നിര്‍ബന്ധമില്ലാത്ത വല്ല പുണ്യകര്‍മവും ചെയ്തുകൊള്ളാമെന്ന് സ്വയം പ്രതിജ്ഞ ചെയ്യുന്നതിനാണ് നേര്‍ച്ച (നദ്ര്‍) എന്നു പറയുന്നത്. നേര്‍ച്ച എന്നതിന്റെ നിര്‍വചനം 'മഹല്ലി'യില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ''ശറഇല്‍ നേര്‍ച്ചയെന്നാല്‍ നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മം സ്വയം നിര്‍ബന്ധമാക്കലാകുന്നു. നേര്‍ച്ച മതപരമായ പുണ്യകര്‍മമായതിനാല്‍ പുണ്യകര്‍മത്തില്‍ മാത്രമേ അത് സ്വഹീഹാവുകയുള്ളൂ.(റൂഹുല്‍ ബയാന്‍-10:264) നേര്‍ച്ച ആരാധനയുടെ ഇനത്തില്‍പ്പെട്ടതാണ്. അത് കൊണ്ട് നേര്‍ച്ചകളെല്ലാം അല്ലാഹുവിന് മാത്രമേ പാടുള്ളൂ. പുണ്യകരമായ കാര്യം ചെയ്യുമെന്ന് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നു. നബി(സ) പറഞ്ഞു. ''ആരെങ്കിലും അല്ലാഹുവിനെ അനുസരിക്കാന്‍ (അനുസരണത്തിന്റെ ഇനത്തില്‍പ്പെട്ട വല്ലതും ചെയ്യാന്‍) നേര്‍ച്ചയാക്കിയാല്‍ അവന്‍ അവനെ(അല്ലാഹുവിനെ) അനുസരിച്ചുകൊള്ളട്ടെ. ആരെങ്കിലും അവനോട് അനുസരണക്കേട് കാണിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അവന്‍ അവനോട് അനുസരണക്കേട് കാണിക്കുകയുമരുത്'' (ബുഖാരി).
സ്വര്‍ഗീയാനുഭൂതികള്‍ ലഭിക്കുന്ന പുണ്യവാന്മാരുടെ സ്വഭാവമായി വിശുദ്ധഖുര്‍ആനില്‍ അല്ലാഹുപറയുന്നു: ''നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്ത് പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും''. (76:7) നേര്‍ച്ച നേരണമെന്ന് അല്ലാഹുവോ അവന്റെ റസൂലോ കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ പേരില്‍ മാത്രമേ നേര്‍ച്ച പാടുള്ളൂവെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു ലക്ഷ്യത്തോടു കൂടി സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ ഒരാള്‍ നേര്‍ച്ച നേര്‍ന്നാല്‍ അത് പൂര്‍ത്തീകരിക്കല്‍ അയാളുടെ ബാധ്യതയായി മാറുന്നു. തഫ്‌സീര്‍ ഖുര്‍ത്വുബിയില്‍ നേര്‍ച്ചയുടെ നിര്‍വചനവുമായി ബന്ധപ്പെടുത്തി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ''നീ ഉദ്ദേശിക്കുന്നുവെങ്കില്‍ നേര്‍ച്ചയുടെ നിര്‍വചനം ഇപ്രകാരം പറഞ്ഞുകൊള്ളുക. നേര്‍ച്ച എന്നത് പ്രായപൂര്‍ത്തിയായ ഒരാള്‍ തന്റെ ശരീരത്തിന്റെ മേല്‍ പുണ്യകര്‍മങ്ങളില്‍ നിന്ന് നിര്‍ബന്ധമാക്കലാണ്. അവന്‍ സ്വയം നിര്‍ബന്ധമാക്കാത്ത പക്ഷം അത് നിര്‍ബന്ധമാവുകയില്ല (ഖുര്‍ത്വുബി 19:127).