വിശുദ്ധ ഖുര്‍ആന്‍ ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) രീതികളെ ഇപ്രകാരം വിവരിക്കുന്നു. (നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് ആ ദൂതന്‍ ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു (42:51).
മൂന്ന് വിധത്തിലൂടെ അല്ലാഹു മനുഷ്യര്‍ക്ക് ദിവ്യസന്ദേശമെത്തിക്കുമെന്ന് ഉപരിസൂചിത ഖുര്‍ആന്‍ സൂക്തം പഠിപ്പിക്കുന്നു.
ഒന്ന്) മനുഷ്യമനസ്സിലേക്കുള്ള വഹ്‌യ് (ഉദ്‌ബോധനം) ഉണര്‍വിലോ ഉറക്കിലോ ഇത് ലഭിക്കുന്നു. സ്വപ്‌നദര്‍ശനം വഹ്‌യിന്റെ ഭാഗമാകുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇബ്‌റാഹീം നബി(അ)ക്ക് സ്വപുത്രനെ ബലിയറുക്കുന്നതിനുള്ള ആജ്ഞ സ്വപ്‌നത്തിലൂടെ ദിവ്യസന്ദേശമായി നല്‍കപ്പെടുകയായിരുന്നു. അദ്ദേഹം പുത്രനെ വിളിച്ച് പ്രസ്തുത കാര്യം പറയുന്നത് ഇപ്രകാരമാണ്.
അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്. (37:102)
സ്വപ്‌നങ്ങള്‍ മൂന്നുതരത്തിലാണ്. ഒന്ന്) സ്വാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദത്താല്‍ അബോധമനസ്സിലുണ്ടാകുന്ന പ്രതിധ്വനികളില്‍ നിന്ന് രൂപമെടുക്കുന്ന ദര്‍ശനം. രണ്ട്) പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് ഉളവാകുന്ന ദര്‍ശനം. മൂന്ന്) അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യമായ സന്തോഷ വാര്‍ത്തയ്ക്ക് സാക്ഷ്യം വഹിക്കുന്ന ദര്‍ശനം.
മൂന്നാമത് പറഞ്ഞ, സദ്‌വൃത്തന്മാര്‍ക്ക് ദൈവത്തിങ്കല്‍ നിന്ന് ലഭിക്കുന്ന സുവാര്‍ത്തകളടങ്ങിയിട്ടുള്ള ശുദ്ധസ്വപ്‌നം വ്യാജമല്ല. നബി(സ) പറഞ്ഞു. എനിക്ക് ശേഷം മുബശ്ശിറാത്ത് (സന്തോഷ സൂചനകള്‍) അല്ലാതെ 'നുബുവ്വത്ത്' ഇല്ല. അല്ലാഹുവിന്റെ റസൂലേ, എന്താണ് മുബശ്ശിറാത്ത്? അവിടുന്ന് അരുളി: നല്ല സ്വപ്‌നങ്ങള്‍ (അഹ്മദ്, നസാഈ, അബൂദാവൂദ്). നബി(സ) അരുളി. സുഹൃത്തായ മനുഷ്യന്‍ കാണുന്ന സ്വപ്‌നം പ്രവാചകത്വത്തിന്റെ 46ല്‍ ഒരംശമാണ്. (ബുഖാരി) രണ്ട്) വഹ്‌യിന്റെ രണ്ടാമത്തെ രൂപം ഒരു മറയ്ക്ക് പിന്നില്‍ നിന്നുള്ള സംസാരത്തിന്റെ രീതിയിലാണ്. മൂസാനബി(അ)ക്ക് അല്ലാഹുവിനെ കാണാതെ ദൈവ ഭാഷണം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും തന്റെ കുടുംബവും കൊണ്ട് യാത്ര പോകുകയും ചെയ്തപ്പോള്‍ പര്‍വതത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു. നിങ്ങള്‍ നില്‍ക്കൂ, ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തന്നേക്കാം. നിങ്ങള്‍ക്കറിയാമല്ലോ? അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്തുള്ള ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചു പറയപ്പെട്ടു. ഹേ, മൂസാ തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു (28:29,30).
മൂന്ന്) ഒരു മലക്കിനെ (ദൂതനെ) അയച്ചുകൊണ്ടുള്ള ദിവ്യബോധനം നല്‍കുക. മുന്‍ പ്രവാചകന്‍മാര്‍ക്കും ഇപ്രകാരം സന്ദേശം നല്‍കിയിട്ടുണ്ട്. ലൂത്‌നബി(അ)യുടെ അടുക്കല്‍ ദുര്‍മാര്‍ഗികള്‍ക്കുള്ള ശിക്ഷയുടെ സന്ദേശവുമായി വന്ന മലക്കുകളെ സംബന്ധിച്ച പരാമര്‍ശം ഖുര്‍ആനില്‍ ഇപ്രകാരം കാണാം. അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. (11:81)