ഹറമില്‍ ആരാധനക്കും അല്ലാതെയുമായി പ്രവേശിക്കുന്നവരും താമസിക്കുന്നവരും ചില ചിട്ടകള്‍ പാലിക്കേണ്ടതുള്ളതിനാല്‍ അതിന്റെ അതിര്‍ത്തി മനസ്സിലാക്കിയിരിക്കല്‍ നിര്‍ബന്ധമാണ്. വിവിധ ഗ്രന്ഥങ്ങളില്‍ പ്രത്യേകിച്ചും വ്യത്യസ്ത മദ്ഹബുകളില്‍ ഹറമിന്റെ അതിര്‍ത്തിയുടെ അളവ് രേഖപ്പെടുത്തിയതില്‍ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഇത് ദിറാഅ്, മൈല്‍ പോലുള്ള അകലമാപിനികളുടെ അളവുനിശ്ചയിക്കുന്നതിലുള്ള വ്യത്യാസം കാരണമാണ്. മുപ്പതോളം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള മക്ക നഗരം ഏകദേശം പൂര്‍ണമായും ഹറമാണ്. എന്നാല്‍ നിര്‍ണിത അളവിനു പുറത്തുള്ള പ്രദേശങ്ങള്‍ക്കും മക്ക എന്നു പറയാറുണ്ടെങ്കിലും അത് ഹറം എന്നല്ല ഹില്ല് എന്നാണ് പറയുക. ഇബ്റാഹീം നബി(അ)യാണ് ആദ്യമായി ഹറമിന് അതിര്‍ത്തി നിശ്ചയിച്ചത്. പിന്നീട് നബി(സ്വ)യുടെ പിതാമഹനായ ഖുസ്വയ്യും പ്രസ്തുത അതിരുകള്‍ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. ഹിജ്റ എട്ടാം വര്‍ഷത്തില്‍ മുഹമ്മദ് റസൂല്‍(സ്വ)ക്ക് മക്ക കീഴ്പെട്ടപ്പോള്‍ പ്രസ്തുത അതിര്‍ത്തികള്‍ അടയാളപ്പെടുത്തി പുനസ്ഥാപിക്കാന്‍ തമീമുബ്നു ഉസൈദ്(റ) എന്ന സ്വഹാബിയെ ചുമതലപ്പെടുത്തി. പില്ക്കാലത്ത് രണ്ടാം ഖലീഫ ഉമര്‍ഫാറൂഖ്(റ) നാലു ഖുറൈശീ പ്രമുഖരെ അയച്ച് ഹറമിന്റെ അതിരുകള്‍ക്ക് നല്ല അടയാളങ്ങള്‍ സ്ഥാപിച്ചു. മുആവിയ(റ)യുടെ കാലത്തും ഖലീഫ അബ്ദുല്‍ മലികിന്റെ ഭരണകാലത്തും പഴയ അതിരുകള്‍ ഒന്നുകൂടി വ്യക്തമായി സ്ഥാപിക്കുകയുണ്ടായി.
ആധുനിക കാലത്ത് സുഊദി അറേബ്യയുടെ മുന്‍ ഭരണാധികാരി ഫഹ്ദ് രാജാവ് പ്രത്യേക താത്പര്യമെടുത്ത് പ്രമുഖ പണ്ഡിതസഭയുടെ നിര്‍ദേശപ്രകാരം ഹറം വിശാലമാക്കുകയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്തു. ഇപ്പോള്‍ മക്കയില്‍ നിന്ന് മദീന, യമന്‍, ത്വാഇഫ്, ഇറാഖ്, ജിദ്ദ എന്നീ ഭാഗങ്ങളിലേക്കു പോകുന്ന പ്രധാന റോഡുകളിലെല്ലാം വ്യക്തമായ അടയാളങ്ങള്‍ ഹറം അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ ഫലകങ്ങളില്‍ അറബിയിലും മറ്റു പ്രധാന ഭാഷകളിലുമായി ഹറം അതിര്‍ത്തി എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഹറമിന്റെ അതിരുകള്‍ പങ്കിടുന്ന പ്രദേശങ്ങള്‍ ഇവയാണ്.
ഹുദൈബിയ: ശുമൈസി എന്നും അറിയപ്പെടുന്ന ഇത് ഹറമിന്റെ പടിഞ്ഞാറേ അതിര്‍ത്തിയാണ്. ഇവിടെ നിന്ന് കഅ്ബയിലേക്ക് ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. ജിദ്ദ റോഡില്‍ മക്കയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പ്രൗഢഗംഭീരമായ ഹറം അതിര്‍ത്തി സൗധം കാഴ്ചയില്‍പെടും. വിശാലമായ മക്ക-ജിദ്ദ റോഡിനു മുകള്‍ ഭാഗത്ത് കമാനരൂപത്തില്‍ നിര്‍മിക്കപ്പെട്ട പ്രസ്തുത ഗെയ്റ്റ് ശില്‍പ്പഭംഗി നിറഞ്ഞ പടുകൂറ്റന്‍ കവാടമാണ്. അതിന്മേല് വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉല്ലേഖനം ചെയ്തിരിക്കുന്നു.
