ഒരോ പ്രവാചകനും തന്റെ സമുദായത്തിന്റെ അവസ്ഥക്കനുസരിച്ചുള്ള ദൃഷ്ടാന്തങ്ങളാണ് അല്ലാഹു നല്‍കിയത്. അതാതു കാലഘട്ടങ്ങളിലും സമൂഹങ്ങളിലും മാത്രം പ്രസക്തമായിരുന്നു അവയെല്ലാം. ആ പ്രവാചകന്മാരുടെ ദൗത്യവും ആ സമൂഹങ്ങളിലേക്കു മാത്രമായിരുന്നു. അന്തിമപ്രവാചകനും ലോകാവസാനം വരെ നിലനില്‍ക്കുന്ന സന്ദേശത്തിന്റെ വാഹകനുമായ മുഹമ്മദ് നബി(സ)ക്കും പല മുഅ്ജിസത്തുകളും ഉണ്ടായിട്ടുണ്ട്. ലോകാന്ത്യംവരെ നിലനില്‍ക്കേണ്ടതാണ് നബി(സ)യുടെ ദൗത്യം. അതുകൊണ്ട്തന്നെ അദ്ദേഹത്തിനു നല്‍കപ്പെടുന്ന ദൃഷ്ടാന്തം കാലഹരണപ്പെടാത്തതാവണം. നിത്യപ്രസക്തമായ ആ മുഅ്ജിസത്തിനെക്കുറിച്ച് തിരുദൂതര്‍ തന്നെ പറയുന്നത് കാണുക:
'എനിക്ക് ലഭിച്ച ദൃഷ്ടാന്തം എനിക്ക് കിട്ടിയ വഹ്‌യ് തന്നെയാകുന്നു. അതിനാല്‍ ഞാന്‍ എല്ലാ പ്രവാചകന്മാരേക്കാളും കൂടുതല്‍ അനുയായികളുള്ളവനാകാന്‍ ആഗ്രഹിക്കുന്നു (മുസ്‌ലിം). ആ അമാനുഷിക ദൃഷ്ടാന്തമത്രെ വിശുദ്ധ ഖുര്‍ആന്‍. അനാഥനായി ജനിച്ച മുഹമ്മദ്(സ) തീര്‍ത്തും നിരക്ഷരനായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ 40 വയസ്സ്‌വരെ അല്‍ അമീന്‍ (സത്യസന്ധന്‍)എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം ഒരു ദിവസം താന്‍ പ്രവാചകനാണെന്ന് പറയുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ച് കേള്‍പ്പിക്കുന്നു. കവികളും സാഹിത്യകാരന്മാരും പ്രഭാഷകരും ഇത്‌കേട്ട് സ്തബ്ധരാവുന്നു.
സാഹിത്യത്തറവാട്ടിലെ കുലപതികളായവരെ അത്ഭുതപ്പെടുത്തിയ വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരു മുഅ്ജിസത്ത് കൂടിയായിരുന്നു. അല്ലാഹു പറയുന്നു. ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലത്‌കൈകൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു (29:48). നിരക്ഷരനായ ഒരാള്‍ ഇതുപോലൊരു ഗ്രന്ഥം രചിക്കുക. പാരായണം ചെയ്തു കേള്‍പ്പിക്കുക. എന്നിട്ട് ഇതുപോലൊരു ഗ്രന്ഥമോ അതിന്റെ ഒരു ഭാഗം പോലുള്ളതോ കൊണ്ടുവരാന്‍ സാഹിത്യകാരന്മാരെ വെല്ലുവിളിക്കുക. ഒരു സാധാരണ ഗ്രന്ഥകാരനും അങ്ങനെ വെല്ലുവിളിക്കാന്‍ കഴിയില്ല. അല്ലാഹു പറയുന്നു: പറയുക മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ച് ശ്രമിച്ചാലും ഇതുപോലൊരു ഗ്രന്ഥം കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ പരസ്പരം സഹായികളായിരുന്നാല്‍ പോലും (17:88).
മറ്റു പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ ആ പ്രവാചകന്റെ തിരോധാനത്തോടെ കാലഹരണപ്പെടുന്നു. എന്നാല്‍ മുഹമ്മദ് നബി(സ)ക്ക് ശേഷം പ്രവാചകന്മാരില്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ മുഅ്ജിസത്ത് കാലാതിവര്‍ത്തിയായിരിക്കേണ്ടതുണ്ട്. അന്തിമപ്രവാചകന്റെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ആശയതലത്തില്‍ നിത്യപ്രസക്തവും പ്രായോഗികതയുമുള്ളതായി നിലനില്‍ക്കുന്നു. അത് നിലനിറുത്തല്‍ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''ഈ ഉപദേശത്തെ നാമാണ് ഇറക്കുന്നത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും (15:9). സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഭാഷയിലും സാഹിത്യത്തിലും ആശയത്തിലും വിശുദ്ധഖുര്‍ആന്‍ അതുല്യമായി ഇന്നും നിലനില്‍ക്കുന്നു എന്നത് അത് ദൈവികഗ്രന്ഥമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്.
