Skip to main content

മസ്ജിദുല്‍ അഖ്‌സ്വാ (6)

മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ല, ലോകത്ത് രണ്ടാമതായി നിര്‍മിക്കപ്പെട്ട പള്ളി, മസ്ജിദുല്‍ അഖ്‌സാ അഥവാ ബൈത്തുല്‍ മുഖദ്ദസ്. ഫലസ്ത്വീനിലെ ജറൂസലമില്‍ സ്ഥിതിചെയ്യുന്നു. ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്ഹാഖ്(അ), യഅ്ഖൂബ്(അ) നബി മുതലങ്ങോട്ടുള്ള ബനൂഇസ്‌റാഈല്‍  പ്രവാചകന്മാരുടെയും സാന്നിധ്യം തൊട്ടറിഞ്ഞ വിശുദ്ധഗേഹം കൂടിയാണിത്. തകര്‍ച്ചയും അഗ്നിബാധയും അധിനിവേശവും കുരിശുയുദ്ധങ്ങളുടെ ഭീകരതയും ഏറ്റുവാങ്ങിയ ദേവാലയം.

പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്തീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത് (ബുഖാരി).

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിലെ അത്ഭുതങ്ങളിലൊന്നായ രാപ്രയാണ(ഇസ്‌റാഅ്) സംഭവത്തിലൂടെ ഖുര്‍ആന്‍ പേരു പരാമര്‍ശിച്ചു (17:1). ഹിജ്‌റയ്ക്കുശേഷം നമസ്‌കാരത്തില്‍ 16 മാസക്കാലം നബി(സ്വ)യും സ്വഹാബിമാരും ഇവിടെക്കാണ് നമസ്‌കാരത്തില്‍ തിരിഞ്ഞു നിന്നത്. മദീനയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്മാരുടെ ഖിബ്‌ലയും അതുതന്നെയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുനബി(സ്വ)യുടെ അദമ്യമായ ആഗ്രഹപ്രകാരം ഖിബ്‌ല മക്കയിലെ കഅ്ബയാക്കിയത് (2:144).

Feedback