പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അവന്റെ നാമങ്ങള്‍ വാഴ്ത്തപ്പെടുവാനും സമുദായത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കാനും പള്ളികള്‍ സ്ഥാപിക്കുന്നത് പുണ്യകര്‍മമത്രെ. സ്ഥാപിക്കുക മാത്രം പോരാ, ശരിയായ രീതിയില്‍ അവ കൈകാര്യം ചെയ്യുകയും വേണം.
പള്ളികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല, പൊതുസ്വത്താണ്. പുണ്യത്തിന്റെ കാര്യത്തില്‍ പള്ളികള്‍ തുല്യമാണ്. എന്നാല്‍ ലോകത്തില്‍ പ്രധാനപ്പെട്ട മൂന്നു പള്ളികള്‍ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു. അവയ്ക്ക് കൂടുതല്‍ പുണ്യവും പ്രാധാന്യവും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നാമതായി മക്കയിലെ മസ്ജിദുല്‍ ഹറാം തന്നെ. ലോകത്തില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി സ്ഥാപിതമായ ഭവനം മക്കയിലെ പുരാതന ഗേഹം(കഅ്ബ) ആണന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും കൂടി പടുത്തുയര്‍ത്തിയതാണത്. അതിന്റെ അടിത്തറയും ആസ്ഥാനവും അതിനുമുമ്പുതന്നെ സ്ഥാപിതമാണ് എന്നും അഭിപ്രായമുണ്ട്. കഅ്ബയും അതിനു ചുറ്റുമുള്ള പള്ളിയും അഥവാ നമസ്‌കാരസ്ഥലവും ചേര്‍ന്നതാണ് മസ്ജിദുല്‍ ഹറാം. അതിന്റെ ചുറ്റിലുള്ള ഏതാനും സ്ഥലം ഹറം അഥവാ പവിത്ര സ്ഥലം ആയി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ലോക മുസ്‌ലിംകളുടെ നമസ്‌കാരത്തിലെ ഖിബ്‌ലയും ഹജ്ജിന്റെ കേന്ദ്രവും ഇതുതന്നെ. അതിനാല്‍ തന്നെ ആ പള്ളി ഏറ്റവും പുണ്യകരമായ പള്ളിയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.
രണ്ടാമത്തേത് പ്രവാചകന്‍(സ്വ) അനുയായികളോടൊത്ത് നിര്‍മിച്ച മദീനയിലെ പള്ളിയാണ്. മസ്ജിദുന്നബവി എന്നറിയപ്പെടുന്ന ഈ പള്ളിയായിരുന്നു പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം. പ്രവാചകന്‍(സ്വ) വളര്‍ത്തിയെടുത്ത ലോകോത്തര മാതൃകാ സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രവും മസ്ജിദുന്നബവി തന്നെ. നബി(സ്വ) ആ നാട്ടിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും ആ പള്ളിയില്‍ നിന്നു തന്നെയായിരുന്നു. ഈ മസ്ജിദുന്നബവിയത്രെ പദവിയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്നത്.
ഇമാമുമാരായ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''എന്റെ ഈ പള്ളി(മസ്ജിദുന്നബവി)യില്‍ നിന്നു നമസ്‌കരിക്കുന്നത്, മസ്ജിദുല്‍ ഹറാമല്ലാത്ത മറ്റേതു പള്ളിയില്‍ നിന്നു നമസ്‌കരിക്കുന്നതിനേക്കാളും ആയിരം മടങ്ങ് ഉത്തമമാണ്.''
മസ്ജിദുന്നബവിയുടെ പാര്‍ശ്വത്തില്‍ തന്നെയായിരുന്നു നബി(സ്വ) താമസിച്ചിരുന്ന വീട്. നബി(സ്വ) വീട്ടില്‍നിന്ന് പള്ളിയുടെ മിമ്പറിലേക്ക് (പ്രസംഗപീഠം) പതിവായി നടന്നുകൊണ്ടിരുന്ന ആ സ്ഥലം കൂടുതല്‍ ശ്രേഷ്ഠമാണെന്ന് ഹദീസില്‍ കാണാം. ''എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തിലെ തോട്ടങ്ങളിലൊന്നിനു തുല്യമത്രെ'' (ബുഖാരി, മുസ്‌ലിം). മസ്ജിദുന്നബവിയുടെ ശ്രേഷ്ഠത വിശദീകരിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്.
ശ്രേഷ്ഠതയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഖുദ്‌സിലെ(ജറൂസലം) 'മസ്ജിദുല്‍ അഖ്‌സ്വയാണ്. ഇബ്‌റാഹീം (അ) മുതല്‍ അനേകം പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഈ പുരാതന പുണ്യഗേഹത്തെ ജൂതന്മാരും ക്രൈസ്തവരുമെല്ലാം ആദരിക്കുന്നു. 'ചുറ്റുപാടും നാം അനുഗ്രഹിച്ചാശീര്‍വദിച്ചത്' എന്നാണ് മസ്ജിദുല്‍ അഖ്‌സ്വയെപറ്റി ഖുര്‍ആന്‍ (17:1) പറഞ്ഞത്.
നബി(സ്വ)യുടെ മുഅ്ജിസത്തില്‍(അമാനുഷിക ദൃഷ്ടാന്തം)പെട്ട 'ഇസ്‌റാഅ്' എന്നത് മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ഒരു രാത്രിയില്‍ അല്ലാഹു പ്രവാചകനെ കൊണ്ടുപോയി എന്നതായിരുന്നു. നബി(സ്വ) മദീനയിലെത്തി പള്ളി സ്ഥാപിച്ച് നമസ്‌കാരം തുടങ്ങിയപ്പോള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനില്‍ക്കാന്‍ ആദ്യത്തില്‍ കല്‍പിക്കപ്പെട്ട ഖിബ്‌ല മസ്ജിദുല്‍ അഖ്‌സ്വ ആയിരുന്നു.
ശ്രേഷ്ഠമായ ഈ മൂന്നു പള്ളികളെപ്പറ്റി നബി(സ്വ) പറയുന്നു. ''മൂന്നു പള്ളികളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര(തീര്‍ഥാടനം) പുറപ്പെടാവതല്ല. എന്റെ ഈ പള്ളിയും (മസ്ജിദുന്നബവി) മസ്ജിദുല്‍ഹറാമും മസ്ജിദുല്‍ അഖ്‌സ്വയുമത്രെ അവ.''
ഈ മൂന്നു പള്ളികള്‍ അല്ലാത്ത മറ്റു മുഴുവന്‍ പള്ളികളും പുണ്യത്തിന്റെയും പദവിയുടെയും കാര്യത്തില്‍ തുല്യമാണ്.