളും കാര്‍ഷികോല്‍പന്നങ്ങളും പണവും മറ്റും നേര്‍ച്ചയാക്കിയ ഭക്തന്മാരോട് അതിനെ കുറിച്ചും ചോദിക്കുന്നതാണ്. ഔലിയാക്കന്മാരുടെയും സിദ്ധന്മാരുടെയും പേരില്‍ മൃഗങ്ങളെയും മറ്റും നേര്‍ച്ചയാക്കുന്നവരും ഇതിന്റെ പരിധിയില്‍ പെടുമെന്ന് വ്യക്തം. ''നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ഒരോഹരി അവര്‍ക്ക് എന്നെ (ശരിയായി) അറിവില്ലാത്ത ചിലതിന് (വ്യാജ ദൈവങ്ങള്‍ക്ക്) അവര്‍ നിശ്ചയിച്ചു വെക്കുന്നു. അല്ലാഹു തന്നെയാണ് സത്യം, നിങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് (16:56).

ഇത്തരം പങ്കാളികളും അവരുടെ ഭക്തന്മാരും പരലോകത്ത് കണ്ടുമുട്ടുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ മുന്നില്‍ വെക്കുന്നു. ''അല്ലാഹുവോട്, പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരിക്കുന്നവരെ (പരലോകത്ത്‌വെച്ച്) കണ്ടാല്‍ ഇപ്രകാരം പറയും. ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി, തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും. (16:86) ഇതിന് കാരണം ഇവരുടെ ആരാധന, ഈ പങ്കാളികള്‍ അറിഞ്ഞിരുന്നില്ല എന്നതാണ്.

3) അനുഗ്രഹങ്ങള്‍: മനുഷ്യന്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ അനുഗ്രഹങ്ങളും വിചാരണക്ക് വിധേയമാകും. ജന്മനാ ലഭിച്ച അനുഗ്രഹങ്ങളും, തന്റെ കഴിവും സാധ്യതകളുമുപയോഗിച്ച് നേടിയെടുക്കുന്ന അനുഗ്രഹങ്ങളുമെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. അല്ലാഹു പറയുന്നു. ''പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും'' (102:8). നബി(സ) പറയുന്നു. നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ    ഒരടിമയുടെ പാദങ്ങള്‍ മുന്നോട്ട് വെക്കാന്‍ പരലോകത്ത് അല്ലാഹു അനുവദിക്കുകയില്ല. അവന്റെ ആയുസ്സ് എന്തിന് വിനിയോഗിച്ചുവെന്നും വിജ്ഞാനംകൊണ്ട് എന്ത് ചെയ്തുവെന്നും അവന്റെ ധനം ഏതുവഴിക്ക് സമ്പാദിച്ചുവെന്നും എന്തിന് ചെലവഴിച്ചുവെന്നും അവന്റെ ശരീരം ഏതുവഴിക്ക് നശിപ്പിച്ചുവെന്നും ചോദിക്കുന്നതാണ് (തുര്‍മുദി).

4) കണ്ണ്, ചെവി, ഹൃദയം: മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്ന് വ്യതിരിക്തനാക്കുന്നതും വിശിഷ്ടനാക്കുന്നതും അവന്റെ കണ്ണും കാതും  ഹൃദയവുമാണ്. അഥവാ ആ ഇന്ദ്രിയങ്ങളുടെ ഉപയോഗ സാധ്യതയാണ്. അത് സ്രഷ്ടാവ് അവന് നല്‍കിയ അനുഗ്രഹങ്ങള്‍ എന്ന നിലക്ക് സ്രഷ്ടാവിന്റെ ഇംഗിതത്തിനനുസരിച്ച് ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം ഏറെ സുപ്രധാനവും പ്രസക്തവുമാണ്. അല്ലാഹു പറയുന്നു : നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുത്തുന്നതാണ് (17:36).

5) കരാറുകള്‍: കരാറുകള്‍ രണ്ടു വിധമാണ്. അല്ലാഹുമായി ബന്ധപ്പെട്ടതും സൃഷ്ടികളുമായി ബന്ധപ്പെട്ടതും.. അല്ലാഹുവിനോടുള്ള കരാര്‍ എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തുള്ള ജീവിതവും അവന്  മാത്രം ആരാധനകളും കീഴ്‌വണക്കങ്ങളും പ്രകടിപ്പിച്ച് അവന്റെ കല്പനകളെല്ലാം അനുസരിച്ചു ജീവിക്കുക എന്നതാണ്. അല്ലാഹു പറഞ്ഞു. അല്ലാഹുവിന്റെ ഉടമ്പടിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ് (33:15).

അല്ലാഹുവിനോടുള്ള കരാറില്‍ ആദ്യം വിചാരണക്കു വരുന്നത് നമസ്‌കാരമാണെന്ന് നബി(സ) അറിയിക്കുകയുണ്ടായി. ''പുനരുത്ഥാന നാളില്‍ ഒരടിമ തന്റെ കര്‍മങ്ങളില്‍ നിന്ന് ആദ്യമായി വിചാരണ നേരിടുക തന്റെ നമസ്‌കാരത്തെക്കുറിച്ചായിരിക്കും. അത് ശരിയായാല്‍ അവന്‍ വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്തു. അത് നാശമായാല്‍ അവന്‍ പരാജിതനും നഷ്ടക്കാരനുമായിരിക്കും. അവന്റെ നിര്‍ബന്ധ നമസ്‌കാരത്തില്‍ വല്ല ന്യൂനതയും വന്നാല്‍ അല്ലാഹു പറയും. എന്റെ അടിമക്ക് അവന്റെ നിര്‍ബന്ധ നമസ്‌കാര നാളിലെ പോരായ്മ പരിഹരിക്കാവുന്ന ഐഛിക നമസ്‌കാരങ്ങളുണ്ടോയെന്ന് നോക്കുക. പിന്നീട് മറ്റു കര്‍മങ്ങളുടെ വിചാരണയും ഇതേ രൂപത്തിലായിരിക്കും. (നസാഈ, തുര്‍മുദി).

സൃഷ്ടികളുമായി ബന്ധപ്പെട്ട കരാറുകളിലാണ് മനുഷ്യര്‍ പരസ്പരം ഐഹിക ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട മര്യാദകളും നിയമങ്ങളും എല്ലാം പരിഗണിക്കപ്പെടുന്നത്. കുടുംബബന്ധം, അയല്‍പക്കബന്ധം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായി നിലനിര്‍ത്തേണ്ട മര്യാദകളും, സ്വഭാവ രീതികളും എങ്ങനെ പാലിച്ച് ജീവിച്ചുവെന്ന് പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നു.

ഇതുകൂടാതെ മറ്റു ജീവജാലങ്ങള്‍, പ്രകൃതി എന്നിവയോടുള്ള സമീപനങ്ങളും അല്ലാഹുവുമായുള്ള കരാറില്‍ ഉള്‍പെടും. ഇവിടങ്ങളിലെല്ലാം മനുഷ്യന്‍ പാലിക്കേണ്ട മര്യാദകളും കരാറുകളും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അവിടങ്ങളിലെ ന്യായാന്യായങ്ങളും ദൈവിക വിചാരണക്ക് വിധേയമാക്കപ്പെടും.
 

Feedback
  • Thursday Dec 26, 2024
  • Jumada ath-Thaniya 24 1446