വിശുദ്ധ ഖുര്‍ആനാണ് അന്തിമ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ഏറ്റവും വലിയ മുഅജിസത്ത്. എന്നാല്‍ അതു കൂടാതെ വേറെയും അനേകം മുഅ്ജിസത്തുകളായ അത്ഭുത സംഭവങ്ങള്‍ തിരുമേനി മുഖേന വെളിവാക്കപ്പെട്ടിട്ടുണ്ട്. ഖൈബര്‍ സംഭവത്തിന് ശേഷം ഒരു ജൂതസ്ത്രീ നബിക്കും അനുയായികള്‍ക്കും മാരകമായ വിഷംകലര്‍ത്തിയ ഭക്ഷണം നല്‍കി. വായിലിട്ട് ചവച്ചപ്പോഴേക്കും നബി(സ)ക്ക് അത് മനസ്സിലാവുകയും അനുചരരെ വിലക്കുകയും ചെയ്തു. എന്നാല്‍ ഒരു കഷ്ണം തിന്ന്കഴിഞ്ഞ ബിശ്‌റുബ്‌നുല്‍ ബര്‍റാത്ത(റ) മരിച്ചു. പ്രവാചകനുള്‍പ്പെടെയുള്ളവരുടെ കൂട്ടമരണമെന്ന വന്‍ദുരന്തം അത്ഭുതകരമായി ഒഴിവാക്കപ്പെട്ടത് പ്രവാചകന്ന് അല്ലാഹു നല്‍കിയ സഹായമായിരുന്നു. ഇതു മനസ്സിലായ ആ സ്ത്രീ നബി(സ) യുടെ അനുയായിയായിത്തീരുകയും ചെയ്തു (ബുഖാരി 42:49).
ഹുദൈബിയ ദിവസം ജനങ്ങള്‍ക്ക് ദാഹിച്ചു. നബി(സ) തന്റെ മുന്നിലുണ്ടായിരുന്ന പാത്രത്തില്‍നിന്ന് വുദു ചെയ്തു. ആളുകള്‍ അദ്ദേഹത്തിന്നടുത്ത് തിങ്ങിക്കൂടി. നിങ്ങള്‍ക്ക് എന്തുവേണം? പ്രവാചകന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കുടിക്കാനും വുദു ചെയ്യാനുമായി താങ്കളുടെ മുന്നിലുള്ളവെള്ളം മാത്രമേയുള്ളൂ. അപ്പോള്‍ അദ്ദേഹം ആ പാത്രത്തില്‍ തന്റെ കൈവെച്ചു ആ വിരലുകള്‍ക്കിടയില്‍ നിന്ന് ഉറവെന്നവണ്ണം ജലം ഒഴുകാന്‍ തുടങ്ങി. അങ്ങനെ ഞങ്ങള്‍ കുടിച്ചു, വുദുചെയ്തു. നിങ്ങള്‍ എത്ര പേരുണ്ടെന്ന് ചോദിക്കപ്പെട്ടു. ഞങ്ങള്‍ 1500 പേരുണ്ടായിരുന്നു. ഒരുലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം തികയുമായിരുന്നു (ബുഖാരി 35:76).
ഈ രണ്ട് സംഭവങ്ങളും പ്രവാചകന്റെ മുഅജിസത്തുകളായിരുന്നു. ഇതുപോലെ വേറെയും ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു. ഇവ എതിരാളികള്‍ക്ക് സത്യം ബോധ്യപ്പെടുത്താനോ അവരെ വെല്ലുവിളിച്ചുകൊണ്ടുള്ളതോ ആയിരുന്നില്ല. നേരെമറിച്ചു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായമാകുമാറ് അല്ലാഹു ചെയ്തുകൊടുത്ത ചില അനുഗ്രങ്ങള്‍ മാത്രമാണ്. നബി(സ)യുടെ പേരില്‍ സത്യമല്ലാത്ത ധാരാളം അത്ഭുതകൃത്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നബി(സ)യുടെ ജനനം മുതല്‍ മരണം വരെ ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം കഥകള്‍ക്ക് കൃത്യമായ പ്രമാണങ്ങളുടെ പിന്‍ബലമില്ല.