Skip to main content

അനുവദിക്കപ്പെട്ട തവസ്സുല്‍

സദ്കര്‍മങ്ങളിലൂടെ മാത്രമേ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും നേടാന്‍ സാധിക്കുകയുള്ളൂവെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സദ്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനേയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ (18:110).

വിപത്ഘട്ടത്തില്‍ പോലും അല്ലാഹുവിന്റെ സഹായത്തിന് നമ്മെ അര്‍ഹരാക്കുന്നത് സ്വന്തം സദ്കര്‍മങ്ങള്‍ മുന്‍നിര്‍ത്തികൊണ്ട് അല്ലാഹുവിനോട് നാം മനമുരുകി നടത്തുന്ന പ്രാര്‍ത്ഥനയാണ്.  ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയ ഒരു ഹദീസില്‍ നബി(സ) അനുചരന്മാര്‍ക്ക് ഒരു സംഭവം വിവരിച്ചു കൊടുക്കുന്നു.

പണ്ട് മലമുകളില്‍ ഒരു ഗുഹയില്‍ അബദ്ധത്തില്‍ മൂന്ന് പേര്‍ അകപ്പെട്ടുപോയി. രാത്രിയില്‍ മുകളില്‍ നിന്നു വീണ ഒരു വലിയ പാറക്കല്ല് ഗുഹാമുഖത്തെ അടച്ചുകളഞ്ഞു. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടഞ്ഞ സന്നിഗ്ദ ഘട്ടത്തില്‍ ഗുഹയില്‍ അകപ്പെട്ട ഓരോരുത്തരും തങ്ങള്‍ കഴിഞ്ഞ കാലത്ത് പ്രവര്‍ത്തിച്ച നല്ല കാര്യങ്ങള്‍ എടുത്ത് പറഞ്ഞു. പടച്ചവനേ, ഞങ്ങളിതു ചെയ്തത് നിന്റെ പ്രീതിക്കുവേണ്ടിയായിരുന്നു. നീ ഞങ്ങളെ രക്ഷപ്പെടുത്തേണമേ എന്ന് പ്രാര്‍ത്ഥിച്ചു. അങ്ങനെ അല്ലാഹു എല്ലാവരെയും രക്ഷപ്പെടുത്തി.

ഏത് പ്രതിസന്ധിയിലും അല്ലാഹുവിനോട് നേരിട്ട് മാത്രമേ പ്രാര്‍ത്ഥിക്കാവൂവെന്നും ആരുടെയും ഹഖും ജാഹും ബര്‍ക്കത്തും ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നും ഈ സംഭവം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: അല്ലാഹുവിന് മെച്ചമായ നാമങ്ങളുണ്ട്. അവ കൊണ്ടും അവനെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുവീന്‍ (7:180).

പ്രവാചകന്മാരുടെ പേരുകള്‍ കൊണ്ടോ, അവരുടെ ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവ കൊണ്ടോ അവനോട് വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല. നബി(സ) പ്രാര്‍ത്ഥിച്ചിരുന്ന രീതി കൂടി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാം. ഇബ്‌നു അബ്ബാസ്(റ) നിവേദനം. തിരുനബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ, നിന്റെ പ്രതാപം കൊണ്ട് (ജാഹുകൊണ്ട്) ഞാന്‍ നിന്നോട് രക്ഷതേടുന്നു (ബുഖാരി).

ഇമാം അബൂഹനീഫ(റ) ഇപ്രകാരം പറയുന്നു. നിശ്ചയം ആര്‍ക്കും തന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്റെ വിശേഷണങ്ങള്‍ കൊണ്ടല്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ അവകാശമില്ല (അദുര്‍റുല്‍ മുഖ്താര്‍).

ഹഖ്, ജാഹ് കൊണ്ടുള്ള തവസ്സുലിനെക്കുറിച്ച ഇമാം ത്വഹാവി(റ) പറയുന്നത് ഇപ്രകാരമാണ്: നിശ്ചയം ഇത് നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിയമത്തെ ലംഘിക്കലാണ്. അല്ലാഹു പറയുന്നു. താഴ്മയോടും ഗോപ്യമായ നിലക്കും നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ വിളിച്ച് പ്രാര്‍ത്ഥിക്കുക. നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഹഖ്, ജാഹ്, ബര്‍ക്കത്ത് കൊണ്ടുള്ള പ്രാര്‍ത്ഥന ബിദ്അത്തിന്റെ ആളുകളുടേതാണ്. ഇത് നബി(സ)യില്‍ നിന്നോ സ്വഹാബിമാരില്‍ നിന്നോ താബിഉകളില്‍ നിന്നോ ഉദ്ധരിക്കപ്പെട്ടിട്ടില്ല (ശറഹു അഖീദത്തുത്ത്വഹാവി).

സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ മഹാത്മാക്കളെയും പ്രവാചകന്മാരേയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. അവരവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍ നിര്‍ത്തിയോ അല്ലാഹുവിന്റെ സ്വിഫത്തുകള്‍ (ഗുണനാമവിശേഷണങ്ങള്‍) എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് സാമീപ്യം തേടാം.
 

Feedback
  • Wednesday Nov 27, 2024
  • Jumada al-Ula 25 1446