Skip to main content

അല്ലാഹുവിന്റെ പേരിലുള്ള നേര്‍ച്ച

അല്ലാഹു അനുവദിച്ച ഒരു പുണ്യകര്‍മം ചെയ്യുമെന്ന് നേര്‍ച്ച നേരുന്നതോടു കൂടി അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അത് പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ആ നേര്‍ച്ച അല്ലാഹുവിന്റെ പേരില്‍ മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ. കാരണം നേര്‍ച്ച ഒരു ആരാധനയാണ്. അത് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അത്‌കൊണ്ട് അല്ലാഹു അല്ലാത്തവരുടെ പ്രീതി ആഗ്രഹിച്ച് അല്ലാഹു അല്ലാത്തവരുടെ പേരില്‍ നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥനകളും നേര്‍ച്ചകളും വഴിപാടുകളും അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കും കുഫ്‌റും ആണെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു: പറയുക, നിശ്ചയമായും എന്റെ നമസ്‌കാരവും എന്റെ ആരാധനയും (ബലിയും) എന്റെ ജീവിതവും എന്റെ മരണവും (എല്ലാം) ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേ ഇല്ല. അപ്രകാരമത്രെ എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അവന് കീഴൊതുങ്ങിയവരില്‍) ഒന്നാമനുമത്രെ (6:162.163).

ഇംറാന്റെ ഭാര്യക്ക് മക്കള്‍ ജനിച്ചിരുന്നില്ല. ഒരു കുട്ടിക്ക് വേണ്ടി അവര്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഗര്‍ഭിണിയായപ്പോള്‍ ശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുഖദ്ദസിലെ പരിചരണത്തിനും അവിടെ ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിനും വേണ്ടി നേര്‍ച്ചയാക്കി. ബൈത്തുല്‍ മുഖദ്ദസിലെ ശുശ്രൂഷക്ക് വേണ്ടി ആണ്‍കുട്ടികളെ വഴിപാടാക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പ്രസവിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം നേര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രസവിച്ചപ്പോള്‍ കുട്ടി പെണ്ണായിരുന്നു. എങ്കിലും പിശാചിന്റെ ഉപദ്രവം ഇല്ലാതിരിക്കാനായി അല്ലാഹുവോട് പ്രാര്‍ഥിച്ച് കുട്ടിയെ(മര്‍യം) പള്ളിയുടെ പരിപാലനത്തിനായി വിട്ടുകൊടുത്തുകൊണ്ട് നേര്‍ച്ച പൂര്‍ത്തിയാക്കി. പ്രസ്തുത സംഭവം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പരയുന്നു. '' ഇംറാന്റെ സ്ത്രീ(ഭാര്യ) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) എന്റെ റബ്ബെ, നിശ്ചയമായും എന്റെ വയറ്റിലുള്ളതിനെ (ഗര്‍ഭസ്ഥ ശിശുവിനെ) സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ ഞാന്‍ നിനക്ക് നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ നീ എന്നില്‍ നിന്ന് (അത്) സ്വീകരിക്കേണമേ, നിശ്ചയമായും നീ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും. എന്നിട്ട് അവള്‍ അതിനെ (പെണ്‍കുട്ടിയെ) പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ റബ്ബേ, ഞാന്‍ അതിനെ പെണ്ണായി പ്രസവിച്ചു. അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണു താനും. ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാന്‍ അവള്‍ക്ക് മര്‍യം എന്ന് പേര് വെച്ചിരിക്കുന്നു. അവള്‍ക്കും അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട(ശപിക്കപ്പെട്ട) പിശാചില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു.(3:35,36). 

ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായ മര്‍യം(അ) പ്രസവ വേദന വന്നപ്പോള്‍ അല്ലാഹു അവരെ ആശ്വസിപ്പിക്കുന്നു. ഉടനെ അല്ലാഹു അവരെ വിളിച്ചുപറഞ്ഞു. വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് നിന്റെ കീഴില്‍ ഒരു മഹാനെ ആക്കി തന്നിരിക്കുന്നു. നിന്റെ അടുക്കലേക്ക് ഈത്തപ്പന കുലുക്കി കൊള്ളുക. അത് നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തി തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, പരമകാരുണികന്(അല്ലാഹുവിന്) വ്രതം അനുഷ്ഠിക്കാന്‍ നേര്‍ന്നിരിക്കുകയാണ്, ആകയാല്‍ ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കയില്ല തന്നെ എന്നു നീ പറഞ്ഞേക്കുക. (19: 24-26). നേര്‍ച്ച അല്ലാഹുവിന്റെ പേരില്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തി ആകാമെന്നും നേര്‍ച്ച നിറവേറ്റുക എന്നത് അത് നേര്‍ന്ന വ്യക്തിയുടെ മേല്‍ നിര്‍ബന്ധമാണ് എന്നും മനസ്സിലാക്കാം.
 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446