തന്‍ഈം: മക്കയുടെ വടക്കുഭാഗത്തുള്ള മസ്ജിദ് ആഇശ നിലകൊള്ളുന്ന തന്‍ഈം എന്ന സ്ഥലം. ഇവിടെ നിന്ന് കഅബയിലേക്ക് 7.5 കിലോമീറ്ററാണ്. ഇതാണ് കഅബയോട് ഏറ്റവും അടുത്ത അതിര്‍ത്തി. ഹറം അതിരുകളില്‍ ഏറ്റവും ദൂരം കുറഞ്ഞത് തന്‍ഈം പ്രദേശത്തേക്കാണ്. അവിടെ മസ്ജിദ് ആഇശ എന്ന പേരില്‍ വിശാലമായ പള്ളിയും സൗകര്യങ്ങളുമുണ്ട്.
ജിഅ്റാന: ഹറമിന്റെ മറ്റൊരു അതിര്‍ത്തിയാണ് ജിഅ്റാന. ഇവിടെ നിന്ന് 22 കിലോമീറ്റര്‍ ദൂരമാണ് കഅബയിലേക്ക്. ബനൂതമീം കുടുംബത്തിലെ ഒരു സ്ത്രീയുടെ പേരാണിത്. കഅബയുടെ വടക്ക് പടിഞ്ഞാറുഭാഗത്ത് ഇതിന്റെ തൊട്ടടുത്തുള്ള ശരീഫില്നിന്ന് ഇപ്പോള്‍ നേരിട്ട് ഒരു റോഡ് മക്കാ പട്ടണത്തിലേക്കുണ്ട്. ആയിരം പേര്‍ക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട്.
നഖ്ല: മറ്റൊരു അതിര്‍ത്തി മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്ലയാണ്. കഅ്ബയുടെ വടക്ക് സ്ഥിതിചെയ്യുന്ന നഖ്ല യമാനിയുടെയും കിഴക്ക് സ്ഥിതിചെയ്യുന്ന നഖ്ല ശാമിയുടെയും ഒന്നിച്ചുള്ള കേന്ദ്രമാണ് നഖ്ല. മസ്ജിദുല്‍ ഹറാമില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരത്താണ് ഈ സ്ഥലം.
അറഫ: വിശുദ്ധ ഹറം മേഖലയുടെ മറ്റൊരു അതിര്‍ത്തി അറഫയാണ്. ദുല്‍ഹിജ്ജ ഒമ്പതിന് പകലില്‍ ഇത്തിരി നേരമെങ്കിലും ഇവിടെ കഴിച്ചുകൂട്ടുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധ കര്‍മമാണ്. കഅ്ബയില്‍ നിന് 18 കിലോമീറ്റര്‍ ദൂരത്താണ് ഈ സമതല പ്രദേശം. മൂന്നരലക്ഷം പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുള്ള വിശാലമായ മസ്ജിദ് നമിറ ഇവിടെയാണ്. എന്നാല്‍ ഹറമിന്റ പരിധിക്ക് പുറത്താണ് അറഫാ പ്രദേശം.
അദാത്ത് ലബന് എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിര്‍ത്തി. മസ്ജിദുല്‍ ഹറാമില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരത്താണിത്. ആ ഭാഗത്തുണ്ടായിരുന്ന ഒരു നാട്ടുരാജാവായ ഇബ്നു ഉഖൈശിന്റെ പേരില്‍ ഉഖൈശിയ്യ എന്നാണ് ഇപ്പോള്‍ ഈ സ്ഥലം അറിയപ്പെടുന്നത്.
ഹറം പ്രദേശവും മസ്ജിദുല്‍ ഹറാമും ഒന്നല്ല. അതിര്‍ത്തി നിശ്ചയിക്കപ്പെട്ട പ്രവിശാലമായ ഭാഗമാണ് ഹറം. കഅ്ബക്ക് ചുറ്റുമുള്ള പള്ളിയാണ് മസ്ജിദുല്‍ ഹറാം. തീര്‍ഥാടനം അനുവദിക്കപ്പെട്ട പ്രഥമ പള്ളിയാണിത്. ഇതില്‍ നമസ്കരിക്കുന്നതിനാണ് ഒരു ലക്ഷം ഇരട്ടി പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടത്. ഈ പുണ്യം ഹറമിന്റെ മറ്റു ഭാഗങ്ങള്‍ക്ക് ബാധകമല്ല.